പരമാവധി 2 ലക്ഷം രൂപ വരെ സഹായം..; എന്താണ് സര്‍ക്കാരിന്റെ ആശ്വാസനിധി പദ്ധതി? അറിയേണ്ടതെല്ലാം
ലൈംഗിക പീഡനവും ഗാര്‍ഹിക പീഡനവും പോലുള്ള അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസ കിരണം പദ്ധതി. 2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് കീഴില്‍ ഇതിനോടകം നിരവധി പേര്‍ക്ക് സാമ്പത്തിക സഹായം കൈമാറിയിട്ടുണ്ട്. 2018-2019 ലെ സംസ്ഥാന ബജറ്റില്‍ ഇത്തരം ഇരകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്നതിന് 3 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങള്‍, ഗാര്‍ഹിക പീഡനം, ആസിഡ് ആക്രമണങ്ങള്‍, ഹീനമായ ലിംഗാധിഷ്ഠിത അക്രമം എന്നിവയെ അതിജീവിച്ചവരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടോ നിയമ വ്യവസ്ഥകള്‍ പ്രകാരം നല്‍കിയ മറ്റേതെങ്കിലും നഷ്ടപരിഹാരമോ പരിഗണിക്കാതെ ആണ് ഈ തുക അനുവദിക്കുന്നത്. ഈ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ആരൊക്കെയാണ് അര്‍ഹര്‍?
ലൈംഗികാതിക്രമം അതിജീവിച്ചവര്‍, ആസിഡ് ആക്രണം അതിജീവിച്ച സ്ത്രീകളും കുട്ടികളും, ഗാര്‍ഹിക പീഡനത്തിന് വിധേയരായവര്‍, ഹീനമായ ലിംഗവിവേചനം അതിജീവിച്ചവര്‍ എന്നിവരാണ് ആശ്വാസനിധി പദ്ധതിക്ക് അര്‍ഹര്‍. അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായ ക്ഷതങ്ങള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇവര്‍ ചില മാനസിക രോഗങ്ങള്‍ക്കും അടിമപ്പെടും. ഇത്തരത്തിലുള്ളവര്‍ക്ക് അടിയന്തിര ധനസഹായമായി പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
എങ്ങനെയാണ് സഹായം ലഭിക്കുന്നത്?
വനിതാ സംരക്ഷണ ഓഫീസറും ജില്ലാ ശിശുസംരക്ഷണ ഓഫീസറും തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടും ശുപാര്‍ശയും സമര്‍പ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ആണ് ധനസഹായം അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്.
ആവശ്യമായ രേഖകള്‍
അതിക്രമത്തിനിരയായവരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍.
വനിത സംരക്ഷണ ഓഫീസര്‍/ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ശുപാര്‍ശ റിപ്പോര്‍ട്ട്
കുറ്റകൃത്യം സംബന്ധിച്ച എഫ്‌ഐആറോ ഡിഐആറോ
ബാങ്കിലെ പാസ് ബുക്ക്
ആധാര്‍ കാര്‍ഡ്
ലീഗല്‍ റിപ്പോര്‍ട്ട്
പൊലീസ് റിപ്പോര്‍ട്ട്
മെഡിക്കല്‍ റിപ്പോര്‍ട്ട്
സാമ്പത്തിക സഹായം
വിവിധ പരാതികളില്‍ ആശ്വാസധനമായി അനുവദിക്കാവുന്ന തുക വ്യത്യാസപ്പെടും. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കും ലൈംഗീകാതിക്രമം, രൂക്ഷമായ ലൈംഗീകാതിക്രമം എന്നീ കേസുകള്‍ക്കും കുറഞ്ഞത് 50000 രൂപയും പരമാവധി 100000 രൂപയും ലഭിക്കും. ബലാത്സംഗം/ക്രൂരമായ ബലാത്സംഗം/ പ്രകൃതിവിരുദ്ധ ലൈംഗീക കുറ്റകൃത്യങ്ങള്‍, ജീവിത നഷ്ടം എന്നിവക്കും സമാനമായ തുകയാണ് അനുവദിക്കുക.
ഗാര്‍ഹിക പീഡനം മൂലം ഗുരുതരമായ ശാരീരിക പരിക്ക്/മാനസിക പരിക്ക്, മനുഷ്യക്കടത്തലില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളും കുട്ടികളും എന്നിവര്‍ക്ക് കുറഞ്ഞത് 25000 രൂപയും പരമാവധി 50000 രൂപയും ലഭിക്കും. ആസിഡ് ആക്രമണത്തിന് വിധേയരായവര്‍ക്ക് കുറഞ്ഞത് 100000 രൂപയും പരമാവധി 200000 രൂപയും ലഭിക്കും. ബലാത്സംഗം മൂലം ഗര്‍ഭിണികളായവര്‍ക്ക് 50000, 100000 എന്നിങ്ങനെയാണ് ധനസഹായം ലഭിക്കുക.
ശരീരത്തിന്റെ ഏതെങ്കിലും അവയവമോ ഭാഗമോ നഷ്ടപ്പെടുന്നത്, ആക്രമണത്തിന്റെ ഫലമായുണ്ടാകുന്ന ഗര്‍ഭം അലസല്‍, പൊള്ളലിന് വിധേയരായവര്‍ എന്നിവര്‍ക്ക് കുറഞ്ഞത് 50000 രൂപയോ പരമാവധി 100000 രൂപയോ സാമ്പത്തിക സഹായമായി അനുവദിച്ച് കൊടുക്കുന്നതാണ്. ജില്ലാ ശിശുസംരക്ഷണ ഓഫീസിലോ ജില്ലാ വനിത സംരക്ഷണ ഓഫീസിലോ ആണ് പ്രസ്തുത അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൌണ്ടിലേക്ക് നേരിട്ട് 5 ദിവസത്തിനുള്ളില്‍ ശുപാര്‍ശ ചെയ്യുന്ന ഇടക്കാല ദുരിതാശ്വാസ തുക 5 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണം എന്നാണ് ചട്ടം. ഏതെങ്കിലും വിധത്തില്‍ ആക്രമണത്തിന് വിധേയാരായവര്‍ മരണപ്പെടുകയാണെങ്കില്‍ ആശ്വാസ ധനസഹായം അവരുടെ മാതാപിതാക്കളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.












Click it and Unblock the Notifications