അണിഞ്ഞൊരുങ്ങി വധുവെത്തി, താലികെട്ടാന്‍ നില്‍ക്കെ വരനെ തടഞ്ഞു, വിവാഹം റദ്ദാക്കി, കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: വിവാഹം ജീവിതത്തില്‍ നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. അത് മുടങ്ങി പോകുന്നത് നമുക്ക് ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്. എന്നാല്‍ ഒരു യുവതി താലികെട്ടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാഹത്തില്‍ നിന്ന് പിന്മാറിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്തിനാണ് ഇവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന കാര്യവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹം റദ്ദാക്കിയത്. അതിഥികള്‍ അടക്കം വിവാഹത്തിനായി എത്തിയെങ്കിലും, അതൊന്നും കണക്കാക്കാതെ, ഇത് തനിക്ക് പറ്റിയ ബന്ധമല്ലെന്ന് യുവതി തീരുമാനിക്കുകയായിരുന്നു. യുപിയിലെ ഹാര്‍ദോയ് ജില്ലയില്‍ വെച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായി നിരവധി ആളുകളെയും വരന്റെയും വധുവിന്റെയും കുടുംബം ക്ഷണിച്ചിരുന്നു.

വരന്റെ ഭാഗത്ത് വലിയ പ്രശ്‌നങ്ങള്‍ സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മദ്യപിച്ചാണ് വരന്‍ വിവാഹ വേദിയിലെത്തിയത്. തുടര്‍ന്ന് പലരോടും മോശമായ പെരുമാറ്റമാണ് വരനില്‍ നിന്നുണ്ടായത്. യുവതിയുടെ കുടുംബാംഗങ്ങളെ പോലും വരന്‍ അധിക്ഷേപിച്ചു. വധുവിന് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ വരനെ തനിക്ക് ആവശ്യമില്ലെന്നും, വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നും അറിയിച്ച് യുവതി മടങ്ങിപ്പോവുകയായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായൊരു തീരുമാനമായിരുന്നു അത്.
വരന്റെ സംഘം വിവാഹ വേദിയില്‍ എത്തിയത് മുതല്‍ പ്രശ്‌നങ്ങളായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വരനൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളില്‍ ചിലരും, നല്ല രീതിയില്‍ മദ്യപിച്ചിരുന്നു. വരന്റെ പിതാവ് വിവാഹ ചടങ്ങുകള്‍ക്കായി വന്നിരുന്നില്ല. ഇയാളെ പ്രതീക്ഷിച്ച വധുവിന്റെ വീട്ടുകാരെ അതൃപ്തരാക്കിയ കാര്യങ്ങളിലൊന്നായിരുന്നു ഇത്.
എന്നാല്‍ വധുവിന്റെ വീട്ടുകാരുടെ അതൃപ്തി മദ്യപിച്ചെത്തിയ വരനെ ചൊടിപ്പിക്കുകയായിരുന്നു. തന്നോടുള്ള പെരുമാറ്റം ശരിയായില്ലെന്ന് വരന്‍ പരാതിപ്പെട്ടു. വധുവിന്റെ പിതാവിനോട് അടക്കം ഇയാള്‍ തന്റെ രോഷം അറിയിക്കുകയായിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തില്‍ വധുവിന്റെ ബന്ധുക്കളെ ഇയാള്‍ അപമാനിക്കുകയും ചെയ്തു. എല്ലാം മദ്യപിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവിച്ചത്. ചെറിയൊരു കാര്യം അനാവശ്യമായ സംസാരത്തിന്റെ പുറത്ത് വലിയ പ്രശ്‌നത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
വധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണ് വരന്‍ ചെയ്തതെന്നാണ് അതിഥികള്‍ പറയുന്നത്. ഈ വിവാഹം കഴിഞ്ഞ ശേഷം എല്ലാവരെയും താന്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു വരന്റെ ഭീഷണി. യുവാവിന്റെ പെരുമാറ്റത്തില്‍ വധു ഭയന്ന് പോയി. തന്റെ പിതാവ് അടക്കമുള്ളവരോട് വരന്‍ പെരുമാറിയ രീതി വധുവിന് ക്ഷമിക്കാവുന്നതിലും അപ്പുറമായിരുന്നു.
താലികെട്ടുന്നതിന് മുമ്പ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. വരന്‍ മയക്കുമരുന്ന് അടിമയാണെന്ന് ഇതിനിടെ വധു തിരിച്ചറിയുകയും ചെയ്തു. വധുവിന്റെ തീരുമാനത്തോടെ വലിയ പ്രശ്‌നങ്ങളാണ് വിവാഹ വേദിയിലുണ്ടായത്. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. യുവതിയെ വരന്റെ വീട്ടുകാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, തീരുമാനത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications