'ഭയങ്കര പേടിച്ചിരിക്കുകയാണ്, ഉറങ്ങിയിട്ട് മൂന്നാല് ദിവസമായി', 'ഗോഡ്ഫാദർ' വീഡിയോക്ക് പിന്നിലെ ടോം ആന്റണി
ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ കണ്ണ് തള്ളിയിരിക്കുന്നത് വിശ്വപ്രസിദ്ധ ചലച്ചിത്രം ഗോഡ്ഫാദറിന്റെ എഡിറ്റ് ചെയ്യപ്പെട്ട വീഡിയോ കണ്ടാണ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഫഹദ് ഫാസിലിനേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്ന ഗോഡ്ഫാദറിലെ രംഗം വളരെ പെട്ടെന്നാണ് വൈറലായത്.
ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും ഇനി ഈ പണിക്കില്ലെന്ന് പറയുകയാണ് വൈറല്‍ വീഡിയോ സൃഷ്ടിച്ച ടോം ആന്റണി. താന്‍ ഭയന്നാണ് കഴിയുന്നതെന്നും ഏതാനും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടിട്ട് എന്നും ടോം ആന്റണി പറയുന്നു.

ടോം ആന്റണിയുടെ വാക്കുകള്‍: ''സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ ഉണ്ടാക്കിയത് ഞാനാണ്. ഞാന്‍ അതില്‍ അഭിമാനിക്കുന്നില്ല. കാരണം ഇത്രയും വൈറലാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇങ്ങനെ ഒരു ടെക്‌നോളജി ഉണ്ട് എന്ന് ആളുകളെ അറിയിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. ഈ വീഡിയോ ഫേക് ആണെന്ന് കണ്ടാല്‍ മനസ്സിലാകും. അത് അറിഞ്ഞോണ്ട് ചെയ്തതാണ്. ഇതിലും നന്നായി ചെയ്യാനറിയാം.
ഇത് വളരെ പേടിപ്പിക്കുന്ന ഒന്നാണ്. ഞാന്‍ മൂന്നാല് ദിവസമായി ഉറങ്ങിയിട്ട്. എഐയുടെ നിരവധി ആപ്ലിക്കേഷന്‍സ് ഉണ്ട്. ഡീപ് ഫേസ് ഒരു ചെറിയ ഭാഗമാണ്. ഞാന്‍ ജീനിയസ് ആണെന്നൊക്കെ പറഞ്ഞ് കമന്റുകള്‍ വന്നു. എന്നാല്‍ ഞാന്‍ നിങ്ങളെയൊക്കെ പോലെ ഒരാളാണ്. ആര്‍ക്ക് വേണമെങ്കിലും ഇതുപോലുളള വീഡിയോകള്‍ ഉണ്ടാക്കാം. ഒരാളുടെ ഫോട്ടോ കിട്ടിയാല്‍ മതി. നിങ്ങളുടെ മുഖം വെച്ച് വേറെ ഒരാള്‍ക്ക് വീഡിയോ ഇറക്കാം.
ഞാന്‍ ഭയങ്കര പേടിച്ചാണ് സംസാരിക്കുന്നത്. ചുമ്മാ ഒരു വീഡിയോ ഉണ്ടാക്കി ഇട്ടതാണ്. അത് വേറൊരാള്‍ ഡൗണ്‍ലോഡ് ചെയ്ത് റീപോസ്റ്റ് ചെയ്ത് വൈറലായി. ആദ്യം സന്തോഷമായിരുന്നു. പിന്നെ കുറേ കോളുകളും മീഡിയയില്‍ നിന്ന് ചോദ്യങ്ങളുമൊക്കെ വന്നുതുടങ്ങി. എല്ലാവര്‍ക്കും അറിയേണ്ടത് എങ്ങനെ ഈ വീഡിയോ ഉണ്ടാക്കി എന്നാണ്.
ഇന്നലെ വന്ന ഒരു മീഡിയയും ആദ്യം ചോദിച്ചത് എങ്ങനെയാണ് ഈ വീഡിയോ ഉണ്ടാക്കിയത് എന്നാണ്. അത് കേട്ടപ്പോള്‍ ഞാന്‍ ഡൗണ്‍ ആയിപ്പോയി. മൂന്നാല് ദിവസമായി ഉറങ്ങിയിട്ട് എന്ന് പറഞ്ഞ് ഞാന്‍ അവരെ ഓടിച്ച് വിടുകയായിരുന്നു. ഞാന്‍ പറഞ്ഞ് വരുന്നത് ഇത് വെച്ച് പല വീഡിയോകളും ഉണ്ടാക്കാം. നിങ്ങളുടെ മുഖം വെച്ച് ഒരു പോണ്‍ വീഡിയോ ഉണ്ടാക്കാം. ഞാന്‍ നിര്‍ത്തി, ഇനി ഫേക്ക് വീഡിയോകള്‍ ഉണ്ടാക്കില്ല വേറെ ഒരാളുടെ മുഖം വെച്ച് അനുമതി ഇല്ലാതെ. ഇതോടെ കഴിഞ്ഞു''.












Click it and Unblock the Notifications