Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമയിൽ പകച്ച് നിൽക്കുന്ന ഒരു മുഖ്യമന്ത്രി, ചില മറച്ചുവയ്ക്കലുകൾ, ചില നുണകൾ..'; 2018ന് വിമർശനം

ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ തിയറ്ററുകൾ നിറച്ചിരിക്കുകയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രം. കേരളത്തെ തകർത്തെറിഞ്ഞ 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം വലിയ അഭിപ്രായം നേടിയാണ് മുന്നേറുന്നത്. അതിനിടെ ചിത്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയും സംസ്ഥാന നോളജ് മിഷൻ ഡയറക്ടറുമായ പിഎസ് ശ്രീകല. കുറിപ്പ് വായിക്കാം:

അർദ്ധസത്യത്തിന്റെ അവതരണം നുണപ്രചരണം പോലെ അപകടകരവും അപഹാസ്യവുമാണ്. സാങ്കേതിക സംവിധാനത്തിൻറെ വികാസം നന്നായി പ്രയോജനപ്പെടുത്തുന്ന മേഖലയാണ് സിനിമ. ദേശീയ തലത്തിൽതന്നെ വൻ പ്രേക്ഷകസമൂഹത്തെ ആകർഷിക്കാൻ ചില സിനിമകൾക്ക് കഴിയുന്നത് ഈ സാധ്യതയുടെ കൂടി പശ്ചാത്തലത്തിലാണ്. അതൊരു മഹത്തായ കാര്യമായി ഘോഷിക്കപ്പെടേണ്ടതില്ലെന്നാണ് തോന്നാറുള്ളത്. മറിച്ച്, പ്രമേയേത്തിനനുസൃതമായി അത്തരം സാധ്യതകൾ ഉപയോഗിക്കാതിരിക്കുന്നത് കഷ്ടമെന്ന് പറയേണ്ടതായും വരും.

2018

എന്നാൽ, സിനിമ നുണപ്രചാരണത്തിനുള്ള മാധ്യമമാക്കി മാറ്റാൻ മികച്ച സാങ്കേതിക സംവിധാനത്തെ കൂട്ടുപിടിക്കുന്നത് ബുദ്ധിപരമായ തന്ത്രമാണ്. സിനിമ അറിയുന്ന സംവിധായകനാവുമ്പോൾ ആ തന്ത്രം ഫലപ്രദമാക്കാനും കഴിയും. ജൂഡ് ആന്റണി 2018 എന്ന സിനിമയിൽ പ്രയോഗിച്ചിരിക്കുന്നത് ഇതാണ്. തന്റെ കുറ്റബോധത്തിൽ നിന്ന് രൂപപ്പെട്ടതാണ് ഈ സിനിമ എന്ന് സംവിധായകൻ പറഞ്ഞതായി കണ്ടു. അങ്ങനെ പറഞ്ഞുവോ എന്നറിയില്ല.

പറഞ്ഞിട്ടുണ്ടെങ്കിൽ, ഡാം തുറന്നുവിട്ടതാണ് 2018 ലെ പ്രളയത്തിനു കാരണമെന്ന അശാസ്ത്രീയ നിരീക്ഷണത്തിൽ കുറ്റബോധം തോന്നിയിട്ടുണ്ടാവും എന്നാണ് കരുതിയത്. പക്ഷേ, സിനിമ ആ നിരീക്ഷണത്തെ നിരാകരിക്കുന്നില്ലെന്ന് മാത്രമല്ല, ഒരളവോളം സ്ഥാപിക്കുകയും ചെയ്യുന്നു. 2018ലെ പ്രളയവേളയിൽ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ കേരളീയരെ സിനിമ ബഹുമാനിക്കുന്നു, ആശ്വാസം. പക്ഷേ, അവരെ രംഗത്തിറക്കാൻ "എന്നാപ്പിന്നെ നമ്മളൊരുമിച്ച് ഇറങ്ങുകയല്ലേ" എന്നൊരു സവിശേഷമായ ആഹ്വാനം ഉണ്ടായിരുന്നു. അത് നൽകിയത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സിനിമ അവതരിപ്പിക്കുന്നത് പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്ന നിസ്സഹായനായ ഒരു മുഖ്യമന്ത്രിയെയാണ്.

