മഴയും മഞ്ഞും പുതഞ്ഞ, പുൽമേടും ചോലക്കാടും നിറഞ്ഞ നെല്ലിയാമ്പതിയിലേക്ക്; ചെലവ് കുറഞ്ഞ പാക്കേജ്
കോഴിക്കോട്: പാവങ്ങളുടെ ഊട്ടി അതാണ് നെല്ലിയാമ്പതി, മഞ്ഞും മഴയും വിസ്മയം തീർക്കുന്ന നെല്ലിയാമ്പതിയിലേക്കായലോ അടുത്ത യാത്ര? എന്നാൽ കോഴിക്കോട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന യാത്ര തന്നെയായിക്കോട്ടെ. ഇഷ്ട കാഴ്ചകൾ കാണാൻ ചെലവ് കുറഞ്ഞൊരു യാത്രയാകുമെങ്കിൽ പിന്നെ എന്തിന് മടിക്കണം അല്ലേ?
സപ്റ്റംബർ 17 ന് രാവിലെ നാലരയോടെയാണ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടുക. മണ്ണാർകാട് നിന്ന് ഭക്ഷണവും കഴിച്ച് രാവിലെ 9 മണിയോടെ നെല്ലിയാമ്പതിയിലേക്ക് ബസ് എത്തും. പാലക്കാട് ജില്ലയിൽ നിന്നും 60 കിമി ദൂരത്താണ് പ്രശസ്ത ഹിൽസ്റ്റേഷനായ നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. മഴയും മഞ്ഞും മലകൾക്കിടയിലെ മേഘശകലങ്ങളും ചോലക്കാടും പുൽമേടുമെല്ലാമായി ഒരു സഞ്ചാരിയെ ആവോളം സന്തോഷിപ്പിക്കാനുള്ളതെല്ലാം നെല്ലിയാമ്പതിയിൽ ഉണ്ട്.

പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെയാണ് നെല്ലിയാമ്പതിയിലേക്ക് എത്തേണ്ടത്. യാത്രയിലേക്കുള്ള കാഴ്ചകളിൽ ഒന്നിൽ അതുകൊണ്ട് തന്നെ പോത്തുണ്ടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. സീതാർകുണ്ട് വെള്ളച്ചാട്ടമാണ് യാത്രയിലെ മറ്റൊരു ആകർഷണം. വനവാസ കാലത്ത് രാമനും സീതയും ലക്ഷ്മണനും കഴിഞ്ഞിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഇത്. സീതാർകുണ്ട് ട്രെക്കിംഗ് സ്ഥലത്തേക്ക് ഏകദേശം 15 കിമിയോളം ജീപ്പ് ട്രെക്കിംഗ് ആയിരിക്കും.
കേശവൻപാറ വ്യൂ പോയിന്റും യാത്രയുടെ ഭാഗമായി സന്ദർശിക്കും. താഴ്വരയെ ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്ന സ്ഥലങ്ങളിലൊന്നാണ് ഇവിടെ. നെല്ലിയാമ്പതിയെ പൂർണമായി ആസ്വദിച്ച് കഴിഞ്ഞ് വൈകീട്ടോടെ കോഴിക്കോടേക്ക് യാത്ര തിരിക്കും. രാത്രി 10 ഓടെ യാത്ര കോഴിക്കോടെത്തും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിന് 1250 രൂപയാണ് ചെലവ്. കൂടുതൽ വിവരങ്ങൾക്ക് 9544477954 ൽ ബന്ധപ്പെടാം.
വാഗമണ്ണും മൂന്നാറും സൈലന്റ് വാലിയും കാണാം-പ്രത്യേക പാക്കേജ്
നെല്ലിയാമ്പതി കൂടാതെ ഈ മാസം തന്നെ മൂന്ന് യാത്രകൾ കൂടി കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്. ഈ വരുന്ന വെള്ളിയാഴ്ച ഇടുക്കിയിലെ മൂന്നാറിലേക്കും വാഗമണ്ണിലേക്കുമാണ് യാത്ര. കൂടാതെ ശനിയാഴ്ച സൈലന്റ് വാലിയിലേക്കും പ്രത്യേക പാക്കേജ് ഉണ്ട്. സൈലന്റ് വാലി യാത്ര പുലർച്ച 4.30 ന് പുറപ്പെടുന്നു. രാത്രി 9.30 ന് തിരിച്ചെത്തും കൂടുതൽ വിവരങ്ങൾക്ക് 9544477954, 9846100728 ,9961761708 നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications