മുണ്ടുടുത്താൽ നോ എൻട്രി? വിരാട് കോലിയുടെ റെസ്‌റ്റോറന്റില്‍ കയറ്റിയില്ലെന്ന് യുവാവ്, വീഡിയോ വൈറൽ
മുംബൈ: മുണ്ടുടുത്തുവെന്ന കാരണത്താല്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ മുംബൈയിലെ റെസ്‌റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചുവെന്ന് യുവാവിന്റെ ആരോപണം. തമിഴ്‌നാട്ടുകാരനായ യുവാവാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ജുഹുവിലാണ് വിരാട് കോലിയുടെ ഉടമസ്ഥതയിലുളള വണ്‍8 കമ്മ്യൂണ്‍ എന്ന റെസ്‌റ്റോറന്റ്.
റെസ്‌റ്റോറന്റിന് മുന്നില്‍ നിന്ന് കൊണ്ട് യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാണ്. വെളുത്ത നിറത്തിലുളള മുണ്ടും ഷര്‍ട്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. വിരാട് കോലിയുടെ വലിയ ഫാനായ താന്‍ തമിഴ്‌നാട്ടില്‍ നിന്നും മുംബൈ വരെ വന്നത് തന്നെ ഈ റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിക്കാനാണെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു.

എന്നാല്‍ റെസ്‌റ്റോറന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം തന്നെ നിരാശപ്പെടുത്തിയെന്നും വേദനിപ്പിച്ചുവെന്നും യുവാവ് പറയുന്നു. പ്രശസ്തമായ ഒരു ബ്രാന്‍ഡിന്റെ വേഷ്ടിയാണ് താന്‍ ധരിച്ചിരുന്നത്. എന്നിട്ടും റെസ്‌റ്റോറന്റ് മാനേജ്‌മെന്റ് തനിക്ക് പ്രവേശനം നിഷേധിച്ചു. റെസ്‌റ്റോറന്റിന്റെ ഡ്രസ്സ് കോഡിന് അനുസരിച്ചിട്ടുളളതല്ല തന്റെ വേഷം എന്നാണ് അവര്‍ പറഞ്ഞതെന്നും യുവാവ് വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഇത്തരത്തിലുളള ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും യുവാവ് പറഞ്ഞു. മറ്റ് നിറങ്ങളിലുളള ലുങ്കിയോ പാന്റോ മറ്റെന്തെങ്കിലും സാധാരണ വേഷമോ ആണ് താന്‍ ധരിച്ചിരുന്നത് എങ്കില്‍ റെസ്‌റ്റോറന്റിലെ ആളുകള്‍ പറയുന്നത് മനസ്സിലാക്കാമായിരുന്നു. എന്നാല്‍ തന്റെ നാടിന്റെ സംസ്‌ക്കാരത്തിന്റെ കൂടി ഭാഗമായ മാന്യമായ വേഷം അംഗീകരിക്കപ്പെടാത്തതില്‍ നിരാശയുണ്ടെന്നും യുവാവ് പറയുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതുവരെ 1.6 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.












Click it and Unblock the Notifications