ആ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ ഇന്നത്തെ കോണ്‍ഗ്രസ് ആയി... 415 ല്‍ നിന്ന് 52 ലേക്ക്!
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍, അത് ഒടുവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തന്നെ എത്തിനില്‍ക്കും. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തില്‍ ഏറ്റവും നിര്‍ണായകമായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ ആയിരുന്നു. സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം ആ പാര്‍ട്ടി അങ്ങനെ തന്നെ തുടരേണ്ടതുണ്ടോ എന്നൊക്കെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഗാന്ധിജിയ്ക്ക് തന്നെ അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
എന്തായാലും സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്നതിലും പ്രധാനപങ്ക് വഹിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ മുഴുവന്‍ ഭരിച്ചിരുന്ന ആ രാഷ്ട്രീയ പാര്‍ട്ടി തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ആണ് ഇന്ന് കോണ്‍ഗ്രസിന് ഭരണമുള്ളത്. എന്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തുടക്കം തന്നെ ഇന്ത്യക്കാരന് അല്ലാത്ത ഒരാളില്‍ നിന്നായിരുന്നു. ചരിത്രപാഠങ്ങളില്‍ എല്ലാവരും പഠിച്ചിട്ടുള്ളതുപോലെ അലന് ഒക്ടേവിയന് ഹ്യും എന്ന എ ഒ ഹ്യൂം ആയിരുന്നു ആ ആള്. 1984 ല്‍ ഇന്ത്യന്‍ നാഷണല്‍ യൂണിയന് എന്നപേരിലാണ് സംഘടന രൂപം കൊണ്ടത്. 1985 ല്‍ ആണ് അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയി മാറുന്നതും ആദ്യ സമ്മേളനം നടക്കുന്നതും. വൈസ്രോയിയുടെ അനുമതിയോടേയും ആശീര്വാദത്തോടേയും ആയിരുന്നു കോണ്‍ഗ്രസിന്റെ തുടക്കം. എഒ ഹ്യൂം ഒരു സ്കോട്ട്ലാന്ഡുകാരനും ആയിരുന്നു.

1985 ഡിസംബര്‍ 28 മുതല്‍ 31 വരെ മുംബൈയില്‍ വച്ചായിരുന്നു ആദ്യ സമ്മേളനം നടന്നത്. ആദ്യം പൂണെയില്‍ വച്ച് നടത്താനിരുന്നതായിരുന്നു ഈ സമ്മേളനം. എന്നാല്‍ പ്ലേഗ് വ്യാപനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് മാറ്റി. ഡബ്ല്യുസി ബാനര്‍ജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുക എന്നത് അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമേ ആയിരുന്നില്ല എന്നത് കൂടി ഓര്‍ക്കണം. സംഘടന തുടങ്ങി 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഉണ്ടായത് 16 പ്രസിഡന്റുമാര്‍ ആണ്. അതില്‍ മൂന്ന് പേര് ഇംഗ്ലീഷുകാര്‍ ആയിരുന്നു. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏക മലയാളി അധ്യക്ഷനായ ചേറ്റൂര്‍ ശങ്കരന് നായരും ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിട്ടുണ്ട്.

1900 ന്റെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ബ്രിട്ടീഷുകാരുമായുള്ള നിരന്തര പോരാട്ടത്തിലേക്ക് സംഘടന എന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടന്നുതുടങ്ങി. എന്നാല്‍ ആ ഘട്ടത്തില്‍ കോണ്‍ഗ്രസ് രണ്ട് ഗ്രൂപ്പുകളായി മാറിയിരുന്നു (ഇന്ന് മാത്രമല്ല, അന്നേ ഗ്രൂപ്പുകള്‍ സജീവമായിരുന്നു എന്നും പറയാം). എന്തായാലും ഇന്നത്തെ ഗ്രൂപ്പുകള്‍ പോലെ വ്യക്തികേന്ദ്രീകൃതമായിരുന്നില്ല ആ ഗ്രൂപ്പുകള്‍. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിലും മിതവാദികളും ബാലഗംഗാധര തിലകന്റെ നേതൃത്വത്തിലുള്ള ഉത്പതിഷ്ണുക്കളും ആയിരുന്നു ആ ഗ്രൂപ്പുകള്‍. ഇതിനിടയിലാണ് കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി മുസ്ലീം ലീഗ് രൂപീകരിക്കപ്പെടുന്നത്. 1905 ലെ ബംഗാള്‍ വിഭാജനത്തോടെയാണ് കോണ്‍ഗ്രസ് ഒരു ബഹുജന മുന്നേറ്റമായി മാറുന്നത്. സുരേന്ദ്രനാഥ ബാനര്‍ജി ആയിരുന്നു അന്ന് അധ്യക്ഷന്‍.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ആണ് കോണ്‍ഗ്രസ് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലേക്ക് എടുത്തുചാടുന്നത്. അതിന് കാരണക്കാരില്‍ മഹത്മാ ഗാന്ധി തന്നെ ആയിരുന്നു മുന്നില്‍. പിന്നീടങ്ങോട്ട് സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ഗാന്ധിജിയിലൂടെയാണ് മുന്നോട്ട് കുതിച്ചത്. ഖിലാഫത്ത് പ്രസ്ഥാനവുമായി കൈകോര്‍ത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ നീക്കം ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ഗാന്ധിയുടെ സത്യഗ്രഹം എന്ന സമരമുറയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറെ നിര്‍ണായകമായിരുന്നു. അഹിംസയില്‍ അധിഷ്ഠിതമായ ഗാന്ധിയന്‍ ചിന്തകളോടായിരുന്നു ഭൂരിപക്ഷത്തിനും പിന്തുണയെങ്കിലും ഉത്പതിഷ്ണുക്കളുടെ ഒരു ധാരയും കോണ്‍ഗ്രസില്‍ സജീവമായിരുന്നു. 1924 ല്‍ ആണ് ഗാന്ധിജി കോണ്‍ഗ്രസിന്റെ അധ്യക്ഷനാകുന്നത്. ആ ഒരൊറ്റ തവണ മാത്രമേ ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായിട്ടുള്ളു.

ഏറ്റവും അധികം തവണ കോണ്‍ഗ്രസ് അധ്യക്ഷനായിട്ടുള്ള വ്യക്തി ജവഹര്‍ലാല്‍ നെഹ്റുവാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഉള്ള കണക്ക് പ്രകാരമാണിത്. നെഹ്റു ആദ്യമായി കോണ്‍ഗ്രസ് അധ്യക്ഷനായപ്പോള് ആണ് പൂര്‍ണ സ്വരാജ് എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പിന്നീട് സമരകലുഷിതമായ നാളുകളായിരുന്നു ഇന്ത്യയില്‍. ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വതന്ത്രമാകുമ്പോള്ജെബി കൃപലാനി ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. 1947 ന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതുചരിത്രം തുടങ്ങുന്നു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്റു സ്ഥാനമേല്ക്കുന്നു. എന്നാല്‍ 1952 ല്‍ ആണ് രാജ്യത്ത് ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 401 ലോക്സഭ മണ്ഡലങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. 364 സീറ്റ് നേടി വന്‍ ഭൂരിപക്ഷത്തില്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു- 16 സീറ്റുകള്‍. 1957 ലെ രണ്ടാം തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളായിരുന്നു. അന്ന് കോണ്‍ഗ്രസ് വിജയിച്ചത് 371 സീറ്റുകളില്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സീറ്റുകള്‍ 27 ആയി ഉയര്‍ന്നു. 1962 ല്‍ ലോക്സഭ സീറ്റുകള്‍ 494 ആയി. അന്ന് 361 സീറ്റുകളോടെ വീണ്ടും കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അവസാന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. 1964 ല്‍ അന്തരിക്കും വരേയ്ക്കും നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ന്നു. 16 വര്‍ഷവും 286 ദിവസങ്ങളും പ്രധാനമന്ത്രി പദത്തിലിരുന്ന് നെഹ്റു സൃഷ്ടിച്ച റെക്കോര്‍ഡ് ഇപ്പോഴും അതുപോലെ തുടരുന്നു.

നെഹ്റുവിന് ശേഷം കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ചെറിയൊരു കിതപ്പ് സംഭവിച്ചിരുന്നു. 1967 ല്‍ നെഹ്റുവില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് 283 സീറ്റുകളില്‍ ഒതുങ്ങി. ലോക്സഭയിലെ മൊത്തം അംഗസംഖ്യ അപ്പോള്‍ 520 ആയിരുന്നു. ഇന്ദിര ഗാന്ധി യുഗത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. ഇന്ദിരയുടെ അപ്രമാദിത്തത്തില്‍ പ്രകോപിതരായ കാമരാജും സംഘവും അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇന്ദിര ശക്തി പ്രകടിപ്പിച്ചു തന്നെ നിന്നു. 1971 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് 352 സീറ്റുകളുടെ പിന്‍ബലത്തില്‍ ആയിരുന്നു. സിപിഐ പിളര്‍ന്ന് സിപിഎം രൂപീകരിച്ചിരുന്നു അപ്പോഴേക്കും. ആ തിരഞ്ഞെടുപ്പില്‍ സിപിഎം 25 സീറ്റിലും സിപിഐ 23 സീറ്റിലും വിജയിച്ചിരുന്നു എന്നത് കൂടി ഈ ചരിത്രത്തോടൊപ്പം ഓര്‍മിക്കപ്പെടേണ്ടതാണ്.

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍ കൂടി കോണ്‍ഗ്രസ് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് ഇതേ കാലഘട്ടത്തില്‍ തന്നെയാണ്. ഇന്ദിരഗാന്ധി ഒരു ഏകാധിപതിയാവുകയും രാഷ്ട്രീയ എതിരാളികളെ എല്ലാം ഇരുമ്പഴിയ്ക്കുള്ളിലാക്കുകയും ചെയ്ത കിരാതകാലം ആയിരുന്നു അത്. അതിന്റെ പ്രതിഫലനം 1977 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിലാണ് കണ്ടത്. കോണ്‍ഗ്രസ് വെറും 154 സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍ 1980 ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി അതിശക്തയായി തിരിച്ചെത്തി. 353 സീറ്റുകളുടെ പിന്‍ബലത്തില്‍ ഭരണത്തിലെത്തി. പക്ഷേ, 1984 ഒക്ടോബര്‍ 31 ന് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര കൊല്ലപ്പെട്ടു. കോണ്‍ഗ്രസിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്.

ഇന്ദിരയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് മകന് രാജീവ് ഗാന്ധി ആയിരുന്നു. രാഷ്ട്രീയവുമായി അതുവരെ ബന്ധമൊന്നും ഇല്ലാതിരുന്ന രാജീവിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. 1984 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആണ് കോണ്‍ഗ്രസ് റെക്കോര്‍ഡ് വിജയം നേടിയത്. 543 ല്‍ 415 സീറ്റുകളും സ്വന്തമാക്കിയായിരുന്നു രാജീവ് ഗാന്ധി അധികാരത്തിലേറിയത്. എന്നാല്‍ 1989 ലെ തിരഞ്ഞെടുപ്പില്‍ ആ വിജയം ആവര്‍ത്തിക്കാന്‍ രാജീവിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് വീണ്ടും ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. വിപി സിങിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാര്‍ ആയിരുന്നു അന്ന് അധികാരത്തിലേറിയത്. പക്ഷേ, ആ സര്‍ക്കാരിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 1991 ലെ പൊതുതിരഞ്ഞെടുപ്പിനിടെ ആയിരുന്നു രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത കൊലപാതകം. ഇതോടെ കോണ്‍ഗ്രസ് രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും വീണ്ടും കലുഷിതമാവുകയും മാറിമറിയുകയും ചെയ്തു. 244 സീറ്റുകളോടെ അന്ന് നരസിംഹ റാവു സര്‍ക്കാര്‍ അധികാരത്തിലേറി. ഇന്ത്യയുടെ ചരിത്രത്തിലെ വലിയ നയമാറ്റങ്ങള്ക്കായിരുന്നു പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. നെഹ്റൂവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോവുകയും മുതലാളിത്ത നവലിബറല്‍ ആശയങ്ങളെ പുല്കുകയും ചെയ്തത് ഈ ഘട്ടത്തിലാണ്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നെഹ്റു കുടുംബത്തിന്റെ സജീവ സാന്നിധ്യമില്ലാതിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. പിന്നീട് 1998 ല്‍ ആണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. അതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ബിജെപി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതും ഇക്കാലത്ത് തന്നെ. ആദ്യമായി കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി സീറ്റുകള്‍ നേടിയത് 1996 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. അന്ന് ബിജെപി നേടിയത് 161 സീറ്റുകളും കോണ്‍ഗ്രസ് നേടിയത് 140 സീറ്റുകളും. അസ്ഥിരമായ സര്‍ക്കാരുകളുടെ കൂടി കാലമായിരുന്നു അത്. 1998 ല്‍ വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പ് നടപ്പോള്‍ ബിജെപി സ്ഥിതി വീണ്ടും മെച്ചപ്പെടുത്തി 182 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 141 ല്‍ ഒതുങ്ങി. 1999 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ഇത്തവണ ബിജെപി 182 സീറ്റ് നേടി, കോണ്‍ഗ്രസ് 114 ല്‍ ഒതുങ്ങി. ബിജെപി ആദ്യമായി കേന്ദ്രത്തില്‍ കാലാവധി തികച്ചത് അത്തവണ അടല്‍ ബിഹാരി വാജ്പേയിയുയുടെ നേതൃത്വത്തില്‍ ആയിരുന്നു.

സോണിയ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസില്‍ പുതുഉണര്‍വ്വ് പ്രകടമായിരുന്നു. 2004 ലെ തിരഞ്ഞെടുപ്പില്‍ അത് പ്രകടമാവുകയും ചെയ്തു. അന്ന് 145 സീറ്റുകളോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി 138 ലേക്ക് ഒതുങ്ങി. സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികളെ കൂടെ ചേര്‍ത്ത് യുപിഎ എന്ന സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. സര്‍ക്കാരിന്റെ അവസാനകാലത്ത് ആണവകരാറിനെ ചൊല്ലി സിപിഎമ്മും സിപിഐയും പിന്തുണ പിന്‍വലിച്ചു. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് വലിയ ശക്തിയായി മാറുന്നത് രാജ്യം കണ്ടു. 206 സീറ്റുകളില്‍ ആയിരുന്നു വിജയം. ബിജെപി 116 ലേക്ക് ഒതുങ്ങി. ഇടതുപാര്‍ട്ടികളുടെ പിന്തുണയില്ലാതെ യുപിഎ വീണ്ടും അധികാരത്തിലേറി. മന്മോഹന് സിങ് ആയിരുന്നു തുടര്‍ച്ചയായി രണ്ടാംതവണയും പ്രധാനമന്ത്രിപദവിയില്‍ എത്തിയത്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ രാജ്യത്തെ കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടിയ ഒരു സംവിധാനമായി അധ:പതിയ്ക്കുകയായിരുന്നു.

2014 ലെ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചത് യുപിഎ/ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തിനൊപ്പം മോദി തരംഗം കൂടി ആയിരുന്നു. ബിജെപി 282 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് ഭരിക്കാന്‍ ശേഷി സ്വന്തമാക്കിയ തിരഞ്ഞെടുപ്പായിരുന്നു അത്. കോണ്‍ഗ്രസ് വെറും 44 സീറ്റുകളിലേക്ക് ചുരുങ്ങി. ഇനിയൊരു തിരിച്ചുവരവ് പോലും അസാധ്യമാകുന്ന രീതിയില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പരാജയം. 2017 ല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം സോണിയ ഗാന്ധിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഏറ്റെടുത്തു. 19 വര്‍ഷത്തിന് ശേഷം ആയിരുന്നു സോണി സ്ഥാനം ഒഴിഞ്ഞത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് രാഹുല്‍ ഗാന്ധി ആയിരുന്നു. കോണ്‍ഗ്രസ് 44 ല്‍ നിന്ന് 52 ലേക്ക് ഉയര്‍ന്നെങ്കിലും 303 സീറ്റുകളുടെ റെക്കോര്‍ഡുമായിട്ടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. ഇതോടെ രാഹുല്‍ ഗാന്ധി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞു. പിന്നീട് സോണിയ ഗാന്ധിയ്ക്ക് തന്നെ ആ പദവി ഏറ്റെടുക്കേണ്ടി വരികയും ചെയ്തു.
Recommended Video

ഇതുവരെ പറഞ്ഞ കോണ്‍ഗ്രസിന്റെ ചരിത്രം സ്വാതന്ത്ര്യ സമരത്തിന് മുമ്പും പിമ്പും ഉള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ലോക്സഭ തിരഞ്ഞെടുപ്പുകളെ മാത്രം മുന്‍നിര്‍ത്തിയുള്ളതും. സംസ്ഥാനങ്ങളില്‍ ഇക്കാലഘട്ടത്തില്‍ കോണ്‍ഗ്രസിനുണ്ടായ തളര്‍ച്ച അതിലും വലുതാണ് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഇന്ന് വെറും 3 സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള ഒരു പാര്‍ട്ടിയായി തീര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ്.
-
ഒരിക്കല്‍ പോലും തലകുനിച്ചില്ല; വിശുദ്ധ റമദാനിലെ ധീര രക്തസാക്ഷിത്വം എന്ന് മുനവ്വറലി തങ്ങള്‍ -
വെട്ടിനിരത്തലുമായി സിപിഎം; മണിയും സ്വരാജും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്ത് -
മുസ്ലിം ലീഗിന് 2 സീറ്റ് മാത്രം; ചിഹ്നം മാറില്ല, കോണ്‍ഗ്രസുമായി യോജിക്കാതെ ഡിഎംകെ, തര്‍ക്കം -
സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി എ.എ. റഹീം; വർക്കലയിൽ ജോയി -
യു.ഡി.എഫ് കോട്ട തകർക്കാൻ 'ഷൈലജ ടീച്ചർ'; പേരാവൂരിൽ ഇത്തവണ മത്സരം കടുക്കും -
വിശ്വാസികൾക്കൊപ്പം; ശബരിമല യുവതിപ്രവേശനത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ് -
അമേരിക്കയും ഇസ്രായേലും ലോകത്തിന്റെ ശത്രുക്കൾ; വിമർശനവുമായി എം സ്വരാജ് -
സ്വർണം വിൽക്കാനുണ്ടോ? 1 പവനായാലും 10 പവനായാലും ലക്ഷങ്ങൾ കൈയ്യിൽ കിട്ടും..ഇതാണ് ആ സമയം -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; കേരള വിപണിയില്‍ ട്വിസ്റ്റ്, ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, പവന് വില -
സ്വർണ വില പവന് 1.87 ലക്ഷത്തിലേക്ക്? പവൻ വില 3 ലക്ഷം കടന്നേക്കും..അമ്പരപ്പിച്ച് പുതിയ പ്രവചനം -
അടുക്കളയില്‍ പല്ലികള്‍ മുട്ടയിട്ട് പെരുകുന്നുണ്ടോ? പല്ലി മുട്ടകള്‍ കണ്ടെത്താനുള്ള വഴികള്‍ ഇതാ -
സ്വർണ വില ഗ്രാമിന് 17000ത്തിന് മുകളിലേക്ക്? തിങ്കളാഴ്ച സ്വർണം കത്തിക്കയറും..പവൻ വില 1.50 ലക്ഷമാകും?












Click it and Unblock the Notifications