
ആദ്യം മുട്ടന്‍ വഴക്ക് ...പിന്നെ ഒരൊറ്റ മട്ടന്‍ കറി; 55കാരനോട് 22കാരിക്ക് കടുത്ത പ്രണയം...വിവാഹം
പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും പ്രണയം തോന്നാം പ്രായം പോലും ആ പ്രണയത്തെ തടയില്ല. അങ്ങനെ ഒരു പ്രണയ കഥയാണ് ഇനി പറയാൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ ഈ പ്രണയകഥ. കഥാനായകന്റെ പേര് റഫീഖ് നായിക ആലിയ.
ഇരുവരുടേയും വിവാഹം കഴിഞ്ഞു. പാകിസ്ഥാനിൽനിന്നുള്ള ദമ്പതികളാണ് ആലിയയും റഫീഖും. ആലിയക്ക് 22 വയസാണ്. റഫീഖിന് 55വയസ്. റഫീഖ് എങ്ങനെയാണ് ആലിയയുടെ ഹൃദയം കീഴടക്കിയതെന്നോ ഒരു മട്ടൻ കറിവെച്ച്. ആ മട്ടൻ കറിയിലൂടെയാണ് ആ പ്രണയം തുടങ്ങിയത്.

ഇവർ ആദ്യമായി കണ്ടത് ഒരു റിക്ഷയിലായിരുന്നു. ആദ്യമായിട്ടാണ് രണ്ടുപേരും കാണുന്നത്. ഒട്ടും പരിചയമില്ല, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോടെ ആലിയ റഫീഖിനെ തല്ലുകയും ചെയ്തു. എന്നാൽ ആ തല്ലുകൊണ്ടൊന്നും അവരുടെ ബന്ധം അവിടെ തീർന്നില്ല. ഇതിനൊക്കെ ശേഷമാണ് റഫീഖ് നായികയ്ക്ക് മട്ടൻ കറി വെച്ച് നൽകിയത്. ഇതോടെയാണ് ആ കഥ പ്രണയ കഥയായി മാറുന്നത്. ആ പ്രണയം പിന്നീട് വിവാഹത്തിലുമെത്തി..

ആലിയയുടെയും റഫീഖിന്റെയും പ്രണയകഥ പാക്കിസ്ഥാനി യൂട്യൂബർ സയ്യിദ് ബാസിത് അലിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റിക്ഷയിൽ വച്ചാണ് ആലിയയെ പരിചയപ്പെട്ടതെന്ന് റഫീഖ് പറഞ്ഞു. ആ കഥയിൽ റഫീഖ് വില്ലനായിരുന്നു. ഇവർ തമ്മിൽ വഴക്കുണ്ടായി ആലിയ റഫീഖിനൊരു തല്ലും കൊടുത്തു. ആലിയ റിക്ഷയിൽ നിന്ന് ഇറങ്ങിയതിന് ശേഷം റഫീഖ് ആലിയെ പിന്തുടർന്നു. ആലിയയുടെ വീട് കണ്ടുപിടിച്ചു. ഒരുപാട് തവണ അവിടെ പോയി. പക്ഷേ ആലിയയ്ക്ക് അയാളോട് ഇഷ്ടം തോന്നിയില്ല.

അങ്ങനെ ഒരിക്കൽ റഫീഖ് തന്റെ ഇഷ്ടങ്ങളെക്കുറിച്ച് ആലിയയോട് സംസാരിച്ചു. താൻ നന്നായി ഭക്ഷണം പാചകം ചെയ്യുമെന്ന് പറഞ്ഞു. അങ്ങനെ റഫീഖിന് ആലിയയുടെ വീട്ടിൽ ജോലി ലഭിച്ചു. ആലിയ പറഞ്ഞത് കൊണ്ട് റഫീഖ് ആദ്യ ദിവസം തന്നെ ഒരു സ്പെഷ്യൽ മട്ടൺ കറി ഉണ്ടാക്കി. ആ മട്ടൻ കറിയാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവ് ആകുന്നത്.

റഫീഖിന്റെ മട്ടൺ കറി ആലിയയ്ക്ക് ഇഷ്ടമായി. മട്ടൺ കറിയോട് തോന്നിയ ആ ഇഷ്ടം പിന്നീട് അവർക്ക് റഫീഖിനോട് തോന്നി... ഇങ്ങനൊരു മട്ടൺ കറി റഫീഖിനല്ലാതെ വേറൊരാൾക്കും വെയ്ക്കാനാവില്ലെന്നാണ് ആലിയ പറഞ്ഞത്. പ്രണയം മട്ടൺ കറിയിലൂടെ പൂത്തുലഞ്ഞ്..പിന്നീട് അവർ ഒന്നിക്കാൻ തീരുമാനിച്ചു.. റഫീഖ് വീട്ടുജോലികൾ നോക്കുകയും , ആലിയ ഓൺലൈൻ ബിസിനസ്സ് ചെയ്യുകയുമാണ്. ഇപ്പോൾ അവർ സന്തോഷത്തിൽ ജീവിക്കുന്നു