വീട്ടുജോലിക്കാരി ഇനി ലക്ഷാധിപതി: ഒരു കോടിയുടെ ലോട്ടറിയടിച്ചു, പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക്
ലോട്ടറി എടുക്കുന്ന ഒരാളെ സംബന്ധിച്ച് വിജയ സാധ്യത വളരെ കുറവാണെങ്കിലും സ്ഥിരമായി ലോട്ടറി എടുക്കുന്നവരാണ് നമ്മള്‍പ്പെട്ട പലരും. ഒന്നാം സമ്മാനം തന്നെ വേണമെന്നില്ല അവസാന അഞ്ചക്കത്തിനുള്ള 5000 രൂപ സമ്മാനം ലക്ഷ്യമിട്ടും ലോട്ടറി എടുക്കുന്ന നിരവധിയാളുകളുണ്ട്. മറ്റ് ചിലരാവട്ടെ ബംപർ മാത്രം എടുക്കുന്നവരാണ്. അടിക്കുന്നെങ്കില്‍ വന്‍തുക തന്നെ അടിക്കണമെന്ന സ്വപ്നത്തോടെയാണ് ഇവർ ലോട്ടറി എടുക്കുന്നത്.
ലക്ഷക്കണക്കിന് ആളുകള്‍ ലോട്ടറി എടുക്കുമ്പോള്‍ സമ്മാനം അടിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. എങ്കിലും നാലഞ്ച് പേരുടെ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ഒരു ലോട്ടറിക്കും സാധിക്കും. അത്തരമൊരു വിജയ കഥയാണ് ബംഗാളില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്.

പശ്ചിമ ബംഗാളിലെ അസൻസോൾ സ്വദേശിയായ പുതുൽ ഹരി എന്ന സ്ത്രീ ഒരു വീട്ടുജോലിക്കാരിയാണ്. ഒരു സാധാരണക്കാരി നേരിടുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രയാസങ്ങളുമുള്ള വ്യക്തിയായിരുന്നു പുതുല്‍ ഹരി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഠിനമായ പ്രയത്നവും അവർ നടത്തിവരുന്നു. ഇതിനിടയിലാണ് ഭാഗ്യദേവതയുടെ രൂപത്തില്‍ ഒരു ലോട്ടറി അവരെ തേടിയെത്തിയിരിക്കുന്നത്.

കൂലിപ്പണിക്കാരനാണ് പുതുലിന്റെ ഭർത്താവ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാമ്പാദ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് പുതുലും സമീപത്തെ വീടുകളില്‍ വീട്ടുജോലിക്ക് പോവാന്‍ ആരംഭിച്ചത്. രോഗിയായ മകന്റെ ചികിത്സയ്ക്കായി വലിയൊരു തുക ചിലവഴിക്കേണ്ടി വന്നത് കുടുംബത്തിന്റെ നട്ടൊല്ലൊടിച്ചു. ഇപ്പോഴും മകന് ചികിത്സ തുടരുകയാണ്.

ഇതിനിടയിലാണ് മകളുടെ വിവാഹവും വരുന്നത്. സാമ്പത്തികപരമായി ഏറെ പ്രയാസപ്പെട്ട ഈ സമയത്ത് അയല്‍വാസികളുടേയും ബന്ധുക്കളുടേയും അടുത്ത് നിന്ന് പണം കടം വാങ്ങിച്ചിട്ടായിരുന്നു ചിലവുകള്‍ നടത്തിയത്. ഈ കടം വീട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു കുടുംബം. എന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലോട്ടറി അടിച്ചതോടെ ഒറ്റ രാത്രികൊണ്ടാണ് പുതുല്‍ ഹാരിയുടേയും കുടുംബത്തിന്റേയും ജീവിതം ആകെ മാറി മറഞ്ഞിരിക്കുകയാണ്.

ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് പുതുലിന് ലഭിച്ചിരിക്കുന്നത്. ചെറിയ തുകകള്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഇത്രയും വലിയ തുക ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് പുതുല്‍ പറയുന്നത്. ലോട്ടറിയിലൂടെ ലഭിച്ച പണം കൊണ്ട് ഒരു വീട് പണിയാനും കടം വീട്ടാനും ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

പ്രേം നഗർ സ്വദേശിയായ പുതുൽ ഞായറാഴ്ച രാത്രി 30 രൂപയ്ക്കാണ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനം നേടിയ ശേഷം അവർ ഭയവും പരിഭ്രാന്തിയും മൂലം സുരക്ഷ ആവശ്യപ്പെട്ട് അസൻസോളിലെ സെൻ റാലി റോഡിൽ പോലീസിനെ സമീപിക്കുകയായിരുന്നു. ലോട്ടറി അടിച്ച വിവരം നാട്ടുകാരൊക്കെ അറിഞ്ഞതോടെ മറ്റാരെങ്കിലും ഈ തുക കൊണ്ടുപോകുമോയെന്നായിരുന്നു പുതുലിന്റേയും കുടുംബത്തിന്റേയും ആശങ്ക. അതുകൊണ്ടായിരുന്നു പൊലീസിന്റെ സഹായം തേടിയത്.

"കടം വീട്ടുന്നതിലൂടെ കുറച്ചു സമാധാനം കിട്ടിയേക്കാം. എനിക്ക് മാന്യമായ ഒരു വീട് പണിയാൻ കഴിയും. എന്റെ മകന് മികച്ച ചികിത്സ നൽകുക എന്നതാണ് എന്റെ ഏറ്റഴും വലിയ ആഗ്രഹം, "അവർ പറഞ്ഞു. ഇനി മുതൽ എല്ലാ ദിവസവും കുടുംബം പുലർത്തുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്ന് കണ്ണീരോടെ പുതുല്‍ പറഞ്ഞു. എന്നാൽ, കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടും വീടു ജോലി ഉപേക്ഷിക്കാൻ പുതുൽ തയ്യാറായില്ല. ഞാന്‍ ജോലിക്ക് വരുമെന്ന് പ്രതീക്ഷിച്ച് നില്‍ക്കുന്ന നിരവധി ആളുകളുണ്ട്. അവരെ നിരാശനാക്കാന്‍ കഴിയില്ലെന്നാണ് പുതുലിന്റെ വാദം.












Click it and Unblock the Notifications