'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്
മെയ് 20 ന് ആണ് പുതിയ എൽഡിഎഫ് മന്ത്രിസഭയുടെ സത്യ പ്രതിജ്ഞ. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എത്രപേരായിരിക്കും പരിപാടിയിൽ പങ്കെടുക്കുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴില്ലെങ്കിലും, നൂറ് കണക്കിന് പേർ പങ്കെടുത്തേക്കുമെന്നാണ് സൂചന.
ഇങ്ങനെയൊരു പരിപാടി ഇടത് സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കരുത് എന്ന നിലയ്ക്കാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. മാധ്യമ പ്രവർത്തകനായ കെജെ ജേക്കബ് ഇത് സംബന്ധിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

അത് ശരിയായിരിക്കില്ലെന്ന് കരുതി
എൽ ഡി എഫ് മന്ത്രിസഭ അധികാരമേൽക്കുന്നത് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞയോടെ ആണെന്നാണ് അറിയാൻ കഴിയുന്നത്.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഒരാഴ്‌ചയായി കാണുന്നു. അത് ശരിയായിരിക്കില്ല എന്നാണ് വിചാരിച്ചത്. പക്ഷെ അങ്ങിനെയല്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിയുന്നത്.

അതിൽ ഒരു മര്യാദകേടുണ്ട്
200 മുതൽ അഞ്ഞൂറ് പേര് വരെ ചടങ്ങിൽ പങ്കെടുക്കും; എല്ലാവർക്കും ആന്റിജൻ, ആർ ടി പി സി ആർ ടെസ്റ്റുകൾ എടുക്കും. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നൊക്കെയാണ് അറിയുന്നത്.
മുൻകരുതൽ ഒക്കെ കൊള്ളാം; പക്ഷെ അതിലൊരു മര്യാദകേടുണ്ട്.
മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുക എന്നത് ഭരണഘടനാപരമായ ഒരു ബാധ്യതയാണ്. അതിനു ചുമതല ഏൽക്കുന്നവരും ഏൽപ്പിക്കുന്നവരും ഉണ്ടായാൽ മതി. എന്നുവച്ചാൽ മന്ത്രിമാരും ഗവർണറും ചീഫ് സെക്രട്ടറിയും പിന്നെ ചടങ്ങു നടക്കാൻ ആവശ്യമായ അത്യാവശ്യം ആളുകളും.

ഉത്സവം ആകേണ്ടതായിരുന്നു
സാധാരണ ഗതിയിൽ ഇത് ഒരുത്സവം ആകേണ്ടതാണ്. തങ്ങളുടെ നിലനില്പിനുനേരെ നിരന്തരം വന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാൻ മുന്പിൽനിന്ന ഒരു മുന്നണിയ്ക്കു ജനങ്ങൾ കൊടുത്ത അംഗീകാരമാണ് ഈ ജനവിധി എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു മന്ത്രിസഭാ അധികാരമേൽക്കുന്ന ചടങ്ങ് ഉത്സവം ആകേണ്ടതാണ്.

ഇതാണ് സാഹചര്യം
പക്ഷെ ഇന്നാട്ടിൽ ഇപ്പോൾ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മൾ മാറ്റിവച്ചിരിക്കുകയാണ്. എല്ലാം ചടങ്ങിനുമാത്രം. വിവാഹത്തിന് 20 പേര് എന്ന് പറഞ്ഞാൽ എന്റെ വീട്ടിൽ ഒരു വിവാഹം നടന്നാൽ ഏറ്റവും അടുത്ത ബന്ധുക്കൾക്കുപോലും പങ്കെടുക്കാൻ പറ്റില്ല. 21 പേര് പങ്കെടുത്താൽ 21 പേരും കേസ് നേരിടേണ്ടിവരുന്ന നാടാണ് ഇതിപ്പോൾ.

രണ്ടുതരം പൗരന്‍മാരില്ല
അപ്പോൾ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും ശരി, നാട്ടിൽ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്‌ഥ സൃഷ്ടിക്കലാണ്. നിയുക്തമന്ത്രിമാരുടെ ബന്ധുക്കൾ കാസർഗോഡുമുതൽ പല സ്‌ഥലത്തുനിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യും. അടിയന്തിര ഘട്ടത്തിൽ അത് ചെയ്യേണ്ട എന്നല്ല; എന്നാൽ അങ്ങിനെയുള്ള ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവർക്ക് മാത്രമായി നാട്ടിൽ വേറെ നിയമമില്ല.

സർക്കാരിന് ഉത്തരവാദിത്തമുണ്ട്
സാലറി ചലഞ്ചിന് നാട്ടുകാർ പണം മുടക്കിയത് സർക്കാർ അഭ്യർത്ഥനയെത്തുടർന്നാണ്; എന്നാൽ വാക്സിൻ ചലഞ്ച് തുടങ്ങിവച്ചതും സർക്കാരിനെ വിശ്വസിച്ചു പണം ഏൽപ്പിച്ചതും അത്തരം ഒരഭ്യർത്ഥന പോലും ഇല്ലാതെയാണ്. അതങ്ങിനെ പെട്ടെന്നുണ്ടാവുന്ന കാര്യമല്ല. സർക്കാരിന് ഒരജണ്ട, ജനങ്ങൾക്ക് വേറൊന്നു എന്ന മട്ടിൽ ഇപ്പോൾ കേന്ദ്രസർക്കാർ കാണിക്കുന്ന നിരുത്തരവാദിത്തം കാണിക്കുന്ന സർക്കാരിനോട് അങ്ങിനെയൊരു വിശ്വാസം വരില്ല; മറിച്ച് മുൻപില്ലാത്തവിധം മുൻപിൽനിന്നു നയിച്ചിട്ടു വന്നതാണ്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും മുന്നണിയ്ക്കുമുണ്ട്.

ആ പരിപാടി ഉപേക്ഷിക്കണം
ഒഴിവുകഴിവുകൾ എത്രവേണമെങ്കിലും കണ്ടുപിടിക്കാം; അതിനൊന്നും ഒരു പ്രയാസവുമില്ല. പക്ഷെ നാട്ടിലെ എല്ലാ നിയമങ്ങളിൽനിന്നും ഒഴിവുവാങ്ങി ഒരു മന്ത്രിസഭ അധികാരമേൽക്കുന്നതിന്റെ അഭംഗി ബന്ധപ്പെട്ടവർ മനസിലാക്കണം. സെൻട്രൽ സ്റേഡിയത്തിൽവച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പരിപാടി ഉപേക്ഷിക്കണം.

രണ്ട് സാധ്യതകൾ
അത്യാവശ്യം ഉള്ളവർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി രാജ്ഭവനിൽവച്ചുതന്നെ നടത്താം. അങ്ങിനെയെങ്കിൽ പന്തൽ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അനാമത്തു പണികൾ ഒഴിവാക്കാം.
ഓൺലൈനായിട്ടു നടത്തുക എന്നതായിരിക്കും ഏറ്റവും മികച്ച കാര്യം. അത് വിപ്ലവകരമായ ഒരു പുതിയ തുടക്കമാകും; സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽപ്പോലും അത് സുഖകരമായ ഒരു പാരസ്പര്യം സൃഷ്ടിക്കും.
പുതിയ തുടക്കങ്ങൾ ഏറെ ആവശ്യമുണ്ട്; അപ്പോൾ ഒഴിവുവാങ്ങി പഴയതിനു പിന്നാലെ പോകുന്നത്
ശരിയായ സന്ദേശമായിരിക്കില്ല നൽകുന്നത്.












Click it and Unblock the Notifications