മരിച്ചെന്ന് ശാസ്ത്രലോകം വിധിയെഴുതി, മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു; യുവാവ് ജീവിതത്തിലേക്ക്
സിനിമകളിലും കഥകളിലുമൊക്കെ മരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ യുവാവ് അടുത്തിടെ തെലങ്കാനയില്‍ നിന്നും വീണ്ടും ജീവിതത്തിലേക്ക് വന്ന വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. സംസ്‌കാര ചടങ്ങിനിടെയാണ് യുവാവ് ജീവിതത്തിലേക്ക് മടങ്ങിയത്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് കരുതിയ മാതാപിതാക്കള്‍ മകന്റെ തിരിച്ചുവരവോടെ ഞെട്ടിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ യു എസിലും അങ്ങനെ ഒരു സമാന സംഭവം നടന്നിരിക്കുകയാണ്. ശാസ്ത്രലോകം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട സാമി ബെര്‍ക്കോ എന്ന ടെക്‌സാസ് സ്വദേശിയായ യുവാവ് മിനിറ്റുകള്‍ക്കുള്ളിലാണ് ജീവന്‍ വീണ്ടെടുത്തത്. ഡോക്ടര്‍മാര്‍ വരെ ഈ അത്ഭുതത്തില്‍ ഞെട്ടിത്തരിച്ചു.

മിസോറി സിറ്റിയിലെ ഒരു ജിമ്മില്‍ റോക്ക് ക്ലൈംബിംഗ് ചെയ്യുന്നതിനിടെയാണ് സാമിക്ക് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുക്കയായിരുന്നു. ജനുവരി ഏഴിനായിരുന്നു സംഭവം. ജിമ്മിലെ ജീവനക്കാരും ആശുപത്രിയിലെ ഡോക്ടര്‍മാരും രണ്ട് മണിക്കൂറോളം സി പി ആര്‍ നടത്തിയിട്ടും സാമിയുടെ കുടുംബത്തിന് അദ്ദേഹം മരിച്ചെന്ന വാര്‍ത്തയാണ് നല്‍കാന്‍ കഴിഞ്ഞത്.
എന്നാല്‍ മരിച്ചെന്ന് വിധിയെഴുതി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സാമിയുടെ ശരീരത്തില്‍ ചലനം കണ്ടുതുടങ്ങിയത്. സാമിയുടെ പിതാവായിരുന്നു ആദ്യം കൈ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം തേടുകയായിരുന്നു. പിന്നാലെ തന്നെ സാമി ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
തങ്ങളുടെ ഇത്രയും വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവത്തിന് സാക്ഷിയാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായാണ് കാണുന്നതെന്നും അവര്‍ പറയുന്നു. സാമിയുടെ മസ്തിഷ്‌കം കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഓക്‌സിജന്‍ ഇല്ലാതെ പോയിരുന്നുവെങ്കിലും, അദ്ദേഹത്തിന് കുറച്ച് നേരത്തെ മെമ്മറി നഷ്ടം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ, സംഭവത്തിനിടയില്‍ ഉണ്ടായ നട്ടെല്ലിന്റെ പരിക്കില്‍ നിന്ന് ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സാമിയുടെ ഈ തിരിച്ചുവരവിനെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതമെന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. 2020ല്‍ തന്റെ ഇളയ സഹോദരന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ കാറ്റകോളമിനേര്‍ജിക് പോളിമോര്‍ഫിക് വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ എന്ന അപൂര്‍വ ജനിതക അവസ്ഥയാണ് തന്റെ ഹൃദയസ്തംഭനത്തിന് കാരണമെന്ന് സാമി പറയുന്നത്.
തന്റെ രണ്ടാം ജീവിതമാണിതെന്നാണ് സാമി പറയുന്നത്. ഇനി തന്റെ ആരോഗ്യം ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ഇത് തന്റെ രണ്ടാം ജന്മമാണെന്നാണ് സാമി സ്വയം പറയുന്നത്. എന്തായാലും സാമിക്ക് ജീവന്‍ തിരിച്ചുകിട്ടിയ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications