കോൺഗ്രസിന്റെ ചതിക്ക് സ്റ്റാലിന്റെ മറുപടി! സഖ്യം ഉപേക്ഷിച്ച് ഡിഎംകെ; ചിന്നിച്ചിതറി പ്രതിപക്ഷം
ദേശീയ രാഷ്ട്രീയത്തെ ഉലച്ചുകൊണ്ട് ബിജെപി വിരുദ്ധ പ്രതിപക്ഷ നിരയായ 'ഇന്ത്യ' (INDIA) മുന്നണി പിളർപ്പിന്റെ പാതയിൽ. തമിഴ്‌നാട്ടിൽ വിജയ് യുടെ തമിഴക വെട്രി കഴകത്തിന് (TVK) കോൺഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ലോക്‌സഭയിൽ ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ പാർലമെന്ററി നേതാവ് കനിമൊഴി കരുണാനിധി സ്പീക്കർക്ക് കത്തുനൽകി. ഇതോടെ ദശാബ്ദങ്ങളായി തുടർന്നിരുന്ന ദ്രാവിഡ കക്ഷിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിന് അന്ത്യമായിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം എന്ന ലക്ഷ്യം തകർന്നടിയുന്ന കാഴ്ചയ്ക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
കോൺഗ്രസ് ചതിച്ചതായി ഡിഎംകെ
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉദയനിധി സ്റ്റാലിന്റെയും ഡിഎംകെയുടെയും പ്രധാന രാഷ്ട്രീയ എതിരാളിയായി വിജയ് വളർന്നു വരുന്നത് ഡിഎംകെ നേതൃത്വത്തെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ ഡിഎംകെയെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വം ടിവികെയെ സ്വാഗതം ചെയ്യുകയും സർക്കാർ ഉണ്ടാക്കാൻ പിന്തുണ വാഗ്ധാനം ചെയ്തതുമാണ് നിലവിലെ പൊട്ടിത്തെറിക്ക് കാരണമായത്. തങ്ങളുടെ സഖ്യകക്ഷിയായി ഇരുന്നുകൊണ്ട് തന്നെ തങ്ങളെ തകർക്കാൻ ശ്രമിക്കുന്ന വിജയ് യെ കോൺഗ്രസ് സഹായിക്കുന്നത് വലിയൊരു ചതിയായിട്ടാണ് ഡിഎംകെ വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിയും വിജയിയും തമ്മിലുള്ള അടുപ്പവും ടിവികെയുമായി ചേർന്ന് പ്രവർത്തിക്കാൻ തമിഴ്‌നാട് കോൺഗ്രസ് ഘടകം കാണിക്കുന്ന താല്പര്യവും 'ഇന്ത്യ' മുന്നണിയുടെ അടിത്തറ തന്നെ തകർത്തു. ഒരുവശത്ത് ഡിഎംകെയുടെ തോളിൽ കയ്യിടുകയും മറുവശത്ത് അവരുടെ എതിരാളിയായ വിജയിനെ വളർത്താൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പിനോട് ഇനി വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലാണ് എം.കെ. സ്റ്റാലിൻ.

ലോക്‌സഭയിൽ ഇനി പ്രത്യേക ബ്ലോക്ക്
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് കനിമൊഴി നേരിട്ട് കത്തുനൽകിയത്. നിലവിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾക്കൊപ്പമാണ് ഡിഎംകെ എംപിമാരും സഭയിൽ ഇരിക്കുന്നത്. എന്നാൽ സഖ്യം ഔദ്യോഗികമായി തകർന്നതോടെ ഇനി കോൺഗ്രസിനൊപ്പം ഇരിക്കാൻ താല്പര്യമില്ലെന്നും തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നത് പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും തമിഴ് മക്കളുടെ വികാരം സംരക്ഷിക്കാൻ ഡിഎംകെ ഇനി ലോക്‌സഭയിൽ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമെന്നും കനിമൊഴി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചിന്നിച്ചിതറുന്ന പ്രതിപക്ഷ നിര
ലോക്‌സഭയിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ശക്തിയായിരുന്നു ഡിഎംകെ. അവരുടെ പടിയിറക്കം കോൺഗ്രസിനെ ദേശീയ തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തും. മുന്നണിയിലെ മറ്റ് കക്ഷികളും ഇത്തരത്തിൽ പിന്മാറുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ നേതാക്കൾ. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഈ ചതുരംഗക്കളി ദേശീയ തലത്തിൽ ബിജെപിക്ക് വലിയ രാഷ്ട്രീയ ലാഭമുണ്ടാക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 'ഇന്ത്യ' മുന്നണി തകർന്നതോടെ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനങ്ങൾ പ്രതിപക്ഷത്തിന് കടുത്ത വെല്ലുവിളിയാകും.












Click it and Unblock the Notifications