• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിലെ കൊവിഡ് മരണം; ബിബിസി തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതോ... എന്താണ് യാഥാര്‍ത്ഥ്യം?

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് മരണങ്ങളുടെ കണക്ക് സംബന്ധിച്ച് ബിബിസിയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. യഥാര്‍ത്ഥ കണക്കുകളല്ല സര്‍ക്കാര്‍ പുറത്ത് വിടുന്നത് എന്ന മട്ടിലായിരുന്നു പലരും ഇതിനെ ആഘോഷിച്ചത്.

ഇതേ കുറിച്ച് വിശദീകരിക്കുകയാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി പദ്ധതിയുടെ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍. കേരളത്തിലെ കൊവിഡ് മരണനിരക്ക് എത്രത്തോളം കുറവാണ് എന്നത് സംബന്ധിച്ച് മുരളി തുമ്മാരുകുടി നേരത്തെ ഒരു കുറിപ്പ് എഴുതിയിരുന്നു. അതിന് പിറകെ ആയിരുന്നു ബിബിസിയിലെ വാര്‍ത്ത. തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്....

കോവിഡ്, മരണം, ബി ബി സി

കോവിഡ്, മരണം, ബി ബി സി

കോവിഡ്, മരണം, ബി ബി സി

കേരളത്തിൽ കോവിഡ് കുന്നിറങ്ങുകയാണെന്നും ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ലോക ശരാശരിയിലും വളരെ താഴെയാണ് നമ്മുടെ മരണ സംഖ്യ എന്നും ചൂണ്ടിക്കാട്ടി ഞാൻ ഇട്ട പോസ്റ്റിന് അതിശയകരമായ റീച്ച് ആണ് ഉണ്ടായത്. മിക്ക ഓൺലൈൻ പോർട്ടലുകളും അത് ഷെയർ ചെയ്തു.

കൊറോണ തുടങ്ങിയതിൽ പിന്നെ പോസിറ്റീവ് ആയി അധികം ഒന്നും എഴുതാൻ അവസരം കിട്ടിയിരുന്നില്ല, അതുകൊണ്ടാണ് ദൈനം ദിന കോവിഡ് കേസുകളുടെ കാര്യത്തിൽ കേരളം കുന്നിറങ്ങിയെന്ന് പറയാൻ ഒരു ചാൻസ് കിട്ടിയപ്പോൾ ഡേറ്റ സഹിതം ആ പോസ്റ്റിട്ടത്. ആളുകൾക്ക് പോസിറ്റീവ് കാര്യങ്ങൾ അധികം വായിക്കാനും കിട്ടാറില്ലാത്തതുകൊണ്ടായിരിക്കണം അത്രമാത്രം റീച്ച് കിട്ടിയത്.

പക്ഷെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഒരു പോസ്റ്റിന് അയ്യായിരത്തിലധികം ലൈക്ക് കിട്ടിയിട്ടുണ്ടെങ്കിൽ 24 മണിക്കൂറിൽ ഒരു ബാക് ലാഷ് ഉറപ്പാണ്. പോസ്റ്റുകൾ എന്തെങ്കിലും ഓളം ഉണ്ടാക്കുന്നതിന്റെ പ്രത്യാഘാതമാണത്. ഞാൻ കാത്തിരിക്കുന്നതും അതാണ്. പണ്ടൊക്കെ അത് പൊങ്കാലയായിട്ടാണ് വരാറുള്ളതെങ്കിൽ ഇപ്പോൾ പൊതുവെ "മന്ത്രി ആകാനാണ്, എം എൽ എ ആകാനുള്ള ശ്രമമാണ്, ഉപദേശി പദം കിട്ടാനുള്ള ശ്രമമാണ്, പി ആർ ആണ്, കാപ്സ്യൂൾ ആണ്" എന്നൊക്കെ മാത്രമേ ആളുകൾ പറയാറുള്ളൂ. അത് ഞാൻ അത്ര കാര്യമായെടുക്കാറില്ല. നല്ല മൂഡുള്ള സമയമാണെങ്കിൽ തിരിച്ചും അല്പം ചൊറിയും. തീർന്നു കാര്യം.

