ഓണത്തിന് മലയാളികൾ മറന്ന ബാലരാമപുരം കൈത്തറിക്ക് ആശ്വാസം അകലെയോ!
തിരുവനന്തപുരം: ഓണത്തിന് പൊടിപൊടിക്കുന്ന കച്ചവടം നടക്കുന്ന തിരുവനന്തപുരം ബാലരാമപുരത്തെ കൈത്തറി മേഖല പ്രതിസന്ധിയിലായിട്ട് ഒന്നര വർഷം പിന്നിടുന്നു. കൊവിഡ് വ്യാപനവും ലോക്ഡൗണും സൃഷ്ടിച്ച ദുരിതക്കയത്തിൽ നിന്ന് നെയ്ത്ത് തൊഴിലാളികൾ ഇനിയും മോചിതരായിട്ടില്ല. തറിയൊച്ചകൾ നിലക്കുമ്പോഴും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ. എന്നാൽ, നെയ്ത്ത് തൊഴിലാളികളുടെ ദുഃഖം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമായി ഉയർന്നിട്ടുണ്ട്. അടിയന്തരമായി സർക്കാർ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ തൊഴിലാളികൾ നിത്യപട്ടിണിയിലാകും.
സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഓണക്കാലത്തെ പ്രതീക്ഷയോടെ വരവേൽക്കുന്ന മലയാളിക്ക് കൈത്തറി ഉത്പ്പന്നങ്ങൾ നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല. എന്നാൽ, നിറം കെടുത്തിയ കൊവിഡ് മഹാമാരി നെയ്ത്ത് തൊഴിലാളികളുടെ ജീവിതത്തിലും കരിനിഴൽ വീഴ്ത്തി.
തിരുവനന്തപുരത്തെ ബാലരാമപുരം കൈത്തറി തെക്കൻ കേരളത്തിലെന്ന പോലെ സംസ്ഥാനത്തിൻ്റെ മറ്റു ജില്ലകളിലും പ്രശസ്തമാണ്. ഇവിടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാനും മറ്റുപലർക്കും സമ്മാനമായി നൽകാൻ പോലും ഓണം പോലുള്ള ആഘോഷവേളകളിൽ ഇതര ജില്ലകളിലുള്ളവർ മുന്നിട്ടിറങ്ങുന്നത് പതിവ് കാഴ്ചകളാണ്.

തറിയൊച്ചകളിൽ നെയ്യുന്ന മുണ്ടും പുടവയും കൈത്തറി ഉത്പ്പന്നങ്ങളുമടക്കം മറ്റിടങ്ങളിലേക്ക് കയറ്റി അയക്കുന്ന പതിവുമുണ്ട്. എന്നാൽ, കൊവിഡിന് പിന്നാലെ ജീവിതം താളം തെറ്റിയതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർ ദുരിതത്തിലാണ്. ഓണക്കാലമായിട്ട് പോലും ഇവരുടെ മനസ്സിൽ ഒരു സന്തോഷവുമില്ലെന്നതാണ് വാസ്തവം.
അതേ സമയം, മെച്ചപ്പെട്ട വേതനം ലഭിക്കാതെയാണ് ഇവർ പകലന്തിയോളം നെയ്തത്‍ശാലകളിൽ ജോലി ചെയ്യുന്നത്. ഒന്നോ രണ്ടോ പുടവകൾ മാത്രമാണ് ഒരാൾക്ക് ഒരു ദിവസം നെയ്യാൻ കഴിയുക.രാവിലെ 7 മണിക്ക് ജോലി തുടങ്ങും.വൈകിട്ട് 5 ന് ഇവരുടെ തൊഴിൽ അവസാനിക്കുകയും ചെയ്യും.

ഒരു മുണ്ട് നെയ്തതാൽ 185 രൂപയാണ് ലഭിക്കുന്നത്.മറ്റു തടസങ്ങൾ വന്നില്ലെങ്കിൽ ഒരു തൊഴിലാളിക്ക് പരമാവധി രണ്ടു പുടവകൾ വരെ നെയ്യാൻ കഴിയും. തുച്ഛമായ വരുമാനവുമായി പിന്നീട് വൈകിട്ടോടെ ഇവർ വീടുകളിലേക്ക് മടങ്ങും. ഇതാണ് ബാലരാമപുരം കൈത്തറിയുടെ നേർസാക്ഷ്യം.
കിട്ടുന്ന കൂലിക്ക് വീട്ടു സാധനങ്ങൾ പോലും വാങ്ങാൻ പലർക്കും കഴിയാറില്ല. കൂലി വർധിപ്പിച്ചു നൽകാൻ നെയ്ത്ത് ഉടമസ്ഥർ തയാറാകുന്നുമില്ല. അതിന് അവർ പറയുന്നതാകട്ടെ കച്ചവടമില്ലെന്ന തൊടുന്യായവും. ഇതര തൊഴിലുകൾക്ക് പോകാൻ കഴിയാത്ത പാവപെട്ട മനുഷ്യരാണ് ഇവിടെ ജോലി ചെയ്യുന്നവരിൽ അധികവും. മുപ്പത് വർഷത്തോളമായി ഈ മേഖലയിൽ ജോലി ചെയുന്നവരും ബാലരാമപുരത്തുണ്ട്.

പണയം വച്ചും പലിശയ്ക്ക് വാങ്ങിയും നെയ്തുണ്ടാക്കിയ തുണിത്തരങ്ങൾ പലതും വിറ്റഴിയാതെ കിടക്കുന്ന കാഴ്ചകളാണ് ബാലരാമപുരത്തുള്ളത്. നിത്യചെലവിന് പോലും പണമില്ലാത്ത അവസ്ഥയിലാണ് പലരും.
പേരുകേട്ട ബാലരാമപുരം കൈത്തറി ഉൽപന്നങ്ങൾ വാങ്ങുന്നതിന് ഓണ സീസണുകളിൽ ബാലരാമപുരത്തെ വിൽപന കേന്ദ്രങ്ങളിൽ എത്തുന്നവർ നിരവധിയാണ്. ഇത്തവണ അതും കൂടി നിലച്ചാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരുമെന്ന് കൈത്തറി ഉടമ ബാലചന്ദ്രൻ പറയുന്നു. നിൽക്കക്കള്ളിയില്ലാതെ ഞങ്ങൾക്ക് ഇനി ജീവിതത്തിൽ പിടിച്ചുനിൽക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്. അത്രത്തോളം പരിതാപകരമാണ് ഈ മേഖലയിലെ സാഹചര്യമെന്നും ബാലചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കാണ് ആനുകൂല്യങ്ങൾ പലതും ലഭിക്കുന്നതെന്നും ഇത് കഷ്ടപ്പെടുന്ന തൊഴിലാളികൾക്കു കൂടി ലഭ്യമാക്കുന്നതിന് സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
സാധാരണയായി ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് സീസണുകളിലാണ് കൈത്തറി തുണിത്തരങ്ങൾ ഏറെയും വിറ്റുപോകുന്നത്. വിവാഹവും മറ്റ് ചടങ്ങുകളും ആർഭാട രഹിതമായതോടെ അത്തരത്തിലും കച്ചവടം കുറഞ്ഞതായും തൊഴിലാളികളും കച്ചവടക്കാരും പറയുന്നു. ശാശ്വതമായ സർക്കാർ ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ മേഖലയിലുള്ള തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഇനി കരകയറാനാകൂ.
പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications