കോഴിക്കോടേക്ക് ഈ വന്ദേഭാരത് നീട്ടിയാൽ റെയിൽവെയ്ക്കും ലാഭം; എംപിയുടെ നീക്കത്തിൽ പ്രതീക്ഷ
ഇന്ത്യയിലെ സെമി-ഹൈ-സ്പീഡ് റെയിൽ യാത്രയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. എന്നിരുന്നാലും ഓരോ മേഖലകളെടുത്താൽ വന്ദേഭാരതിൻ്റെ ഒക്യുപെൻസി റേറ്റിൽ വലിയ വ്യത്യാസം കാണാം. വന്ദേഭാരതിന് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റ് ഉള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. മംഗളൂരു-തിരുവനന്തപുരം, കാസർകോട്-തിരുവനന്തപുരം, കൊച്ചി-ബെംഗളൂരു വന്ദേഭാരത് സർവീസുകൾക്ക് കേരളത്തിൽ വലിയ ആവശ്യകതയാണ് ഉള്ളത്, പലപ്പോഴും ഈ റൂട്ടുകളിൽ ടിക്കറ്റ് കിട്ടാത്ത സാഹചര്യം തന്നെ ഉണ്ടാകാറുണ്ട്.
എന്നാൽ മറുവശത്ത് സ്ഥിതി നേരെ വിപരീതമാണ്, അതായത് കാലി അടിച്ച് ഓടുകയാണ് പല വന്ദേഭാരതുകളും. അത്തരത്തിലൊരു സർവ്വീസാണ് മഡ്ഗാവ്-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20645/20646). ഗോവയിലെ മഡ്ഗാവിനും മംഗളൂരു സെൻട്രൽ സ്റ്റേഷനും ഇടയിൽ ആഴ്ചയിൽ ആറ് ദിവസവും (വ്യാഴാഴ്ച ഒഴികെ) ഈ ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ട്. പക്ഷെ ഈ ട്രെയിൻ ആർക്കും വേണ്ട.

2024-ന്റെ തുടക്കത്തിലാണ് ട്രെയിൻ സർവീസ് ആരംഭിച്ചത്. ട്രെയിനിന്റെ ശരാശരി ഒക്യുപ്പൻസി നിരക്ക് 30- 35 ശതമാനത്തിനും ഇടയിലാണ്. പലപ്പോഴും ഇത് 50 ശതമാനത്തിനും താഴെയും രേഖപ്പെടുത്താറുണ്ട്. 319 കിലോമീറ്റർ ദൂരമുള്ള ചെറിയ റൂട്ട്, ഉടുപ്പി, കാർവാർ എന്നിവിടങ്ങളിലെ പരിമിതമായ സ്റ്റോപ്പുകൾ, കേരളത്തിലേക്കുള്ള കണക്റ്റിവിറ്റിയുടെ അഭാവം എന്നിവയാണ് കുറഞ്ഞ യാത്രക്കാർക്ക് പ്രധാന കാരണങ്ങൾ.
യാത്രക്കാർ കുറഞ്ഞതുകൊണ്ട് തന്നെ റെയിൽവേക്ക് ഈ റൂട്ട് വലിയ വരുമാന നഷ്ടമാണ്. ഈ സാഹചര്യത്തിൽ മഡ്ഗാവ്-മംഗളൂരു സർവീസ് കോഴിക്കേട്ടേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കോഴിക്കോട് എംപി എംകെ. രാഘവൻ, രാജ്യസഭാ അംഗം പിടി ഉഷ എന്നിവരുൾപ്പെടെയുള്ള എം.പിമാർ ഈ വിഷയം പാർലമെന്റിൽ പലതവണ ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെ ഗോവ എംപി സദാനന്ദ് ഷെട്ട് താനവഡെയും സമാന ആവശ്യം ഉയർത്തിയിരുന്നു.
കോഴിക്കോടേക്ക് നീട്ടിയാൽ ഏകദേശം 220 കിലോമീറ്ററാണ് അധികമായി വരുന്നത്. അതായത് മംഗലാപുരത്ത് നിന്ന് വെറും 2.5 മണിക്കൂർ അധികമായി വേണ്ടി വരും. ട്രെയിൻ നീട്ടുന്നത് മലബാർ മേഖലയിൽ വലിയ പ്രയോജനമാകും.
കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരെ ആകർഷിക്കുന്നതിനായി കർണാടകയിലെ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള റെയിൽവെ സ്റ്റേഷൻ പോലുള്ള പുതിയ സ്റ്റോപ്പുകൾ പരിഗണിക്കുന്നതും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും. റെയിൽെവെയ സംബന്ധിച്ച് സാമ്പത്തികമായി ലാഭകരവുമായിരിക്കും. എന്നാൽ പല ആവർത്തി ഈ ആവശ്യം ഉയർന്നിട്ടും റെയിൽവെ ഇക്കാര്യത്തിൽ യാതൊരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല.












Click it and Unblock the Notifications