ബിബിസി ലേഖനം

ബിബിസി ലേഖനം

ഇത്തവണ പക്ഷെ വളരെ യാദൃശ്ചികമായ മറ്റൊരു സംഭവം ഉണ്ടായി. ഞാൻ പോസ്റ്റ് ചെയ്ത് അധികം താമസിയാതെ കേരളത്തിലെ കൊറോണ മരണങ്ങളെ പറ്റി ബി ബി സി യുടെ ഒരു വാർത്ത വന്നു.

"India coronavirus: How a group of volunteers 'exposed' hidden Covid-19 deaths"

അനവധി ആളുകൾ അത് എൻറെ വാളിൽ പോസ്റ്റ് ചെയ്തു. ഇവരിൽ പലരും ആറു മാസം മുൻപ് ബി ബി സി നമ്മുടെ ആരോഗ്യ മന്ത്രിയെ പ്രകീർത്തിച്ച് ലേഖനം എഴുതിയപ്പോൾ ബി ബി സി പെയ്‌ഡ്‌ ചാനൽ ആണെന്നും പറഞ്ഞ് എൻറെ വാളിൽ തന്നെ കമന്റ് ഇട്ടവർ ആണെന്നെതാണ് എന്നെ ഏറ്റവും രസിപ്പിച്ചത്. അന്നും ഇന്നും ബി ബി സിയെ ബഹുമാനിക്കുന്ന ആളെന്ന നിലക്ക് ബി ബി സിയെ അവസരവാദപരമായി ഉപയോഗിക്കുന്നവർ ആണ് ഇട്ടതെങ്കിൽ പോലും ഞാൻ ആ റിപ്പോർട്ട് ശ്രദ്ധിച്ചു.

എന്തുകൊണ്ട് ബിബിസിയെ ഇഷ്ടപ്പെടുന്നു

എന്തുകൊണ്ട് ബിബിസിയെ ഇഷ്ടപ്പെടുന്നു

ബി ബി സി യോടുള്ള എൻ്റെ ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1971 ലെ ഇൻഡോ - പാക്ക് യുദ്ധകാലത്ത് എൻറെ കസിനായ ഗോപിച്ചേട്ടൻ പഴയൊരു റേഡിയോയിൽ ബി ബി സി ട്യൂൺ ചെയ്ത് വാർത്ത കേട്ട് ഞങ്ങൾക്ക് പറഞ്ഞു തരുമായിരുന്നു. അന്നാണ് ഞാൻ ആദ്യമായി ബി ബി സിയെപ്പറ്റി കേൾക്കുന്നത്. അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള ഇലക്ഷൻ പ്രഖ്യാപന കാലത്തും ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ സമയത്തുമൊക്കെ ഇന്ത്യയിൽ തന്നെ എന്താണ് സംഭവിക്കുന്നതെന്നറിയാൻ ബി ബി സി റേഡിയോ ഞാൻ തന്നെ ട്യൂൺ ചെയ്യാറുണ്ട്. പിന്നീട് ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ബി ബി സി ടി വി ആയി, ബി ബി സി ഓൺലൈൻ ആയി. ഇപ്പോഴും ദിവസം മൂന്നു പ്രാവശ്യം ഞാൻ ബി ബി സി ഓൺലൈൻ പോയി നോക്കും.

എന്നുവെച്ച് ബി ബി സിക്ക് തെറ്റ് പറ്റില്ല എന്നില്ല. പക്ഷെ തെറ്റ് പറ്റുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ അവിടെ കൂടുതൽ ശക്തമാണ്. തെറ്റ് പറ്റിയാൽ പ്രത്യാഘാതങ്ങൾ ഉണ്ട്. രണ്ടായിരത്തി മൂന്നിൽ ഒരു റേഡിയോ ഇന്റർവ്യൂ ബി ബി സി കൈകാര്യം ചെയ്തതിനെ പറ്റി ഒരു ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശം ഉണ്ടായി, ബി ബി സിയുടെ ഡയറക്ടർ ജനറൽ രാജി വെച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ പ്രിൻസസ്സ് ഡയാനയെ ബി ബി സി ഇന്റർവ്യൂ ചെയ്തതിലെ പിഴവുകൾ അടുത്തായിടക്ക് പുറത്തു വന്നു. അതന്വേഷിക്കാൻ പോകുന്നത് ഒരു സുപ്രീം കോടതി ജഡ്ജിയാണ്. ഇങ്ങനെയൊക്കെയാണ് സ്ഥാപനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാകുന്നതും നിലനിർത്തുന്നതും. ഓരോ ദിവസവും വൈകുന്നേരം തോന്നുന്നതൊക്കെ പറയുകയും പിന്നീട് അതിനെ ഒരിക്കലും ഫോളോ ചെയ്യാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്ക് അത്രയും വിശ്വാസ്യതയേ ഉണ്ടാകൂ. നമുക്ക് ഇഷ്ടമുള്ളതോ അനുകൂലമായതോ ആയ ഒരു വാർത്ത വരുന്പോൾ അവരെ പുകഴ്‌ത്തിപ്പറയുന്നതും ഇഷ്ടമല്ലാത്തത് വരുന്പോൾ പെയ്‌ഡ്‌ ചാനൽ ആണെന്ന് പറയുന്നതും ഒന്നും എൻറെ രീതിയല്ല.

എന്താണ് കേരളത്തെ പറ്റി പറയുന്നത്

എന്താണ് കേരളത്തെ പറ്റി പറയുന്നത്

കേരളത്തെ പറ്റി റിപ്പോർട്ട് അടിസ്ഥാനമായി പറയുന്നത് ഇതാണ്.

ഈ വർഷം മാർച്ച് മാസത്തിൽ കേരളത്തിൽ കൊറോണ മരണങ്ങൾ ഉണ്ടായത് മുതൽ കേരളത്തിലെ ഒരു കൂട്ടം വളണ്ടിയർമാർ ഏഴു പത്രങ്ങളും അഞ്ച് ന്യൂസ് ചാനലുകളും സ്ഥിരമായി ശ്രദ്ധിച്ച് അതിൽ വരുന്ന കോവിഡുമായി ബന്ധപ്പെട്ട മരണ വാർത്തകൾ ഒരു എക്സൽ വർക്ക് ഷീറ്റിൽ രേഖപ്പെടുത്തി. അവരുടെ കണക്കനുസരിച്ച് കേരളത്തിൽ കൊറോണയുമായി ബന്ധപ്പെട്ട 3356 മരണങ്ങൾ ഉണ്ട്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഇത് 1969 ആണ് (നവംബർ 19 വരെയുള്ള കണക്കുകൾ).

വാസ്തവത്തിൽ ബി ബി സി റിപ്പോർട്ടിൽ പറയുന്ന സംഖ്യ പൂർണ്ണമായും ശരിയാണെങ്കിൽ തന്നെ, അതായത് കേരളത്തിൽ കോവിഡ് മരണങ്ങൾ 1969 അല്ല 3356 ആണെങ്കിൽ പോലും എൻറെ പോസ്റ്റിന് അത് മാറ്റമൊന്നും വരുത്തുന്നില്ല. പുതിയ കണക്കനുസരിച്ച് ഡെത്ത് റേറ്റ് 0.6 ശതമാനം ആകും. അപ്പോഴും ലോക ശരാശരിയുടെ അഞ്ചിലൊന്നായിരിക്കും കേരളത്തിലെ മരണങ്ങൾ. അപ്പോഴും ഒഴിവാക്കപ്പെട്ട മരണങ്ങളുടെ എണ്ണം പതിനായിരത്തിന്റെ മുകളിൽ തന്നെ.

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്

ബി ബി സി റിപ്പോർട്ട് പറഞ്ഞവസാനിപ്പിക്കുന്നതും ഇത് തന്നെയാണ് "That's the irony, Mr Kurian says. "Even if all Covid-19 deaths were to be counted, what Kerala would have achieved up until now in terms of mortality reduction would still be extraordinary".

പക്ഷെ റിപ്പോർട്ടിന്റെ തലേക്കെട്ട് അല്പം തെറ്റിദ്ധരിപ്പിക്കുന്നതാണ്. exposed എന്നൊക്കെ പറയുമ്പോൾ ആരെങ്കിലും ഒക്കെ മനപ്പൂർവ്വം മറച്ചു വച്ചു എന്ന് ആളുകൾ വിചാരിക്കും. അങ്ങനെ ഒന്നും റിപ്പോർട്ടിൽ ഇല്ല. പത്രങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളും സർക്കാർ ലിസ്റ്റിൽ ഉള്ളതും തമ്മിൽ മാറ്റമുണ്ട്. അതേയുള്ളൂ. എന്തുകൊണ്ടാണ് സർക്കാർ കണക്കും ആളുകൾ പത്രങ്ങളിൽ നിന്നും കണ്ടെടുത്ത കണക്കും തമ്മിൽ അന്തരമുണ്ടാകുന്നത് ? ഇത് റിപ്പോർട്ടിലെ വിഷയമല്ല. ഈ റിപ്പോർട്ട് വായിച്ച കേരളത്തിലെ ഏതെങ്കിലും മാധ്യമത്തിന് എളുപ്പത്തിൽ ഇത് കണ്ടു പിടിക്കാവുന്നതേ ഉള്ളൂ. പക്ഷെ അതിനാരും ശ്രമിച്ചു കണ്ടില്ല.

