ആസ്തി 56,000 കോടി, രത്തൻ ടാറ്റയുടെ ബിസിനസ് പങ്കാളി; ആരാണ് രോഹിഖ മിസ്ത്രി
2023-ലെ ഫോർബ്സ് റിപ്പോട്ട് അനുസരിച്ച് ഇന്ത്യയിൽ ശതകോടീശ്വരനായി മാറിയ മൂന്ന് സ്ത്രീകളിൽ ഒരാളാണ് രോഹിഖ മിസ്ത്രി. അവരുടെ ആസ്തി 7 ബില്യൺ ഡോളറാണ്, അതായത് 56000 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീ കൂടിയാണ് അവർ. 17 ബില്യൺ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത.
രേഖ ജുൻജുൻവാലയാണ് പട്ടികയിൽ മൂന്നാമത്. ജുൻജുൻവാല, സരോജ് റാണി ഗുപ്ത എന്നിവരാണ് ആദ്യമായി ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് സ്ത്രീകൾ. ഇന്ത്യയിലെ ശതകോടീശ്വരപട്ടികയിൽ ഇടം നേടിയതു മൂന്ന് സ്ത്രീകളിൽ ഒരാൾ മാത്രമല്ല രോഹിഖ മിസ്ത്രി രത്തൻ ടാറ്റയുടെ ബിസിനസ് പങ്കാളിയായ വനിത കൂടിയാണ്.

ആരാണ് രോഹിഖ മിസ്ത്രി?
വാഹനാപകടത്തിൽ മരിച്ച സൈറസ് മിസ്ത്രിയുടെ ഭാര്യയാണ് രോഹിക മിസ്ത്രി. അവരുടെ ഭാര്യാപിതാവ് പല്ലോൻജി മിസ്ത്രി ഏതാനും ആഴ്ചകൾക്ക് മുമ്പ് മരിച്ചു. മുതിർന്ന അഭിഭാഷകൻ ഇഖ്ബാൽ ചഗ്ലയുടെ മകളാണ് 55 കാരിയായ യുവതി. 7 ബില്യൺ ഡോളറാണ് 55 വയസ്സുള്ള രോഹിഖ സൈറസ് മിസ്ത്രിയുടെ ആസ്തി. കഴിഞ്ഞ സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുണ്ടായ വാഹനാപകടത്തിലായിരുന്നു സൈറസ് മിസ്ത്രിയുടെ മരണം
സൈറസ് മിസ്ത്രിയും രോഹിഖയും വിവാഹിതരായിട്ട് മുപ്പത് വർഷം കഴിഞ്ഞായിരുന്നു മിസ്ത്രിയുടെ മരണം. 1992 ലായിരുന്നു ഇവരുടെ വിവാഹം. സൈറസ് മിസ്ത്രിക്കും രോഹിറയ്ക്കും സഹാൻ മിസ്ത്രി, ഫിറോസ് മിസ്ത്രി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മൂന്ന് പതിറ്റാണ്ടായി ഭർത്താവിനൊപ്പം നിന്ന് അദ്ദേഹത്തിന്റെ ബിസിനസിനും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്കും രോഹിഖ വലിയ രീതിയിലുള്ള പിന്തുണ നൽകിയിരുന്നു.
ചില സ്വകാര്യ, പബ്ലിക് ലിമിറ്റഡ് കമ്പനികളിൽ ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുള്ള ഒരു കോർപ്പറേറ്റ് വനിതയാണ് രോഹിഖ. നിയമ രംഗത്തെ പ്രമുഖ വ്യക്തികളുടെ കുടുംബത്തിൽ നിന്നു തന്നെയാണ് രോഹിഖ വരുന്നത്. മുതിർന്ന അഭിഭാഷകനായ ഇഖ്ബാൽ ചഗ്ലയാണ് പിതാവ്. മുത്തച്ഛൻ എം.സി ചഗ്ല ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. പിന്നീട് കോൺഗ്രസ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായി. രോഹിഖയുടെ സഹോദരൻ റിയാസ് ചഗ്ല 2017 ൽ ബോംബെ ഹൈക്കോടതി ജഡ്ജിയായുമായിരുന്നു.
ടാറ്റ സൺസിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഷപൂർജി പല്ലോൻജി ഗ്രൂപ്പ്. കൂടുതലും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനം. ടാറ്റ സൺസിലെ 18.4% ഓഹരിയാണ് മിസ്ത്രി കുടുംബത്തിന്റെ ഏറ്റവും വലിയ സ്വത്ത്. ഷപൂർജി പല്ലോൻജി ഗ്രൂപ്പിന് ടാറ്റയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാൽ 2016-ൽ സൈറസ് മിസ്ത്രിയെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഇരുവരും തമ്മിൽ നിയമപരമായ കേസുകൾ തുടങ്ങി.
ഏഷ്യയിലുടനീളം വൻഹോട്ടലുകൾ, സ്റ്റേഡിയങ്ങൾ, ഫാക്ടറികൾ എന്നിവ സ്വന്തമായിട്ടുണ്ട് മിസ്ത്രി കുടുബത്തിന്. സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിനെ നയിക്കാനുള്ള ചുമതല ഏറ്റെടുത്തതോടെ ഇവർക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. 2012ലായിരുന്നു ടാറ്റ സൺസിന്റെ ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിച്ചത്. 2016-ൽ ആണ് അദ്ദേഹം രാജിവെച്ചത്. ഇതോടെ മിസ്ത്രി -ടാറ്റ ഗ്രൂപ്പുകൾ തമ്മിൽ നടന്നത് വാശിയേറിയ മത്സരമായിരുന്നു.












Click it and Unblock the Notifications