പാട്ടുകച്ചേരിക്കിടെ 'നോട്ടുമഴ'; അമ്പരന്ന് സോഷ്യല്‍ മീഡിയ, ഗുജറാത്തില്‍ സംഭവിച്ചത്

കൗതുകമുണര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പതിവാണ്. അത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഗുജറാത്തി നാടോടി ഗായകന്‍ കീര്‍ത്തിധന്‍ ഗാദ്വിയുടെ പരിപാടിക്കിടെ നോട്ടുകെട്ടുകള്‍ എറിയുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ശനിയാഴ്ച രാത്രി വല്‍സാദ് അഗ്‌നിവീര്‍ ഗൗ സേവാദള്‍ സംഘടിപ്പിച്ച പ്രത്യേക ഭജന പരിപാടിക്കിടെയാണ് എല്ലാവരെയും ഞെട്ടിച്ച സംഭവം നടന്നത്.

ഗായകന്റെ മേല്‍ നോട്ടുകെട്ടുകള്‍
വാര്‍ത്താ ഏജന്‍സിയായി എ എന്‍ ഐയാണ് വീഡിയോ പങ്കുവച്ചത്. 10, 20, 50 എന്നീ രൂപയുടെ നോട്ടുകെട്ടുകളാണ് സദസിലേക്ക് പാറിപ്പറന്ന് വന്നത്. ജനങ്ങള്‍ ഗായകന്റെ മേല്‍ നോട്ടുകെട്ടുകള്‍ നിറയ്ക്കുന്ന എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഗീതജ്ഞര്‍ക്കൊപ്പം വേദിയില്‍ പാട്ടു പാടുകയാണ് ഗായകന്‍.

സോഷ്യല്‍ മീഡിയയിൽ വൈറലാണ്.
പാട്ട് ഇഷ്ടപ്പെട്ട് സദസിലുള്ളവര്‍ നോട്ട് കെട്ടുകള്‍ ദേഹത്ത് എറിയുകയാണ്. സ്റ്റേജ് മുഴുവന്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗുജറാത്തില്‍ ഇത്തരം കാഴ്ചകള്‍ സര്‍വ്വ സാധാരണമാണ്. കീര്‍ത്തിധന്റെ ഒരുപാട് പരിപാടിക്കിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ വീഡിയോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

സാമൂഹിക ആവശ്യത്തിനായി
അതേസമയം, ഇങ്ങനെ ശേഖരിക്കുന്ന തുക സാമൂഹിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ പരിപാടി അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായ പശുക്കളെ സേവിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സംഘടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ ലഭിക്കുന്ന എല്ലാ പണവും ചാരിറ്റിക്ക് പോകുന്നു എന്നാണ് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

50 ലക്ഷം രൂപയുടെ നോട്ടുകള്‍
ഇങ്ങനെയുള്ള പരിപാടികളില്‍ ആളുകള്‍ ലക്ഷക്കണക്കിന് രൂപ ചൊരിയുന്നത് ഇതാദ്യമല്ല. 2022 ഡിസംബറില്‍ ഗുജറാത്തിലെ നവസാരി ഗ്രാമത്തില്‍ നടന്ന ഒരു ഭജന പരിപാടിയില്‍ 50 ലക്ഷം രൂപയുടെ നോട്ടുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്വാമി വിവേകാനന്ദ ഐ ടെംപിള്‍ ട്രസ്റ്റ് പുതിയ കണ്ണാശുപത്രിക്ക് പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

2017ലും 2018ലും സംഭവിച്ചത്
10 മുതല്‍ 500 രൂപ വരെയുള്ള നോട്ടുകളാണ് സദസ്യര്‍ ഗായകര്‍ക്ക് മേല്‍ അന്ന് ചൊരിഞ്ഞത്. മൊത്തം 50 ലക്ഷം രൂപയിലധികം രൂപാ അന്ന് കിട്ടിയതായി ഗാധ്വി പറയുന്നു. 2017ലും 2018ലും ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications