സൈലന്റ് വാലിയിലൂടെ ഇനി വൈകീട്ടൊരു സഫാരി ആയാലോ? വേറെ വൈബാണ് കാട്ടിലെ സായാഹ്ന കാഴ്ചകൾ
കാടിനുള്ളിൽ പ്രകൃതി ഒളിപ്പിച്ച അത്ഭുങ്ങളും കൗതുകങ്ങളും കാഴ്ചകളുമെല്ലാം ആസ്വദിച്ചൊരു യാത്ര ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളതല്ലേ. അത്തരത്തിൽ കാനനഭംഗി ആസ്വദിക്കാൻ മലയാളികൾ കൂടുതലായി എത്തുന്ന ഇടമാണ് പാലക്കാട് ജില്ലയുടെ ഭാഗമായ സൈലന്റ് വാലി കാടുകൾ. മഴയായതോടെ ഇവിടേക്ക് കൂടുതൽ പേർ എത്തിത്തുടങ്ങിയിട്ടുണ്ട്.
സാധാരണ സൈലന്റ് വാലിയിൽ ഉള്ള സഫാരികൾ രാവിലെയാണ് തുടങ്ങാറുള്ളത്. വൈകിയെത്തുന്നവർക്ക് പലപ്പോഴും നിരാശരായി മടങ്ങേണ്ടി വരാറുണ്ട്. എന്നാൽ ഇനി സൈലന്റ് വാലിയിലേക്ക് പോകുന്ന സമയത്തെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമേ അല്ല. ഉടൻ തന്നെ സൈലന്‍റ് വാലി ദേശീയോദ്യാനത്തിൽ സായാഹ്നന സഫാരിക്ക് തുടക്കമാകും. സംസ്ഥാന വനവികസന ഏജൻസിയുടെ അംഗീകാരം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഈ മാസം സഫാരി തുടങ്ങുമെന്ന് സൈലന്റ് വാലി വൈൽഡ്‌ലൈഫ് വാർഡനെ ഉദ്ധരിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തു. ഇനി യാത്രയെ കുറിച്ച് അറിയാം.

ചിത്രങ്ങൾ-സൈലന്റ് വാലി നാഷ്ണൽ പാർക്ക് പേജ്
രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിലവിൽ സൈലന്റ് വാലിയിലേക്കുള്ള സഫാരിയുടെ സമയം. . ഉച്ചകഴിഞ്ഞ് സഞ്ചാരികൾ എത്തിയാൽ മടക്കി അയക്കാറാണ് പതിവ്. ഇതോടെ നിരവധി പേർക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്. പലരും ഇതിൽ സങ്കടം പങ്കുവെയ്ക്കാറുമുണ്ട്. ഇതിന് പരിഹാരമെന്നോണം കൂടുതൽ ആളുകൾക്ക് അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ സായാഹ്ന സഫാരിക്ക് തുടക്കം കുറിക്കുന്നത്.
നാല് കിമി യാത്ര
മുക്കാലി മുതൽ കീരിപ്പാറ വരെ നാല് കിലോ മീറ്ററാണ് വനംവകുപ്പിന്റെ വാഹനത്തിൽ സഫാരി ആസ്വദിക്കാൻ സാധിക്കുക. ഒന്നരമണിക്കൂറാണ് സമയം. വൈകീട്ട് ആറോടെ യാത്ര അവസാനിപ്പിക്കും. നിരക്കുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സൈരനന്ധ്രി ട്രിപ്പിനുള്ള നിലവിലെ നിരക്ക് ഇങ്ങനെ
വിനോദസഞ്ചാരികൾക്കിടയിൽ ഏറെ താത്പര്യമുള്ള യാത്രയാണ് സൈരന്ധ്രി ട്രിപ്പ്. 24 കിലോമീറ്റർ ദൂരെയുള്ള സൈരന്ധ്രിയിലേക്ക് ബഫർ സോണിലൂടെയാണ് യാത്ര പോകുക. സഞ്ചാരികൾക്കൊപ്പം ഗൈഡുമാരും ഉണ്ടാകും. ബസിലാണെങ്കിൽ 600 രൂപയാണ് പാക്കേജ് തുക. ജീപ്പിലും പോകാൻ സാധിക്കും. ആറ് പേർക്ക് 3500 രൂപയാണ് നൽകേണ്ടത്. അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. അതേസമയം യാത്രയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
സൈലന്റ് വാലിയിൽ ഇനി മരവീടുകളും
സൈലന്റ് വാലിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ മരവീടുകളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ദേശീയോദ്യാനത്തിന്റെ ബഫർസോണിന് പുറത്ത് ഭവാനിപ്പുഴയുടെ തീരത്താണ് വീടുകൾ നിർമിക്കുന്നത്. അഞ്ച് വീടുകളാണ് ആദ്യം ഒരുങ്ങുക. മരവീടുകൾ എത്തുന്നതോടെ സൈലന്റ് വാലിയുടെ രാത്രി സൗന്ദര്യവും സഞ്ചാരികൾക്ക് ആസ്വദിക്കാം.












Click it and Unblock the Notifications