പ്രൊഫസർ ജോലി ഉപേക്ഷിച്ച് പച്ചക്കറി വിൽപനയുമായി പിഎച്ച്ഡിക്കാരൻ; കാരണം വെളിപ്പെടുത്തിയത് ഇങ്ങനെ...
നാല് ബിരുദാനന്തര ബിരുദവും, പിഎച്ച്ഡിയും കൈമുതലായുള്ള ഒരാൾ ഇപ്പോൾ പഞ്ചാബിലെ തെരുവുകളിൽ പച്ചക്കറി വിറ്റുനടക്കുകയാണ് എന്ന് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ വിശ്വസിക്കണമെന്നില്ല. പട്യാലയിലെ പഞ്ചാബി യൂണിവേഴ്‌സിറ്റിയിൽ താൽകാലിക പ്രൊഫസറായിരുന്ന ഡോ. സന്ദീപ് സിംഗിന്റെ ജീവിതം ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത് അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളുടെ അകമ്പടിയോടെയാണ്.
നിർഭാഗ്യകരമായ ചില സാഹചര്യങ്ങൾ കാരണമാണ് അദ്ദേഹത്തിന് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. 39 കാരനായ സന്ദീപ് പഞ്ചാബി സർവകലാശാലയിലെ നിയമ വിഭാഗത്തിൽ 11 വർഷത്തോളം കരാർ പ്രൊഫസറായി ജോലി ചെയ്‌തിരുന്നു. നിയമത്തിൽ പിഎച്ച്‌ഡി നേടിയ സന്ദീപിന് പഞ്ചാബി, ജേണലിസം, പൊളിറ്റിക്കൽ സയൻസ് എന്നിവയുൾപ്പെടെ നാല് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുമുണ്ട്.

ഇതിലെ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ഇപ്പോൾ പച്ചക്കറി വിൽക്കുന്ന പ്രൊഫസർ ഇപ്പോഴും തന്റെ പഠനം തുടരുന്നു എന്നതാണ്. ജോലി സ്ഥലത്തെ അസമത്വം തന്നെയാണ് സന്ദീപ് എന്ന യുവാവിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് തള്ളിവിട്ടത്. ശമ്പളം വെട്ടിക്കുറയ്ക്കൽ, ക്രമരഹിതമായ ശമ്പളം തുടങ്ങിയ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ് പ്രൊഫസർ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായത്.
'11 വർഷത്തോളം ഞാൻ പട്യാലയിലെ പഞ്ചാബി യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി ജോലി ചെയ്‌തിരുന്നു, എന്നാൽ ഇത്രയും വർഷത്തെ കഠിനാധ്വാനം കണക്കിലെടുത്ത് പോലും സർക്കാർ എന്നെ അംഗീകരിച്ചില്ല" സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. തനിക്ക് ഇപ്പോഴും പ്രൊഫസറായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും, പക്ഷേ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതകാലം മുഴുവൻ താൻ പഠനം തുടരുമെന്നാണ് സന്ദീപ് സിംഗ് പറയുന്നത്.
പ്രൊഫസറായി ജോലി നോക്കുന്ന സമയത്ത് കിട്ടിയതിനേക്കാൾ കൂടുതൽ പണം പച്ചക്കറി വിൽപ്പനയിലൂടെ സമ്പാദിക്കുന്നുണ്ടെന്ന് സന്ദീപ് സിംഗ് വെളിപ്പെടുത്തി. 'പിഎച്ച്ഡി സബ്‌സി വാല' എന്നെഴുതിയ സൈക്കിളിലാണ് സന്ദീപിന്റെ പച്ചക്കറി വിൽപന. പകൽ മുഴുവൻ ജോലി ചെയ്‌ത ശേഷം വൈകീട്ട് വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹം പഠനം തുടരുന്നത്.












Click it and Unblock the Notifications