'ടോമിയും ജെല്ലിയും ഇനി ഒരുമിച്ച് ജീവിക്കും'; നാടിനെ ഞെട്ടിച്ച് നായ കല്യാണം, ഡാന്‍സും ആഘോഷവും
ഇന്ത്യയിലെ പല വളര്‍ത്തുമൃഗ ഉടമകളും തങ്ങളുടെ നായ്ക്കളെ വിവാഹം കഴിക്കുന്ന വിചിത്രമായ പ്രവണത ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ അടക്കം ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. വലിയ ആഘോഷത്തോടെയാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്. ഇപ്പോഴിതാ വീണ്ടും അത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് നാടിനെ തന്നെ ഞെട്ടിച്ചൊരു നായ കല്യാണം നടന്നിരിക്കുന്നത്. ഇന്ത്യന്‍ വിവാഹത്തിന്റെ എല്ലാ ആചാരങ്ങളും ഈ കല്യാണത്തില്‍ ഉണ്ടായിരുന്നു.

സുഖ്രാവലി മുന്‍ ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളര്‍ത്തുനായയാണ് ടോമി. അത്ത്രൗളിയിലെ തിക്രി റായ്പൂരില്‍ താമസിക്കുന്ന ഡോ. രാംപ്രകാശ് സിങ്ങിന്റെതാണ് ജെല്ലി എന്ന പട്ടി. ഈ വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള വിവാഹമാണ് വലിയ ആഘോഷത്തോടെ നടന്നത്. പാട്ടും ഡാന്‍സും മേളവുമൊക്കെയായാണ് ആഘോഷം നടന്നത്.

മകരസംക്രാന്തി ദിനത്തില്‍ ശുഭകരമായ മുഹൂര്‍ത്തം നോക്കിയാണ് രണ്ട് നായ്ക്കളെയും വീട്ടുകാര്‍ വിവാഹതിരാക്കിയത്. പരമ്പരാഗത ഇന്ത്യന്‍ വിവാഹത്തിലെ എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇരു നായ്ക്കളുടെയും വിവാഹം ഇവര്‍ നടത്തിയത്. നായ്ക്കളെ കൊണ്ട് പരസ്പരം മാല ചാര്‍ത്തിക്കുകയും ഡാന്‍സും മേളവുമൊക്കെ വിവാഹത്തിനുണ്ടായിരുന്നു.

ഇതുകൂടാതെ ഇവരുടെ വീടിന് സമീപത്തെ എല്ലാ നായ്ക്കള്‍ക്കും വിവാഹം പ്രമാണിച്ച് നെയ് ചേര്‍ത്ത ഭക്ഷണം വിതരണവും ചെയ്തു. ടോമിയുടെ ഉടമസ്ഥനായ ദിനേശ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിവാഹത്തിന് വേണ്ടി കുടുംബം ഏകദേശം ചെലവാക്കിയത് 45000ഓളം രൂപയാണ്.

ഇതാദ്യമായല്ല ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്, ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇങ്ങനെയുള്ള വിവാഹം സര്‍വ്വ സാധാരണമാണ്. ഗുരുഗ്രാമില്‍ കഴിഞ്ഞ വര്‍ഷം ഇത്തരം വിവാഹം നടന്നിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് ആഘോഷമാക്കിയാണ് ഈ വിവാഹം നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഗുരുഗ്രാമില്‍ ഈ വിവാഹം നടന്നത്.

ഗുരുഗ്രാം സ്വദേശികളായ സവിതയും ഭര്‍ത്താവുമാണ് തങ്ങളുട് പ്രിയപ്പെട്ട വളര്‍ത്തുനായയായ സ്വീറ്റിയെ വിവാഹം കഴിപ്പിച്ചത്. അയല്‍പ്പക്കെ നായയായ ഷേരുവുമായിട്ടാണ് സ്വീറ്റിയെ വിവാഹം കഴിപ്പിച്ചത്. ഇന്ത്യന്‍ വിവാഹങ്ങളുടെ ആചാരങ്ങള്‍ പാലിച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. വിവാഹത്തിന് മുമ്പായി ഹാല്‍ദി ചടങ്ങ് വരെ ദമ്പതികള്‍ സംഘടിപ്പിച്ചിരുന്നു.

വിവാഹത്തില്‍ നൂറോളം പേരാണ് പങ്കെടുത്തത്. സവിതയും ഭര്‍ത്താവും വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിന് വേണ്ടി ക്ഷണക്കത്ത് വരെ അച്ചടിച്ചിരുന്നു. വടക്കേ ഇന്ത്യയില്‍ കണ്ടുവരുന്ന എല്ലാ ചടങ്ങുകളും വിവാഹത്തില്‍ പാലിച്ചിരുന്നു. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications