വെറും 2000 രൂപയ്ക്കുള്ളിൽ മൂന്നാർ ഉൾപ്പെടെ മൂന്ന് സ്ഥലങ്ങൾ ഉൾപ്പെടുത്തി പാക്കേജ്; വേറെന്ത് വേണം.. പോയി വരാം
മഴ കനത്താൽ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഉണ്ടാകും. പ്രത്യേകിച്ച് മലയോര മേഖലകളിലും വെള്ളച്ചാട്ടങ്ങളിലുമൊക്കെ. മാത്രമല്ല ജൂൺ മാസമായാൽ സ്കൂൾ തുറക്കും. ഇതോടെ കുട്ടികളേയും കൂട്ടിയുള്ള കറക്കമൊക്കെ നിലക്കും. അപ്പോൾ പിന്നെ അധികം വൈകിക്കാതെ ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്കൊക്കെ ഒരു യാത്ര പോയാലോ?
കെ എസ് ആർ ടി സിയുടെ പെരിന്തൽമണ്ണ ബജറ്റ് ടൂറിസം സെൽ മെയ് മാസത്തിൽ ഇത്തരം സ്ഥലങ്ങൾ ഉൾപ്പെടുത്തി നിരവധി പാക്കേജുകൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതും വളരെ കുറഞ്ഞ ചെലവിൽ. ഏതൊക്കെയാണ് പാക്കേജുകളെന്ന് വിശദമായി നോക്കം

മാമലക്കണ്ടവും മൂന്നാറും ചതുരംഗപ്പറായും
സ്വന്തമായി വെള്ളച്ചാട്ടമുള്ള ഗവൺമെന്റ് സ്കൂളിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മാമലക്കണ്ടത്തിലേക്ക് ആളുകൾ എത്തിത്തുടങ്ങിയത്. മാമലക്കണ്ടം എന്ന ചെറുഗ്രാമത്തിന്റെ സൗന്ദര്യം തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. ബൈക്ക് യാത്രികരായ നിരവധി പേർ ഇവിടെ എത്താറുണ്ട്. മൂന്നാറിനെ കുറിച്ച് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ, കേരളത്തിന്റെ തെക്കിന്റെ സ്വന്തം കാശ്മീർ ആണ് മൂന്നാർ. ഏത് കാലാവസ്ഥയിൽ പോയാലും മടുപ്പിക്കാത്ത ഇടം. കേരളം ചുട്ടുപൊള്ളുമ്പോഴും മൂന്നാറിൽ രാത്രിയും അതിരാവിലെയുമൊക്കെ ഇപ്പോഴും തണുപ്പ് തന്നെ. മൂന്നാറിനൊപ്പം നിർത്താതെ കാറ്റ് വീശുന്ന ഇടുക്കിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ ചതുരംഗപ്പാറയും കണ്ട് മടങ്ങുന്ന വിധത്തിലുള്ളതാണ് ഈ പാക്കേജ്.
വെറും 1620 രൂപയുണ്ടെങ്കിൽ ഈ മൂന്ന് സ്ഥലവും കറങ്ങി വരാം. മെയ് 3 നാണ് ഈ യാത്ര പോകുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഈ യാത്രയുടെ ചെലവിൽ ബസ് ചാർജും താമസവും ഒരു ദിവസത്തെ ഉച്ചഭക്ഷണവും ഉൾപ്പെടും.
അതിരപ്പിള്ളിയും മലക്കപ്പാറയും ഒറ്റ ദിവസം കൊണ്ട് കറങ്ങി വരാം
അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ മഴയില്ലെങ്കിലും ആളുകൾ ഒഴുകും. കാരണം എത്ര വേനലിലും ഈ വെള്ളച്ചാട്ടത്തിന് ഭംഗി കുറയില്ല. രൗദ്ര ഭാവത്തിൽ അതിങ്ങനെ 80 അടി മുകളിൽ നിന്ന് പതഞ്ഞ് താഴേക്ക് ഒഴുകും. ഒരു കണക്കിന് മഴ സമയത്തേക്കാൾ ഏറ്റവും സുരക്ഷിതമായി അതിരപ്പിള്ളി കാണാൻ പറ്റുന്ന സമയം കൂടിയാണിത്. പൊതുവെ അതിരപ്പിള്ളി കാണാൻ വരുന്നവർ ഇവിടം വെച്ച് മടങ്ങാറാണ് പതിവ്. എന്നാൽ നിബിഡ വനത്തിലൂടെ ഏറെ ദൂരം സഞ്ചരിച്ചാൽ മലക്കപ്പാറയെന്ന അതിമനോഹരനായ ഗ്രാമവും നിങ്ങൾക്ക് ആസ്വദിക്കാനാകും. പോകുന്ന വഴിയിൽ നിറയെ തേയില തോട്ടങ്ങൾ കാണാം.ഇടക്ക് എത്തി നോക്കുന്ന വന്യമൃഗങ്ങളും. മലക്കപ്പാറയിൽ നിന്ന് നോക്കിയാൽ തമിഴ്നാടിന്റെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാം. ഈ ഏകദിന ട്രിപ്പിന് 860 രൂപയാണ് ബസ് ചാർജ്. മറ്റ് ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കണം. 10 ന് പുലർച്ചെ 5 മണിക്കാണ് യാത്ര പുറപ്പെടുക.
ഗവിയും പരുന്തുംപാറയും 11 ന്
പത്തനംതിട്ടയിലെ മനോഹരനായ വിനോദസഞ്ചാര കേന്ദ്രമാണ് ഗവി. ആദ്യം അടവിയിലേക്കായിരിക്കും യാത്ര. കുട്ടവഞ്ചിയൊക്കെ തുഴഞ്ഞ് കഴിഞ്ഞ് നേരെ ഗവിയിലേക്ക്. കാട്ടിനുള്ളിലൂടെയുള്ള യാത്ര അത് കഴിഞ്ഞ് ഒരു ബോട്ടിംഗ് ഉച്ചയ്ക്ക് കുശാലായി ഭക്ഷണവും കഴിച്ച് ഇടുക്കിയിലെ പരുന്തുംപാറയും കണ്ട് മടങ്ങാം. രണ്ട് ദിവസത്തേക്കാണ് ഈ പാക്കേജ്. ഒരാൾക്ക് 2950 രൂപയാണ് ചെലവ് വരുന്നത്. ബസ് ടിക്കറ്റ്, ഫ്രഷ് അപ്, അടവിയിലെ കുട്ടവഞ്ചി സവാരി, ടിക്കറ്റ് , ഉച്ചഭക്ഷണം എന്നിവയെല്ലാം ചേർത്താണ് ഈ തുക വരുന്നത്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും 7560858046 എന്ന നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications