അധ്യാപകനില്‍ നിന്നും ലോകം അറിയുന്ന കോടീശ്വരനിലേക്ക്; അത്ഭുതപ്പെടുത്തും ജാക്ക് മായുടെ വളര്‍ച്ച
ആഗോളതലത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായ ആലിബാബ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ ജാക്ക് മായെ കുറിച്ച് അറിയാത്തവരില്ല. ലോക പ്രശസ്തനായ ജാക്ക് മായെ കുറിച്ചുള്ള വാര്‍ത്തകളും പല മാധ്യമങ്ങളിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ന് ഇക്കാണുന്ന നിലയിലേക്ക് ജാക്ക് മാ വളര്‍ന്നത് അത്ര എളുപ്പമായിരുന്നില്ല, ഈ വിജയത്തിന് കഠിനമായ യാത്രകളുടെ കഥയുണ്ട്.
1964 സെപ്റ്റംബറില്‍ ചൈനയിലെ ഹാങ്ഷൂവിലാണ് മാ ജനിച്ചത്. കോളേജ് പ്രൊഫസറില്‍ നിന്ന് ബിസിനസ് ലോകത്തേക്ക് കാലെടുത്ത് വച്ച വ്യക്തിയാണ് മാ. ഹാങ്സോ ടീച്ചേഴ്സ് കോളേജില്‍ ചേരുന്നതിന് മുമ്പ് കോളേജ് പ്രവേശന പരീക്ഷയില്‍ രണ്ട് തവണ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മായ്ക്കുള്ള നിശ്ചയദാര്‍ഢ്യമാണ് പിന്നീടുള്ള യാത്രയ്ക്ക് തുണയായത്.

ചെറുപ്പത്തില്‍ തന്നെ ഇംഗ്ലീഷ് പഠിക്കാന്‍ മാ ശ്രമിച്ചിരുന്നു. കൂടാതെ യു എസില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികളെ സൗജന്യമായി ഗൈഡ് ചെയ്തിരുന്നു. വോയിസ് ഓഫ് അമേരിക്ക ബ്രോഡ്കാസ്റ്റുകള്‍ കേട്ടാണ് മാ തന്റെ ഇംഗ്ലീഷ് പഠിച്ചത്. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം അവസരങ്ങളുടെ വാതിലുകള്‍ തുറക്കാന്‍ കാരണമായി. ആദ്യമായി കമ്പ്യൂട്ടര്‍ കണ്ടതോടെ മായ്ക്ക് അതിനോടുള്ള താല്‍പര്യം വര്‍ദ്ധിച്ചു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങല്‍ പഠിക്കാന്‍ തുടങ്ങി.
1999ല്‍ ജാക്ക് മാ ആലിബാബ ഡോട്ട് കോമിന് തുടക്കമിട്ടു. 18 സഹസ്ഥാപകരുമായി 60000 ഡോളര്‍ നിക്ഷേപവുമായാണ് കമ്പനി ആരംഭിച്ചത്. ഈ പ്ലാറ്റ് ഫോം പിന്നീട് ജനപ്രീതി നേടി. 2002 ആകുമ്പോഴേക്കും ഒരു ദശലക്ഷം ഉപയോക്താക്കളില്‍ എത്തി. ഈ വിജയത്തിന് പിന്നാലെ റീട്ടെയില്‍ സൈറ്റായ Taobao.com, ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ Alipay തുടങ്ങിയവ ആരംഭിച്ച് മാ തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തി.
ആലിബാബയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്, മാ ഒരു സെര്‍ച്ച് എഞ്ചിന്‍ പങ്കാളിത്തം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനായി അദ്ദേഹം ബന്ധപ്പെട്ടത് യാഹൂവിന്റെ സഹസ്ഥാപകനായ ജെറി യാങ്ങിനെയായിരുന്നു. 2005ല്‍, ആലിബാബ ഗ്രൂപ്പിന്റെ 40 ശതമാനം ഓഹരികള്‍ 1 ബില്യണ്‍ ഡോളറിന് യാഹൂ വാങ്ങി. എന്നാല്‍ ഗൂഗിള്‍ പോലുള്ള എതിരാളികളില്‍ നിന്ന് യാഹൂ കനത്ത വെല്ലുവിളികള്‍ നേരിട്ടു. ഇതോടെ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പിന്നീട് യാഹൂവില്‍ നിന്ന് ഓഹരി തിരികെ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല.
ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കായി ഒരു ഓപ്പറേറ്റിംഗ് ലൈസന്‍സ് നേടുന്നതിനായി 2011-ല്‍ മാ തന്റെ നിയന്ത്രണത്തിലുള്ള ഒരു പ്രത്യേക കമ്പനിയിലേക്ക് അലിപേയെ മാറ്റി. എന്നാല്‍ ഈ സമയത്ത് വലിയ പ്രതിസന്ധി മാ നേരിട്ടു. ഈ നീക്കം യാഹുവിനെ ചൊടിച്ചിച്ചു. തങ്ങളുടെ നിക്ഷേപത്തെ ഇത് ബാധിച്ചെന്നാണ് യാഹു അറിയിച്ചത്. പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ മാ 7.1 ബില്യണ്‍ ഡോളറിന് ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനിച്ചു.
2014ല്‍ ആലിബാബയുടെ ഐ പി ഒ ലോകത്തെ ഏറ്റവും വലുതായി മാറി. വിജയം തുടരുമ്പോഴും 2013ല്‍ ആലിബാബയുടെ സി ഇ ഒ സ്ഥാനവും 2019ല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങി. ഇതിനിടെ ബിസനസിനൊപ്പം തന്നെ തന്റെ അധ്യാപന ജീവിതത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.












Click it and Unblock the Notifications