• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാറാതെ കൊറോ'ഓണ'; വീടിനുള്ളിൽ കുടുങ്ങിയ ഓണക്കാലം, കൃഷ്ണ ഗോവിന്ദ് എഴുതുന്നു

Google Oneindia Malayalam News

കൃഷ്ണ ഗോവിന്ദ് എഴുതുന്നു...

കണ്ണൂർ; ഓര്‍മ്മവച്ച നാള് മുതലുള്ള ഏകദേശം മൂന്ന് പതിറ്റാണ്ടത്തെ ഓണക്കാലങ്ങളുടെ കഥയുണ്ട് മനസില്‍. അതില്‍ ഇത്തവണത്തെ ഓണക്കാലത്തിന്റെ പ്രത്യേകത, ചരിത്രത്തിന്റെ ഭാഗമായി എന്നതാണ്. മറ്റൊന്നുമല്ല കൊറോണ ബാധിച്ച് പുറം ലോകം കാണാതെ വീടിനുള്ളിലെ ഒരു മുറിയില്‍ കുടുങ്ങി കിടക്കുകയാണ്. ചരിത്രത്തിന്റെ ഭാഗമായി മാറി, 'ചരിത്രം' ആയി ഭിത്തിയിലെ ഫോട്ടോയിലിരിക്കേണ്ടി വരുമെന്നാണ് കരുതിയത്. ഭാഗ്യത്തിന് ഇതുവരെ അതുണ്ടായില്ല. കഴിഞ്ഞ ഓണവും കൊറോ'ഓണ' കാലമായിരുന്നതുകൊണ്ട്, അത്തം മുതല്‍ തിരുവോണം വരെ വീട്ടില്‍ തന്നെ കൂടാന്‍ സാധിച്ചിരുന്നു. അന്ന് വീട്ടില്‍ കയറിയതില്‍ പിന്നെ എങ്ങും പോയിട്ടില്ല (പോകാന്‍ കൊറോണ ഒന്ന് സമ്മതിക്കേണ്ടേ..). ഇക്കഴിഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കുവാന്‍ കൂട്ടിനുണ്ടായിരുന്ന ചിന്തകളില്‍ കഴിഞ്ഞപോയ കാലങ്ങളിലെ ഓണനാളുകളുമുണ്ടായിരുന്നു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഓണകാലം ചിലവഴിച്ചത് പല പല നഗരങ്ങളിലായിരുന്നു. 2006 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളിലെ ഓണങ്ങള്‍ തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും, ചെന്നൈയിലും ഒക്കെയായി പലരീതില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഹോട്ടല്‍ സദ്യ കഴിച്ചും, കഞ്ഞിവച്ചുകുടിച്ചും, കാശ് ഇല്ലാതെ പട്ടിണി കിടന്നും, കാശ് ഉണ്ടായിട്ട് പോലും ഭക്ഷണം കിട്ടാത്ത സാഹചര്യങ്ങളും, ചെന്നൈയിലെ പൊരിവെയിലില്‍ കിലോമീറ്ററുകളോളം നടന്ന് പല ഹോട്ടലുകള്‍ കയറിയിറങ്ങി സദ്യ തരപ്പെടുത്തിയതും, ദിവസം മുഴുവന്‍ അലഞ്ഞിട്ടും ബിസ്‌ക്കറ്റ് അല്ലാതെ മറ്റോന്നും കിട്ടാതെ നിരാശപ്പെട്ട് വിശപ്പ് സഹിച്ചിരുന്നതും, സുഹൃത്തുക്കളോടൊപ്പം സദ്യ ഒരുക്കിയും, ഉത്രാടത്തിനും തിരുവോണത്തിനും ഒറ്റക്ക് ന്യൂസ് ഡെസ്‌ക്കിലിരുന്ന് പ്ലാന്‍ ചെയ്ത് സ്റ്റോറികള്‍ വരാതെ ഭ്രാന്ത് പിടിച്ച് ഓടിനടന്നും ഒക്കെ ഓണം ആഘോഷിച്ചിട്ടുണ്ട്. പിന്നെയുമുണ്ട് കഥകള്‍.. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഒരു ജനറല്‍ വാര്‍ഡിലെ കട്ടിലിന് താഴെ ഇലവിരിച്ച് സദ്യ ഉണ്ടതും, കര്‍ണാടകയിലെ ബന്ദിപ്പൂരിലും, മൈസൂരിലും കന്നഡിഗരുടെ ഇടയില്‍ പെട്ടുപ്പോയതും, പ്രണയം 'മൂത്ത്' കോഴിക്കോട് ആകാശവാണിക്ക് മുമ്പിലെ കടല്‍ത്തീരത്ത് 'പണി കിട്ടി' പട്ടിണി ഇരുന്നതും, അതേ 'മൂപ്പ്' കൊണ്ട് തന്നെ കന്യാകുമാരിയിലെ മരുത്വാമല കയറി വെള്ളം പോലും കിട്ടാതെ തേഞ്ഞതും തിരുവോണനാളുകളിലായിരുന്നു.

കര്‍ക്കിടകത്തിലെ തിരുവോണം ഞങ്ങടെ മധ്യതിരുവതാംകൂറിലെ പ്രദേശങ്ങള്‍ പിള്ളേരോണമായി ആചരിക്കാറുണ്ട്. ചെറിയതോതിലുള്ള സദ്യയും പൂക്കളവും ഒക്കെ അന്ന് ഇടാറുമുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഓണനാളുകളില്‍ പത്ത് ദിവസവും വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചത് 2020ലായിരുന്നു. അന്നും പിള്ളേരോണം കൂടാന്‍ പറ്റിയില്ല. ഇത്തവണത്തെ 'പിള്ളേര്‍ ഓണം' (ജൂലൈ 25) കൊറോണ കൊണ്ടുപോയി. പ്ലസ്ടു പഠനം കഴിഞ്ഞപ്പോള്‍ തന്നെ മധ്യതിരുവതാംകൂര്‍ വിട്ട് വയനാട്ടിലേക്ക് ഡിഗ്രി പഠനത്തിനായി 'കുടിയേറി'യിരുന്നു. പിന്നെ പി.ജിക്ക് എം.ജി യൂണിവേഴ്സിറ്റിയില്‍ എത്തിയപ്പോഴുള്ള രണ്ട് കൊല്ലവും ഓണത്തിന് വീട്ടിലുണ്ടാവാന്‍ സാധിച്ചിരുന്നു. അതിന് ശേഷം പത്ത് ഓണ ദിവസങ്ങളും (അത്തം മുതല്‍ തിരുവോണം വരെ) വീട്ടില്‍ കൂടാന്‍ സാധിച്ചത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തിരുവോണത്തിന് അച്ഛനും അമ്മയും മുത്തശ്ശിയും അടക്കം ഞങ്ങള് നാലുപേര്‍ മാത്രമെ വീട്ടില്‍ ഉണ്ടാവുകയുള്ളൂ. ഞങ്ങള്‍ നില്‍ക്കുന്നത്, ഏഴെട്ട് തലമുറകളിലെ ആളുകള്‍ ഓണമുണ്ട തറവാട്ടിലായത് കൊണ്ട് എല്ലാ ഓണത്തിനും നാല്‍പ്പത്തില്‍ കുറെയാതെ ആളുകളുണ്ടാവാറുണ്ട്. അച്ഛന്റെ സഹോദരങ്ങളും ബന്ധുക്കളും ഒക്കെ തിരുവോണസദ്യയ്ക്കായി കുടുംബത്ത് എത്താറുണ്ട്. ഇത്തവണ കൊറോണ ബാധിതനായത് കൊണ്ട് തിരുവോണത്തിന് ആരും ഇങ്ങോട്ട് വരാന്‍ സാധ്യതയില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഇതില്‍ വല്യദു:ഖമൊന്നുമില്ല. മുമ്പും എല്ലാവരുമുള്ളപ്പോള്‍ മാറി നിന്ന് ഇതെല്ലാം കാണാനായിരുന്നു താല്‍പര്യം.

'ഹാപ്പി ഓണം' എന്ന സന്ദേശങ്ങളില്‍ ഒതുക്കാറുള്ള ആഘോഷങ്ങളൊക്കെയുള്ളൂ. വര്‍ഷങ്ങളായി പൂക്കളം ഇടുന്നതിന് പോലും താല്‍പര്യം കാണിക്കാറില്ല. കഴിഞ്ഞതവണ അത്തതിന് അതിരാവിലെ പൂവിടാന്‍ ഉത്സാഹത്തോടെ ഓടി നടക്കുന്ന അമ്മയെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപ്പോയിരുന്നു. കുറച്ച് കൊല്ലങ്ങളായി അമ്മ തന്നെയാണ് പൂവിടുന്നതെങ്കിലും കഴിഞ്ഞ തവണയാണ് അത് നേരിട്ട് കാണാന്‍ പറ്റിയത്.

ആറേഴ് കൊല്ലം മുമ്പ് തന്നെ 'സീനിയര്‍ സിറ്റിസണ്‍' ആയ അമ്മ ഈ പ്രായത്തിലും കുട്ടികളെ പോലെ ആവേശം കൊണ്ട്, പൂ പറിച്ച് പൂവിടുന്നത് കാണുമ്പോള്‍ ഒരു ചെറിയ കുശുമ്പുണ്ടായിരുന്നു. എങ്ങനെയാണ് ഉള്ളിലുള്ള ആ ചെറിയ കുട്ടിത്തം, അമ്മ ഇപ്പോഴും കൊണ്ടുനടക്കുന്നതെന്ന് ആലോചിച്ചപ്പോള്‍ അതിശയം തോന്നി. അമ്മയൊക്കെ ആവേശത്തോടെ പൂ ഇടുന്ന കണ്ടപ്പോള്‍ ആലോചിച്ചുപ്പോയി, പ്ലസ്ടുവരെ ഒക്കെ ഇതേ ആവേശത്തോടെ പൂവൊക്കെ ഇട്ടിരുന്ന എന്നിലെ ആ കുട്ടിത്തം ഒക്കെ എവിടെപ്പോയി എന്ന്.. ചേച്ചിയുടെ വിവാഹം കഴിഞ്ഞതും, തൊട്ടപ്പുറത്തുള്ള സഹോദരങ്ങള്‍ ഒക്കെ പഠനവും കല്യാണവുമൊക്കെയായി അവരും അവരുടെയിടങ്ങളിലേക്ക് പോയതായിരിക്കാം പൂക്കളത്തിനോടുള്ള താല്‍പര്യം നഷ്ടപ്പെട്ടതെന്ന് തോന്നുന്നു.. പണ്ട് അവരുമായി മത്സരിച്ച് തല്ലുകൂടി, കൂട്ടുകൂടി പൂവിടുന്ന ആ നിമിഷങ്ങള്‍.. പിന്നീട് ഒറ്റക്ക് ആയപ്പോള്‍ പലതും എന്നതുപോലെ ഇതില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാത്തതും ഒക്കെയാവും പൂക്കളത്തോടുള്ള താല്‍പര്യങ്ങളും നഷ്ടമായത് എന്ന് തോന്നുന്നു. ചിലപ്പോള്‍ ഉള്ളിലുള്ള ആ കുട്ടിത്തം നഷ്ടപ്പെട്ടതുമാകാം..