ഞാൻ ഒരു മെഡിക്കൽ ഡോക്ടർ അല്ലാത്തതിനാൽ ഈ വിഷയത്തിൽ ആധികാരികമായി അഭിപ്രായം പറയുന്നത് ശരിയല്ല. പക്ഷെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറയാം.

സാധ്യതകൾ ഇങ്ങനെ

സാധ്യതകൾ ഇങ്ങനെ

അടിസ്ഥാനപരമായി കൊറോണക്കാലത്ത് ഒരാൾ മരിച്ചാൽ അതിന് മൂന്നു സാദ്ധ്യതകൾ ഉണ്ട്

1. കോവിഡ് പോസിറ്റിവ് ആയ രോഗി കോവിഡ് മൂലമുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് മരിച്ചത് (died from COVID19)

2. മരിച്ച ആൾ കോവിഡ് പോസിറ്റീവ് ആണെങ്കിലും മരണ കാരണം കോവിഡ് ഉണ്ടാക്കിയ ആരോഗ്യപ്രശ്നമല്ല. (ഉദാഹരണത്തിന് ഒരാൾ വണ്ടിയിടിച്ച് മരിക്കുന്നു, കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണ്). (Died with COVID19)

3. മരിച്ച ആൾ കോവിഡ് നെഗറ്റീവ് ആണ്.

ചില രാജ്യങ്ങൾ ഒന്നാമത്തെ ഗ്രൂപ്പ് മാത്രം കോവിഡ് മരണങ്ങളായി കണക്കാക്കുന്പോൾ മറ്റു ചില രാജ്യങ്ങൾ ഒന്നും രണ്ടും കൊറോണക്കണക്കിൽ ചേർക്കുന്നു. അതുകൊണ്ടു തന്നെ കൊറോണക്കണക്കിലെ കൺഫ്യൂഷൻ പലയിടത്തും ഉണ്ട്. രണ്ടു മിനുട്ട് ഗൂഗിളിൽ കയറിയാൽ പല രാജ്യങ്ങളിൽ നിന്നും ഇത്തരം റിപ്പോർട്ട് കാണാം.

ഉദാഹരണത്തിന് ആസ്ട്രേലിയയിലെ Healthtimes എന്ന പ്രസിദ്ധീകരണത്തിൽ വന്ന വാർത്ത ഇതാണ് ചർച്ച ചെയ്യുന്നത്.

'Died from' or 'died with' COVID-19? We need a transparent approach to counting coronavirus deaths"

Article by: Health Times | Last Updated: 11-09-2020

ഓസ്‌ട്രേലിയയിൽ ഒന്നും രണ്ടും ഗ്രൂപ്പുകൾ ഒരുപോലെയാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നും അത് കോവിഡിനെ പറ്റി ആളുകളെ മനസ്സിലാക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും സഹായകമല്ല എന്നുമാണ് അവിടുത്തെ വാദം.

 കേരളത്തിൽ എങ്ങനെ

കേരളത്തിൽ എങ്ങനെ

ഇനി കേരളത്തിലെ കാര്യം നോക്കാം,

മരണം തരംതിരിക്കുന്നതിന് ഇന്ത്യയിൽ ഐ സി എം ആറിന്റെ മാർഗരേഖയുണ്ട്.

- Guidance for appropriate recording of COVID-19 related deaths in India.

ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തിൽ മാർഗരേഖ ഇറക്കിയിട്ടുണ്ട്.

Medical certification, ICD mortality coding, and reporting mortality associated with COVID-19 Technical note 7 June 2020.

