ഗവി,90 കിമി നീളുന്ന വനയാത്ര, കൊച്ചു പമ്പയിൽ നിന്ന് ട്രെക്കിങ്; പാക്കേജ് ഇനി കോസ്റ്റ്ലി ആണേ..
പത്തനംതിട്ട: കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം പാക്കേജുകളിൽ ഏറ്റവും ഹിറ്റായ യാത്രയാണ് ഗവി. ഏത് ഡിപ്പോയിൽ നിന്നും ഗവി പാക്കേജ് പ്രഖ്യാപിച്ചാലും ആളുകൾ ഒഴുകും. ആനവണ്ടിയിൽ 90 കിമിയോളം ദൂരത്തിൽ കാട്ടിനുള്ളിലൂടെയുളള ഗവി യാത്രയ്ക്കായി ആളുകൾ എത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ.
വേനൽക്കാലമായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ഗവിയിലേക്കുള്ള യാത്ര താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ കെഎസ്ആർടിസിയും പാക്കേജുകൾ നിർത്തി. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഗവി സഞ്ചാരികൾക്കായി തുറന്നു. ഇതോടെ ഗവി ട്രിപ്പുകളും കെ എസ് ആർ ടി സി പുനഃരാരംഭിച്ചിട്ടുണ്ട്. അതോടൊപ്പം പാക്കേജിന്റെ നിരക്കും ഉയർത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. മെയ് 1 മുതൽ പുതുക്കിയ തുക നിലവിൽ വരും.

യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉള്‍പ്പെടെ നിലവിൽ 1300 രൂപയാണ് പത്തനംതിട്ടയിൽ നിന്നുള്ള യാത്രക്ക് ഈടാക്കിയിരുന്നത്. എന്നാൽ ഗവി പാക്കേജിൽ കൊച്ചുപമ്പയില്‍ നിന്ന് 2 കിലോമീറ്റര്‍ ട്രെക്കിങ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയാണ് ഇതോടെ കൂടതലായി ചെലവ് വരിക. ട്രെക്കിങിന് പോകാത്തവരും പണം അടക്കണം.
കെ എസ് ആർ ടി സി ബസിൽ 90 കീമി നീളുന്ന വനയാത്ര തന്നെയാണ് ഗവി പാക്കേജിലെ പ്രധാന ആകർഷണം. പുള്ളിമാനുകൾ, കാട്ടുപോത്തുകൾ തുടങ്ങി നിരവധി വന്യമൃഗങ്ങളേയും യാത്രയിൽ കാണാനാകും. കെഎസ്ഇബിയുടെ കീഴിലുള്ള 8 ഡാമുകൾ ഈ വഴിയിൽ ഉണ്ട്. ഇതിൽ മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവയും യാത്രക്കാർക്ക് കാണാൻ അവസരം ഉണ്ട്.മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്. കൊച്ചുപമ്പയിലായിരിക്കും ഉച്ചഭക്ഷണവും വിശ്രമവും.ഗവിയിൽ നിന്നും തിരിച്ച് അതേ വഴി പത്തംതിട്ടയിലേക്ക് മടങ്ങി വരാനുള്ള അനുമതി ഇല്ല. അതിനാൽ പരുന്തുംപാറ കൂടി കറങ്ങിയാണ് തിരികെ മടങ്ങാറുള്ളത്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകള്‍.












Click it and Unblock the Notifications