പലപ്പോഴും ഓണക്കാലത്തിനിടയിലെ ആഘോഷത്തിനിടയില്‍ പെട്ടാല്‍ (മിക്കവാറും കൂട്ടത്തില്‍ കൂടാതെ നടക്കുകയാണ് പതിവ്) എന്തോ ഒരു കുറ്റബോധം വരാറുണ്ട്. അര്‍ഭാട ആഘോഷങ്ങളില്‍ ഉള്‍പ്പെടാന്‍ സാധിക്കാതെ ഉള്ളുരുകി വേദനിക്കുന്നവരെയും, പട്ടിണി സമരം നടത്തുന്നവരെയും, ഗതികേട് കൊണ്ട് പട്ടിണിയിലായവരെയും മുമ്പില്‍ കണ്ടിട്ടുണ്ട്. ഓണത്തിന് പോലും ഒരു ആശ്വാസം കിട്ടാത്തവരാണ് ഇവരില്‍ പലരും. ഒപ്പം, ഒരുപാട് പേരുടെ വിശപ്പ് മാറ്റാന്‍ സാധിക്കുന്ന സദ്യ വിഭവങ്ങള്‍ കുഴിവെട്ടി മൂടുന്നത് കണ്ടിട്ടുണ്ട്. ഇതെല്ലാം ഓണക്കാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ കണ്ട കാഴ്ചകളില്‍ ചിലതാണ്. പിന്നെ ഒരു ആശ്വാസമുള്ളത് ഈ മനസില്‍ നിറയുന്ന കുറ്റബോധത്തിന് അധികം ആയുസ് ഇല്ല എന്നതാണ്. ശരാശരി മനുഷ്യത്യ ചിന്തകള്‍ക്ക് അപ്പുറത്തെക്ക് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള വിശാല മനസ്‌കത ഒന്നും ഉള്ളിലുള്ള സ്വാര്‍ത്ഥത അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ പല വേദനിപ്പിക്കുന്ന കാഴ്ചകളും മറന്നുവെന്ന് നടിക്കാന്‍ സാധിക്കുന്നുണ്ട്. അങ്ങനെയല്ലാത്ത മനുഷ്യരെയും കണ്ടിട്ടുണ്ട്. ഓണത്തിന് തനിക്ക് പറ്റുന്നപ്പോലെ ഒരാളെയെങ്കിലും പട്ടിണി ഇല്ലാതെ കാണണമെന്നാഗ്രഹിച്ച് മനുഷ്യത്വമുള്ള പച്ചയായ ആളുകളെയും കണ്ടുമുട്ടിയിട്ടുണ്ട്.

cmsvideo
  Karnataka and Tamilnadu restricts people from Kerala

  ആഘോഷങ്ങളും സന്തോഷങ്ങളും കൊറോണ കവര്‍ന്നെടുത്തിട്ട് രണ്ടര വര്‍ഷത്തോളമാകുന്നു. പലര്‍ക്കും പല നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാലും തല്‍ക്കാലത്തേക്കെങ്കിലും വേദനകള്‍ ഒക്കെ മറന്ന് ഈ ഓണക്കാലത്ത് സന്തോഷത്തിന്റെ ചില നിമിഷങ്ങളിലേക്ക് നമ്മള്‍ക്ക് കടന്നുപറ്റണം. നമ്മള്‍ക്ക് നമ്മളെ നഷ്ടപ്പടാതിരിക്കാന്‍... നമ്മുക്കും എല്ലാവര്‍ക്ക് വേണ്ടിയും കരുതലുകളോടുള്ള ഒതുങ്ങിയ ആഘോഷങ്ങളില്‍ ഈ ഓണക്കാലം അവിസ്മരണീയമാക്കാം. 'അകലങ്ങള്‍' പാലിക്കാതെ ഒരുമിച്ചിരിക്കാന്‍ കഴിയുന്ന ആഘോഷകാലങ്ങള്‍ വരുക തന്നെ ചെയ്യും. പ്രതീക്ഷകളാണല്ലോ നമ്മളെ നിലനിര്‍ത്തുന്നത്.. പ്രിയപ്പെട്ടവരെ ഓണാശംസകള്‍..

  (അഴിമുഖം മുൻ മാധ്യമപ്രവർത്തകനാണ് ലേഖകൻ)

  English summary
  Onam during the time of corona; Journalist krishna govind about onam memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X