വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിംഗുകൾക്കും ചിലവ് കുത്തനെ കുറയും; ജിഎസ്ടി പരിഷ്കരിച്ചു
ധനമന്ത്രി നിർമലാ സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. നാല് ജിഎസ്‌ടി നികുതി സ്ലാബുകൾ 5 ശതമാനം, 18 ശതമാനം ഇങ്ങനെ രണ്ട് സ്ലാബുകളായി കുറയും.
പുതുക്കിയ ഘടനയിൽ ഹോട്ടലുകൾക്കും വിമാനയാത്രയ്ക്കുമുള്ള നികുതി നിരക്കുകളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉത്സവ സീസണും വിവാഹ സീസണും മുന്നിൽക്കണ്ടുള്ള നീക്കം വിനോസഞ്ചാര മേഖലയ്ക്കും വലിയ ഗുണം ചെയ്യും. 2025 സെപ്റ്റംബർ 22 മുതലായിരിക്കും പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരിക. നിരക്കുകളിൽ ഇളവ് വരുത്തിയതോടെ വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിംഗുകൾക്കും ചിലവ് കുത്തനെ കുറയും.

ഹോട്ടൽ താമസത്തിന് ജി എസ് ടി കുറച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. നേരത്തെ, ഒരു രാത്രിക്ക് 7,500 രൂപ വരെ വാടകയുള്ള മുറികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റോടുകൂടി (ITC) 12% നികുതി ഈടാക്കിയിരുന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം, ഈ മുറികൾക്ക് ഇപ്പോൾ ഐടിസി ഇല്ലാതെ 5 ശതമാനം ജി എസ് ടി മാത്രമേ ഈടാക്കൂ.
മുറികളുടെ വാടകയെ അടിസ്ഥാനമാക്കി ഹോട്ടലുകൾക്കുള്ള ജി എസ് ടി നിരക്കുകളിൽ കൗൺസിൽ മാറ്റം വരുത്തി. ഒരു രാത്രിക്ക് 1,000 രൂപയിൽ താഴെയുള്ള മുറികൾക്ക് ജി എസ് ടി ഉണ്ടാകില്ല. 1,000 രൂപയ്ക്കും 7,500 രൂപയ്ക്കും ഇടയിലുള്ള മുറികൾക്ക് മുമ്പുണ്ടായിരുന്ന 18 ശതമാനം ജി എസ് ടിക്ക് പകരം ഇപ്പോൾ 12 ശതമാനം മാത്രം മതി. 7,500 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഹോട്ടലുകൾക്ക് 18 ശതമാനം ജി എസ് ടി തുടർന്നും ബാധകമായിരിക്കും.
വിമാനയാത്രയ്ക്കും കുറഞ്ഞ നികുതി നിരക്കുകൾ ലഭ്യമാകും. ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 12 ശതമാനം ജി എസ് ടിയായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. പകരം ഇനി 5 ശതമാനം ജി എസ് ടി മാത്രം മതിയാകും. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് നേരത്തെ ഉണ്ടായിരുന്ന 18 ശതമാനത്തിന് പകരം 12 ശതമാനം നികുതിയാകും. പുതിയ പരിഷ്കരണത്തോടെ
വിമാനയാത്ര കൂടുതൽ താങ്ങാനാവുന്നതും ബിസിനസ് യാത്രയ്ക്കുള്ള ചിലവ് കുറയുകയും ചെയ്യും. നിരക്ക് കുറയുന്നതോ ഇത് വിമാനയാത്രയ്ക്കുള്ള ആവശ്യം വർധിപ്പിക്കാനും സാധ്യതയുണ്ട്. കോവിഡ് മഹാമാരിയിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ഈ പുതുക്കിയ ജിഎസ്ടി നിരക്കുകൾ വളർച്ച നൽകുമെന്നാണ് പ്രതീക്ഷ.
ഹോട്ടലുകൾക്കും വിമാനങ്ങൾക്കും നികുതി കുറയുന്നത് ഉപഭോക്തൃ മനോഭാവം മെച്ചപ്പെടുത്താനും യാത്ര കൂടുതൽ ആകർഷകവും താങ്ങാനാവുന്നതുമാക്കാനും സഹായിക്കും. ഹോട്ടലുകൾക്കും വിമാനയാത്രയ്ക്കും നികുതി നിരക്കുകൾ കുറയുന്നതോടെ താമസവും യാത്രയും കൂടുതൽ ചിലവ് കുറഞ്ഞതാകും. സ്വാഭാവികമായും വരും നാളുകളിൽ വിനോദസഞ്ചാര മേഖലയ്ക്ക് ഇത് വലിയ ഉൻമേഷം നൽകും.












Click it and Unblock the Notifications