ലോകാരോഗ്യ സംഘടനയുടെ ക്ലാസ്സിഫിക്കേഷൻ പ്രകാരം,

A death due to COVID-19 is defined for surveillance purposes as a death resulting from a clinically compatible illness, in a probable or confirmed COVID-19 case, unless there is a clear alternative cause of death that cannot be related to COVID disease (e.g. trauma). There should be no period of complete recovery from COVID-19 between illness and death.

കോവിഡ് മൂലമുള്ള മരണങ്ങളും കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും എന്താണെന്ന് ലോകാരോഗ്യ സംഘടന പറയുന്നുണ്ട്.

NOTE: Deaths due to COVID-19 are different from COVID-19-related (or COVID-19-associated) deaths. These may be deaths due to accidental or incidental causes, or natural causes when COVID-19 is not identified as the underlying cause of death according to ICD coding guidance (see Section 4.2)

എളുപ്പത്തിൽ അന്വേഷിക്കാം

എളുപ്പത്തിൽ അന്വേഷിക്കാം

കേരളത്തിൽ ഏതു മാനദണ്ഡമാണ് കോവിഡ് മരണങ്ങൾ തരംതിരിക്കാൻ ഉപയോഗിക്കുന്നതെന്ന് എളുപ്പത്തിൽ അന്വേഷിച്ചറിയാവുന്നതേ ഉള്ളൂ. ബി ബി സി റിപ്പോർട്ട് ചെയ്ത, നമ്മുടെ വളണ്ടിയർമാർ കണ്ടുപിടിച്ച, കണക്കുകളും സർക്കാർ പ്രഖ്യാപിക്കുന്ന കണക്കുകളും തമ്മിലുള്ള വ്യത്യാസം ഒരുപക്ഷെ ഇതുപോലുള്ള ഒരു തരംതിരിക്കലിന്റെ പ്രശ്നമാകും. ഇത് വളരെ എളുപ്പത്തിൽ രണ്ടു കൂട്ടരും പരസ്പരം ഡേറ്റ താരതമ്യം ചെയ്താൽ കണ്ടെത്താം. അങ്ങനെ ഈ വ്യത്യാസത്തിന്റെ അടിസ്ഥാനം എന്താണെന്ന് പബ്ലിക്ക് ആയി പ്രഖ്യാപിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. അതോടെ രണ്ടു കൂട്ടരുടെയും വിശ്വാസ്യത കൂടുകയും ചെയ്യും. ഇനി അഥവാ ഇതൊരു ക്ലാസ്സിഫിക്കേഷൻ പ്രശ്നം അല്ലെങ്കിൽ എന്താണ് കാരണം എന്ന് കണ്ടുപിടിക്കുകയും ചെയ്യാം. ഇത് വിവാദമാക്കേണ്ട ഒരു കാര്യവുമില്ല, പ്രത്യേകിച്ചും രണ്ടു കണക്കുകളും കാണിക്കുന്നത് കേരളത്തിൽ ലോക ശരാശരിയേക്കാളും ഏറെ കുറവ് മരണങ്ങളാണ് സംഭവിക്കുന്നത് എന്നിരിക്കെ.

ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർ, ഡോക്ടർമാർ ഉൾപ്പടെ ഈ രണ്ടു കണക്കുകളും ശ്രദ്ധിക്കുമെന്നും എന്താണ് ഈ കാര്യത്തിൽ വ്യത്യാസം കണ്ടതെന്ന് നമ്മളോട് പറയുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

മുൻപ് പറഞ്ഞത് പോലെ ഇത് നമ്മുടെ മാധ്യമങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതേ ഉള്ളൂ, പക്ഷെ വിവാദമുണ്ടാക്കുന്നതിനപ്പുറം ഇത്തരത്തിൽ കാര്യങ്ങളിൽ കൂടുതൽ കൃത്യത ഉറപ്പുവരുത്താൻ അവർ ശ്രമിക്കുമെന്ന് വിചാരിച്ചിട്ട് കാര്യമില്ലല്ലോ.

എന്താണ് എക്സസ് ഡെത്ത്

എന്താണ് എക്സസ് ഡെത്ത്

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ഇത്തരത്തിൽ കോവിഡ് മൂലമുള്ളതും കോവിഡുമായി ബന്ധപ്പെട്ടതും ആയ മരണങ്ങൾ തമ്മിലുള്ള ക്ലസ്സിഫിക്കേഷൻ പരിശോധിക്കുന്പോൾ ദുരന്ത നിവാരണ രംഗത്തുള്ള ഞങ്ങൾ ശ്രദ്ധിക്കുന്നത് മറ്റൊരു മരണ കണക്കാണ്. "excess death" എന്നാണ് ഇതിന്റെ പേര്. ഒരു പ്രദേശത്ത് ഒരു കാലഘട്ടത്തിൽ സാധാരണ പ്രതീക്ഷിക്കുന്ന മരണങ്ങളും ശരിക്കും സംഭവിക്കുന്ന മരണങ്ങളും തമ്മിലുള്ള വ്യത്യാസമാണ് "excess death". യുദ്ധങ്ങളും, വലിയ തോതിൽ ചൂട് കൂടുതലുള്ള വേനൽക്കാലവും, ഏറെ തണുപ്പുള്ള മഞ്ഞുകാലവും, കൂടിയ തോതിൽ വായുമലിനീകരണമുള്ള കാലവും കഴിയുന്പോൾ ഞങ്ങൾ ശ്രദ്ധിക്കുന്നത് ഇക്കാരണങ്ങളാൽ നേരിട്ട് മരിച്ചവരുടെ എണ്ണം മാത്രമല്ല മറിച്ച് ആ കാലത്ത് ആ പ്രദേശത്ത് മുൻവർഷങ്ങളിലെ ശരാശരിയെ അപേക്ഷിച്ച് എത്രമാത്രം മരണം കൂടുതൽ സംഭവിച്ചു എന്നതാണ്.

ഈ കൊറോണക്കാലത്തും ഈ അക്കങ്ങൾ പ്രധാനമാണ്. കാരണം കൊറോണക്കാലത്ത് സംസ്ഥാനത്തെ മൊത്തം മരണങ്ങൾ മറ്റു പല തരത്തിലും വ്യത്യാസപ്പെടുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ ആശുപത്രിയിൽ പോകാൻ മടിക്കുന്നതിനാൽ സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന ചികിത്സ മുടങ്ങി മരണ നിരക്ക് കൂടാം. അതേസമയം ആളുകൾ പൊതുവെ കൂടുതൽ ശുചിത്വവും ശാരീരിക അകലവും പാലിക്കുന്നതിനാൽ മറ്റുള്ള സാംക്രമിക രോഗങ്ങളിൽ നിന്നുള്ള മരണം കുറയുകയും ചെയ്യാം. റോഡുകളിൽ വാഹനങ്ങൾ കുറഞ്ഞതിനാലും നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതിനാലും ടൂറിസത്തിൽ ഇടിവ് വന്നതിനാലും ട്രാഫിക്ക് അപകടങ്ങൾ, നിർമ്മാണ സ്ഥലത്തെ അപകടങ്ങൾ, മുങ്ങി മരണങ്ങൾ ഇവയൊക്കെ കുറയാനും വഴിയുണ്ട്. (റോഡപകടങ്ങളിൽ ഒക്ടോബർ വരെയുള്ള കണക്കുകൾ വച്ച് നോക്കിയാൽ തന്നെ ഈ വർഷം ഏകദേശം ആയിരം മരണങ്ങളുടെ കുറവ് 2020 ൽ ഉണ്ടാകും).

മരണം കുറഞ്ഞോ കൂടിയോ

മരണം കുറഞ്ഞോ കൂടിയോ

ലോകത്തെ വിവിധ പ്രദേശങ്ങളിൽ 2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ ഉണ്ടായ മരണങ്ങളെ അപേക്ഷിച്ച് 2020 ഏപ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെയുള്ള മരണങ്ങൾ കൂടുതലാകുമോ കുറഞ്ഞിരിക്കുമോ എന്നതാണ് ഏറ്റവും താല്പര്യമുള്ള കണക്ക്. അടുത്ത ജൂൺ മാസത്തോടെ ഈ കണക്ക് ലഭ്യമാകുമെന്ന് കരുതാം. പലയിടത്തും കൊറോണമൂലം നേരിട്ട് മരിച്ചവരിൽ ഏറെയാകാം കൊറോണക്കാലത്ത് ഉണ്ടായ മരണ സംഖ്യയുടെ ഉയർച്ച. കൊറോണയുടെ യഥാർത്ഥ തീവ്രത അന്നേ നമുക്ക് മനസ്സിലാവൂ.

English summary
Muralee Thummarukudi explains, what was the BBC report which was celebrated as it exposed the real Covid deaths in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X