യുപിഐ മൊത്തമായി ഇല്ലാതാവും? യൂസര്‍മാരുടെ ഭീഷണി; ആ ഫീസ് വന്നാല്‍ പിന്നെ ഉപയോഗിക്കില്ല
ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് തിരികൊളുത്തിയത് യുപിഐയുടെ വരവോടെയാണ്. ഇപ്പോള്‍ എന്തിനും ഏതിനും പേമെന്റ് യുപിഐ വഴിയാണ്. എന്നാല്‍ ഒരു വശത്ത് യുപിഐയും അത്തരം ആപ്പുകളും വലിയ വെല്ലുവിളി തന്നെ നേരിടുന്നുണ്ട്. ഗൂഗിള്‍ പേ അടക്കമുള്ള യുപിഐ ആപ്പുകളെ നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശമുണ്ട്.
അതുപോലെ പേടിഎം വലിയ പ്രതിസന്ധിയിലാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിലവിലെ നിയമങ്ങളെ കാറ്റിപറത്തിയുള്ളതാണെന്ന് റിസര്‍വ് ബാങ്ക് അടക്കം പറയുന്നു. ഇതേ തുടര്‍ന്ന് അവര്‍ക്ക് ഇടപാടുകളില്‍ നിരോധനവും കൊണ്ടുവന്നിരുന്നു. എന്നാല്‍ യുപിഐ തന്നെ ഇല്ലാതാവുമോ എന്ന സംശയവും ഇതിനിടെ ശക്തമായിരിക്കുകയാണ്.

നിര്‍ണായകമായ ഒരു സര്‍വേ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യുപിഐ ഇടപാടുകള്‍ അവസാനിപ്പിക്കുമെന്നാണ് ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇടപാടുകള്‍ക്ക് നിശ്ചിത തുക യുപിഐ ഈടാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് സംഭവിച്ചാല്‍ യുപിഐ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് യൂസര്‍മാര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ലോക്കല്‍ സര്‍ക്കിള്‍സാണ് സര്‍വേ നടത്തിയത്. ബാങ്കുകളെ പോലെ യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വാങ്ങാറില്ല. അതുകൊണ്ടാണ് നല്ലൊരു ശതമാനവും ഈ പേമെന്റ് രീതി തന്നെ പിന്തുടരുന്നത്. ഇനി അത്തരമൊരു ചാര്‍ജ് യൂസര്‍മാര്‍ക്ക് ചുമത്തിയാല്‍ പലരും യുപിഐ ഉപയോഗിക്കുന്നത് കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സര്‍വീസ് ചാര്‍ജ് എത്രയാണെന്ന് നോക്കി തീരുമാനമെടുക്കുമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ചില യുപിഐ പ്ലാറ്റ്‌ഫോമുകളും മെര്‍ച്ചെന്റുകളും ട്രാന്‍സാക്ഷന്‍ ഫീസോ, കണ്‍വീനിയന്‍സ് ഫീസോ ഉപയോക്താക്കള്‍ക്ക് ചുമത്താറുണ്ട് സര്‍വേ പറയുന്നു. യുപിഐ ഇടപാടുകളില്‍ ഇത്തരം സംഭവങ്ങള്‍ ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയില്‍ ഒന്നിലധികം തവണ യുപിഐ ഇടപാടുകളില്‍ ഇത്തരം സര്‍വീസ് ചാര്‍ജ് ഈടാക്കിയെന്ന് 37 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഫെബ്രുവരിയില്‍ യുപിഐ ഇടപാടുകള്‍ 18 ലക്ഷം കോടിയില്‍ എത്തിയിരുന്നു. ഇത് റെക്കോര്‍ഡാണ്. ഫിന്‍ടെക് കമ്പനികള്‍ ഇടപാടുകള്‍ക്ക് നിശ്ചിത തുക ഈടാക്കുന്ന കാര്യം ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപയോക്താക്കള്‍ ഇതിനെ നല്ല രീതിയില്‍ അല്ല കാണുന്നതെന്ന് വ്യക്തമാണ്.
അതേസമയം എംഡിആര്‍ അഥവാ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിനായി കുറച്ചുകാലമായി ഫിന്‍ടെക് മേഖലയില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. ഇടപാടുകളില്‍ നിന്ന് യാതൊരു വരുമാനവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. 2022ല്‍ യുപിഐ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ചുമത്താനുള്ള തീരുമാനമില്ലെന്ന് ധനമന്ത്രാലയം അറിയിച്ചതാണ്.
എന്നാല്‍ ചിലര്‍ ആ ചാര്‍ജ് ചുമത്തുന്നുണ്ടെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഐആര്‍സിടിസി യുപിഐ പേമെന്റുകള്‍ക്ക് ഇരുപത് രൂപയാണ് കണ്‍വീനിയന്‍സ് ഫീ ചുമത്തുന്നത്. 23 ശതമാനം ആളുകള്‍ മാത്രമാണ് ഇത്തരമൊരു തുക നല്‍കാമെന്ന് പറയുന്നത്. 73 ശതമാനം പേരാണ് യുപിഐ ഉപയോഗിക്കുന്നത് തന്നെ ഇക്കാരണത്താല്‍ നിര്‍ത്തുമെന്ന് അറിയിച്ചത്.












Click it and Unblock the Notifications