നട്ടുച്ചയ്ക്കും മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന അമ്മച്ചിക്കൊട്ടാരവും ആനചാടിക്കുത്ത് വെള്ളച്ചാട്ടവും;യാത്ര പൊളിക്കും
ഈ മഴക്കാലത്ത് അല്ലാതെ വെള്ളച്ചാട്ടം കാണാൻ പോകാൻ പറ്റിയ സമയം ഏതാണല്ലേ. യാത്രയൊക്കെ പോകാം. പക്ഷെ സുരക്ഷിതമാണെന്ന് ഉറപ്പാക്കി മാത്രം ബാഗ് പാക്ക് ചെയ്യുന്നതായിരിക്കും ഉത്തമം. അപ്പോൾ അങ്ങനെയൊരിടം ഏതാണെന്നായിരിക്കും അടുത്ത ചോദ്യം. ഉണ്ട്, ഇടുക്കിയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ആനചാടിക്കുത്ത് വെള്ളച്ചാട്ടം. കേരളത്തിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടങ്ങളിലൊന്നാണത്രേ ഇത്.
ഇനി എങ്ങനെ പോകുമെന്നാണെങ്കിൽ കൂടുതൽ ആലോചിക്കേണ്ട. കിളിമാനൂർ കെഎസ്ആർടിസിയുടെ പാക്കേജെടുത്ത് വെള്ളച്ചാട്ടം ആസ്വദിക്കാം. ആനചാടിക്കുത്തും പട്ടുമല ദേവാലയവും അമ്മച്ചിക്കൊട്ടാരവുമെല്ലാം കണ്ട് മടങ്ങാൻ പറ്റുന്ന വിധത്തിലുള്ള ഏകദിന പാക്കേജാണ് ബജറ്റ് സെൽ അവതരിപ്പിച്ചിരിക്കുന്നത്. അതിരാവിലെ നാല് മണിയോടെയാണ് കിളിമാനൂരിൽ നിന്നും യാത്ര പുറപ്പെടുന്നത്. രാത്രി 10 മണിയോടെ തിരിച്ചെത്തുകയും ചെയ്യും. സ്ഥലങ്ങളെ കുറിച്ച് അറിയാം

ഇടുക്കിയിലെ തൊടുപുഴയ്ക്ക് അുത്ത് വണ്ണപ്പുറം പഞ്ചായത്തിലാണ് ആനചാടക്കുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.എന്തുകൊണ്ടാണ് ഈ പേര് വന്നതെന്ന കൗതുകം ആർക്കും ഉണ്ടാകും. അതിന് പിന്നിലെ കഥ ഇങ്ങനെയാണ്-ഒരിക്കൽ ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ വെച്ച് രണ്ട് കൊമ്പൻമാർ കൊമ്പുകോർത്തത്രേ. അടിപിടിക്കിടെ ഒരാൾ താഴേക്ക് വഴുതി വീണു, അങ്ങനെയാണ് ഈ പേര് ലഭിച്ചത്. രൗദ്രഭാവത്തിൽ തന്നെയാണ് വെള്ളച്ചാട്ടം കുത്തിയൊലിച്ച് താഴോട്ട് ഇറങ്ങുന്നത്. എന്ന് വെച്ച് അപകടകരമല്ല ഇവിടം. വെള്ളച്ചാട്ടത്തിന്റെ അതിന്റെ വന്യതയിൽ പൂർണമായി ആസ്വദിക്കണമെങ്കിൽ ഒക്ടോബറിനുള്ളിൽ വരണം.
ആനചാടിക്കുത്തിന് സമീപത്ത് തന്നെയാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് ഈ പാക്കേജ്. എന്നിരുന്നാലും എത്തിച്ചേരാൻ എളുപ്പമായതുകൊണ്ടും കൂടുതൽ മനോഹരിയും അപകട സാധ്യത കുറവാണെന്നതിനാലും സഞ്ചാരികൾ കൂടുതലായി എത്തുന്നത് ആനചാടിക്കുത്തിലേക്കാണ്.
പട്ടുമല ദേവാലയം
ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ തീർത്ഥാനട കേന്ദ്രങ്ങളിലൊന്നാണ് പട്ടുമല ദേവാലയം. തേയില തോട്ടങ്ങൾക്ക് നടുവിലാണ് ഈ പരിശുദ്ധ മാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ എട്ട് നോമ്പ് തിരുനാൾ പ്രസിദ്ധമാണ്.
അമ്മച്ചിക്കൊട്ടാരം
ഇടുക്കി കുട്ടിക്കാനത്തെ അതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഈ അമ്മച്ചിക്കൊട്ടാരം. നട്ടുച്ചയ്ക്കും മഞ്ഞിൽ മൂടി നിൽക്കുന്ന കൊട്ടാരത്തിന്റെ കാഴ്ച കണ്ട് തന്നെ ആസ്വദിക്കണം. 210 വർഷത്തോളം പഴക്കമുള്ള ഈ കൊട്ടാരം ജെ ഡി മൺറോ എന്ന വിദേശിയാണ് നിർമ്മിച്ചത്.തിരുവിതാംകൂർ രാജാവിന്റെ വേനൽക്കാല വസതിയായിരുന്നത്രേ ഇവിടം. അന്ന് രാജാവിന്റെ ഭാര്യമാരെ അമ്മച്ചിയെന്ന് വിളിച്ചിരുന്നതിനാലാണ് ഈ കൊട്ടാരത്തിന് അമ്മച്ചിക്കൊട്ടാരം എന്ന പേര് വരാൻ കാരണം.
എന്തായാലും ഈ മൂന്ന് സ്ഥലങ്ങളും കണ്ട് ആസ്വദിക്കാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ 9633732363, 9447013457, 9645667733












Click it and Unblock the Notifications