നാലഞ്ച് വർഷം മുമ്പ് ഉണ്ടായ പ്രളയവും അന്ന് നടന്ന ജനകീയ രക്ഷപ്രവർത്തനങ്ങളും ഓർമ്മിപ്പിക്കുന്ന പോലെയോ രേഖപെടുത്തുന്ന പോലെയോ ആണ് സിനിമ തോന്നിപ്പിക്കുക. തെറ്റാണത്. ഉദാഹരണത്തിന്, മത്സ്യതൊഴിലാളികൾ കേരളത്തിന്റെ സന്നദ്ധസേനയായി മാറിയ അനുഭവം. വിവിധ മതത്തിലും ജാതിയിലും ഉൾപ്പെടുന്നവർ മത്‍സ്യത്തൊഴിലാളികളിൽ ഉണ്ട്. സിനിമ അവതരിപ്പിക്കുന്നത് പോലെ ഏതെങ്കിലും ഒരു മതത്തിന്റെ പുരോഹിതൻ നൽകിയ ആഹ്വാനം കേട്ട് ഇറങ്ങിതിരിച്ചവരായിരുന്നില്ല അവർ.

ജനപ്രതിനിധികളിലും സർക്കാരിലും വിശ്വാസമർപ്പിച്ച്, നേതൃത്വം നൽകാൻ അവരുണ്ടാകുമെന്ന് ഉറപ്പിച്ച് ഇറങ്ങിതിരിച്ചവരാണ് രക്ഷപ്രവർത്തകർ. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ പ്രളയം എന്ന പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്തുകൊടുക്കാൻ സർക്കാർ സംവിധാനം ഉണ്ടായിരുന്നു. രാത്രിയും പകലും ഒരുപോലെ ഉണർന്നിരുന്നു നേതൃത്വം നൽകാൻ മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഇതൊന്നും സംവിധായകൻ കാണുന്നില്ല. അഥവാ, ബോധപൂർവം മറച്ചു വയ്ക്കുന്നു.

ഇത്തരമൊരു സിനിമയ്ക്ക് ആവശ്യമായ ഒരു ഗവേഷണവും നടത്താൻ സംവിധായകൻ തയാറായിട്ടുമില്ല. മീൻമണമുള്ള തൊഴിലാളികൾ സാഹസികമായി എത്തിച്ച ബോട്ടിൽ കയറാൻ വിസമ്മതിച്ച വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ചില കുടുംബങ്ങൾ പോലെ നീചമായ ജാതിബോധത്തിന്റെ വിഷം ഉള്ളിൽ പേറിയിരുന്ന ചിലർ ആ ദുരന്തവേളയിലും ഉണ്ടായിരുന്നു. ബോട്ടുകൾക്ക് രക്ഷപ്രവർത്തനത്തിന് തടസമായി മാറിയിരുന്നത് പ്രധാനമായും വീടുകളുടെ ഉയർന്ന മതിലുകളും ഗേറ്റ്കളും കമാനങ്ങളുമായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് യുവാക്കൾ സ്വയം സന്നദ്ധരായി മുന്നോട്ടു വന്നത്. പ്രാദേശിക സർക്കാരുകളാണ് അവരെ ഏകോപിപ്പിച്ചത്. ജാതി മത വ്യത്യാസമില്ലാതെ ബോട്ടുമായി രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്‍സ്യത്തൊഴിലാളികളുടെ ധീരതയെ കേരളത്തിന്റെ "ബിഗ് സല്യൂട്ട്" നൽകിയാണ് മുഖ്യമന്ത്രി ആദരിച്ചത്. ഇങ്ങനെയിങ്ങനെ നമ്മൾ അറിയുന്ന എത്രയോ സംഭവങ്ങൾ യഥാർഥ്യങ്ങളായുണ്ട്.

