ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ആതുര സേവന രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബ്ള്‍ സെന്റര്‍ സേവന പാതയില്‍ 16 വര്‍ഷം പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചികിത്സക്കായി എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2001ലാണ് സി.എച്ച് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. മാരക രോഗങ്ങളുമായി വിദൂര ദിക്കുകളില്‍ നിന്നും ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി മരുന്ന്, ഭക്ഷണം, ചികിത്സാ സഹായങ്ങള്‍, വളണ്ടിയര്‍മാരുടെ സേവനം എന്നിവ നല്‍കിയാണ് പ്രാഥമിക ഘട്ടത്തില്‍ സി.എച്ച് സെന്റര്‍ ശ്രദ്ധേയമായത്.

chcentrepressmeet1

ആംബുലന്‍സ് സര്‍വീസ്, രക്തദാനം, മൃതദേഹ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടി സി.എച്ച് സെന്റര്‍ ഏറ്റെടുത്ത് നടത്തിയതോടെ സെന്റര്‍ സാധാരണക്കാരന്റെ ആശ്രയമായി. രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്വന്തമായി ലബോറട്ടറിയും സൗജന്യ മെഡിക്കല്‍ സ്റ്റോറും നീതി മെഡിക്കല്‍ ഷോപ്പും ആരംഭിച്ച് പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തി. കിഡ്‌നി രോഗികളെ സഹായിക്കാനായി 2010ല്‍ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു.

17 മെഷീനുകളില്‍ മൂന്ന് ഷിഫ്റ്റുകളായി സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യ ഡയാലിസിസ് ഇവിടെ നടത്തി വരികയാണ്. വര്‍ഷത്തില്‍ ഒരു കോടി ഇരുപത്തഞ്ച് ലക്ഷം രൂപ ഡയാലിസിസിനായി സി.എച്ച് സെന്റര്‍ ചെലവഴിക്കുന്നുണ്ട്. സി.ടി സ്‌കാന്‍, കളര്‍ ഡോപ്‌ളര്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നീ സൗകര്യങ്ങളും സി.എച്ച് ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. നിര്‍ധന രോഗികള്‍ക്ക് തികച്ചും സൗജന്യമായും മറ്റുള്ളവര്‍ക്ക് ആശ്വാസ നിരക്കിലും സേവനങ്ങള്‍ ലഭ്യമാക്കുന്നു. രോഗികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് സി.എച്ച് സെന്റര്‍ പ്രൊജക്ടുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ആതുര സേവന രംഗത്തെ കഴിഞ്ഞകാല അനുഭവങ്ങള്‍ ഊര്‍ജമാക്കിയാണ് ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എസ്ടിഐഎംഎസ്) എന്ന പേരില്‍ സൂപര്‍ സ്പഷ്യാലിറ്റി ചാരിറ്റി ആശുപത്രി എന്ന പുതിയ പദ്ധതിക്ക് സി.എച്ച് സെന്റര്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ദേശീയ പാതയോട് ചേര്‍ന്ന് 27 ഏക്കര്‍ ഭൂമി ഈ പദ്ധതിക്കായി കണ്ടത്തുകയും അത് രജിസ്റ്റര്‍ ചെയ്യാനുളള നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയുമാണ്.

ആതുര മേഖല പൂര്‍ണമായും വാണിജ്യവത്കരിക്കപ്പെടുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുകയാണ് സി.എച്ച് സെന്റെര്‍ ഹോസ്പിറ്റല്‍ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. 300 ബെഡുകളുള്ള ആശുപത്രിയില്‍ രോഗികളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വ്യത്യസ്ത സ്‌ളാബുകളായി തിരിച്ചായിരിക്കും ആധുനിക ചികിത്സ ലഭ്യമാക്കുന്നത്. ആരോഗ്യ രംഗത്ത് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജീവിത ശൈലീ രോഗങ്ങള്‍, കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയവ നേരത്തെ കണ്ടത്തി പ്രതിരോധിക്കാനാവശ്യമായ പദ്ധതികളും എസ്ടിഐഎംഎസിന്റെ ലക്ഷ്യമാണ്.

മുതിര്‍ന്ന പൗരന്‍മാരും അവരുടെ ആരോഗ്യ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനും പദ്ധതികള്‍ ആവിഷ്‌കരിക്കരിക്കുന്നുണ്ട്. ഗള്‍ഫ് മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനുള്ള പ്രത്യേക പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. എസ്ടിഐഎംഎസ് പദ്ധതിയുടെ പ്രചാരണാര്‍ത്ഥം യുഎഇയില്‍ എത്തിയ മാനേജിംഗ് ഡയറക്ടര്‍ എം.എ റസാഖ് മാസ്റ്റര്‍, പ്രൊജക്ട് അഡൈ്വസര്‍ ഡോ. ടി.പി അഷ്‌റഫ്, വൈസ് ചെയര്‍മാന്‍ എ.പി അബ്ദുസ്സമദ് സാബീല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹിം എളേറ്റില്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ എം.വി സിദ്ദീഖ് മാസ്റ്റര്‍, പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍ ബപ്പന്‍കുട്ടി നടുവണ്ണൂര്‍, ദുബൈ കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സി.എച്ച് സെന്റര്‍ ദുബൈ കമ്മിറ്റി ജന.സെക്രട്ടറി പി.കെ ജമാല്‍, ട്രഷറര്‍ കെ.പി മുഹമ്മദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മൊയ്തു അരൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
Shihab Thangal Institute of medical science super speciality charity hospitals Started
Please Wait while comments are loading...