സംവിധായകൻ പക്ഷേ, മേരി മാതാ എന്നൊരു ബോട്ട് മാത്രമേ കണ്ടുള്ളൂ. അതിനെ പ്രതീകമാക്കുകയാണ്. അത് പ്രളയകാലത്തിന്റെ സ്മാരകമാണത്രെ.! അങ്ങനെയെങ്കിൽ സിനിമയിൽ അവതരിപ്പിക്കുന്ന പോലെ ആ ബോട്ടിന്റെ ഉടമയും പുരോഹിതനെ നേരിൽ കണ്ട് രക്ഷാപ്രവർത്തനത്തിന് സ്വയം സന്നദ്ധത അറിയിച്ചയാളുമായ മത്‍സ്യത്തൊഴിലാളിയുടെ പേരിലാണല്ലോ സ്മാരകം ഉയരേണ്ടിയിരുന്നത്. എത്രയോ പേരെ അയാൾ രക്ഷിക്കുന്നു.

പെരുമഴയിൽ പൊളിഞ്ഞു വീണ ഓട് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ചുമരിടിഞ്ഞു വീണാണല്ലോ അയാൾ മരണപ്പെടുന്നത്. (പെരുമഴക്കാലത്ത് സ്വാഭാവികം എന്ന് കരുതാം. അല്ലാത്തപ്പോഴും നിരന്തരം ഓട് പൊളിഞ്ഞു വീഴുന്ന കെട്ടിടമായാണ് ആ സ്‌കൂളിനെ അവതരിപ്പിക്കുന്നത്. അങ്ങനെ ഓട് പൊളിഞ്ഞു വീണു കൊണ്ടേയിരിക്കുന്ന ഏത് സ്‌കൂളാണ് 2018 ൽ കേരളത്തിൽ ഉണ്ടായിരുന്നത് എന്നും അറിയില്ല).

ഇതൊന്നുമല്ല, കേരളത്തെ ഉലച്ചുകളഞ്ഞ പ്രളയത്തിനു ശേഷം ദേശീയ ഗവേഷണ ഏജൻസികൾ ഉൾപ്പെടെ വിലയിരുത്തിയ ഒന്നുണ്ട്. 20-30 വർഷമെങ്കിലും വേണ്ടിവരും പ്രളയത്തിൽ നിന്ന് കേരളത്തെ വീണ്ടെടുക്കാൻ എന്നായിരുന്നു അത്. എന്നാൽ, ഇന്നത്തെ കേരളം ആ മഹാ പ്രളയത്തിന്റെ അവശിഷ്ടങ്ങൾ പോലും ബാക്കിവച്ചിട്ടില്ല. വള്ളവും വീടും ഉൾപ്പെടെ നഷ്ടങ്ങൾക്കെല്ലാം പകരം നൽകിക്കൊണ്ട് മനുഷ്യരെ ആത്മവിശ്വാസത്തോടെ ഉയിർത്തെഴുന്നേൽപ്പിച്ച സർക്കാരാണ് കേരളത്തിലുള്ളത് എന്നുപറയാനുള്ള വിമുഖതയ്ക്ക് സംവിധായകന് അദ്ദേഹത്തിന്റെതായ (രാഷ്ട്രീയ) കാരണങ്ങൾ ഉണ്ടാവാം.

എന്നാൽ, ഇത്തരം പ്രമേയങ്ങൾ കലയിലേക്ക് കൊണ്ടുവരുമ്പോൾ, മനുഷ്യരുടെ മറവിക്കു മേൽ വാസ്തവവിരുദ്ധതയുടെ ഓർമ്മപ്പാലം പണിയാൻ ശ്രമിക്കരുത്.
ചില സത്യങ്ങൾ, ചില വക്രീകരണങ്ങൾ, ചില മറച്ചുവയ്ക്കലുകൾ, ചില നുണകൾ... ഇവ ചേർത്താണ് 2018 എന്ന സിനിമയുടെ ഘടന നിർമ്മിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ കലയിൽ ആവിഷ്കരിക്കുമ്പോൾ ഭാവനയും വൈകാരികതയും അതിന് ചേരുന്ന കഥാ സന്നിവേശവും ഒക്കെ ആവാം, പക്ഷേ എന്തിലായാലും സത്യസന്ധത, integrity എന്നൊന്നില്ലെങ്കിൽ പിന്നെ, നുണപ്രചരിപ്പിക്കുന്ന മാധ്യമങ്ങളും കലാവിഷ്കാരവും തമ്മിൽ എന്ത് വ്യത്യാസം?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+