പ്രമുഖ തമിഴ് സംവിധായകൻ കെ ഭാഗ്യരാജ് അന്തരിച്ചു; ഗുരുവിന് പിന്നാലെ കളമൊഴിഞ്ഞ് ശിഷ്യനും
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ശനിയാഴ്‌ച ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 73 വയസായിരുന്നു. ഭാര്യയും നടിയുമായ പൂർണിമ ഭാഗ്യരാജ്, മകനും നടനുമായ ശാന്തനു ഭാഗ്യരാജ്, മകൾ ശരണ്യ ഭാഗ്യരാജ് എന്നിവരാണ് കുടുംബാംഗങ്ങൾ. തമിഴ് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
അടുത്തിടെ വരെ പൊതുപരിപാടികളിൽ സജീവമായിരുന്ന ഭാഗ്യരാജ്, ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഗോവയിലെത്തിയിരുന്നു. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ലഭ്യമായ വിവരം. ഗുരുവായ ഭാരതിരാജയുടെ മരണത്തിന് 17 ദിവസങ്ങൾക്ക് ശേഷമാണ് ഭാഗ്യരാജും കളമൊഴിയുന്നത്.

തമിഴ് സിനിമയിൽ വേറിട്ട കഥപറച്ചിൽ ശൈലിയിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകരിൽ ശ്രദ്ധേയനാണ് ഭാഗ്യരാജ്. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമാതാവ്, സംഗീതസംവിധായകൻ, നോവലിസ്‌റ്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതം, കുടുംബബന്ധങ്ങൾ, നർമ്മം, പ്രണയം, സാമൂഹിക യാഥാർഥ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച തിരക്കഥകളാണ് ഭാഗ്യരാജിനെ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാക്കിയത്.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതൽ സാഹിത്യത്തിലും നാടകത്തിലും സിനിമയിലും വലിയ താൽപര്യമുണ്ടായിരുന്നു. സിനിമയോടുള്ള അഭിനിവേശമാണ് അദ്ദേഹത്തെ ചെന്നൈയിലേക്ക് എത്തിച്ചത്. തുടക്കത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും സംവിധായകരായ ജി. രാമകൃഷ്‌ണന്റെയും പിന്നീട് പ്രമുഖ സംവിധായകൻ ഭാരതി രാജയുടെയും സഹസംവിധായകനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
ഭാരതിരാജയുടെ സിനിമകളിൽ പ്രവർത്തിച്ച അനുഭവം ഭാഗ്യരാജിന്റെ തിരക്കഥാരചനാ ശൈലിയെ വളരെയധികം സ്വാധീനിച്ചു. കിഴക്ക് പോകും റെയിൽ, ടിക് ടിക് ടിക് തുടങ്ങിയ ചിത്രങ്ങളിൽ തിരക്കഥാ സംഭാവനകൾ നൽകിയതോടെയാണ് അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടത്. 1979-ൽ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
സംവിധായകനായതുപോലെ തന്നെ നായകനായും ഭാഗ്യരാജ് വലിയ വിജയം നേടി. അദ്ദേഹം അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും തിരക്കഥയും സംവിധാനവും അദ്ദേഹത്തിന്റേതായിരുന്നു. സാധാരണ യുവാവിന്റെ പ്രതിച്ഛായയോടെ എത്തിയ കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. 75-ലധികം സിനിമകളിൽ അഭിനയിച്ച ഭാഗ്യരാജ്, മുന്താനൈ മുടിച്ചു എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരവും നേടി.
'ഒരു കൈ ഓസൈ', 'മൗന ഗീതങ്ങൾ', 'അന്ത ഏഴ് നാടുകൾ', 'വിഡിയും വരെ കാത്തിരു', 'ഇന്ന് പോയ് നാളെ വാ', 'ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ്', 'തൂറൽ നിന്നു പോച്ചു', 'മുന്താനൈ മുടിച്ചു', 'ധാവണി കനവുകൾ', 'ചിന്ന വീട്', 'എങ്ക ചിന്ന റാസ', 'ഇതു നമ്മ ആള്', 'ആരാരോ ആരിരാരോ', 'അവസര പോലീസ് 100', 'പാവുന്നു പാവുനുതാൻ', 'റാസുക്കുട്ടി', 'സുന്ദര കാണ്ഡം', 'വീട്ടില വിശേഷങ്ങൾ', 'ഒരു ഊരിൽ ഒരു രാജകുമാരി' എന്നിവയാണ് അദ്ദേഹം സംവിധാനം പ്രധാന ചിത്രങ്ങൾ.
അതേസമയം മോഹൻലാൽ, കമൽ ഹാസൻ അടക്കമുള്ള പ്രമുഖർ ഭാഗ്യരാജിന് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. 'അമ്പത് വർഷങ്ങൾക്ക് മുമ്പ് ഞാൻ ആദ്യമായി കണ്ടുമുട്ടിയ കെ. ഭാഗ്യരാജ് എന്നറിയപ്പെടുന്ന രാജൻ ഇനിയില്ല. ഒരു മാസത്തിനുള്ളിൽ നമ്മുടെ തമിഴ് സിനിമാ ലോകത്തിന് രണ്ട് 'രാജാക്കന്മാരെ' നഷ്‌ടപ്പെട്ടു' എന്നായിരുന്നു കമൽ ഹാസൻ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
'ഇന്ന് തമിഴ് സിനിമയ്ക്ക് ഏറ്റവും വ്യത്യസ്‌തമായ ശബ്‌ദങ്ങളിലൊന്നിനെയാണ് നഷ്‌ടമായത്. സംവിധായകൻ, നടൻ, കഥാകൃത്ത് എന്നീ നിലകളിൽ അപൂർവ പ്രതിഭയായിരുന്ന ഭാഗ്യരാജ് സാർ തന്റെ ബുദ്ധിപരമായ അവതരണത്തിലൂടെയും ഹൃദയസ്‌പർശിയായ കഥപറച്ചിലിലൂടെയും വ്യക്തമായ സിനിമാ കാഴ്‌ചപ്പാടിലൂടെയും ഒരു തലമുറയുടെ സിനിമാ സംസ്‌കാരത്തെ രൂപപ്പെടുത്തിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ അഗാധമായ അനുശോചനം. ഓം ശാന്തി' എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.












Click it and Unblock the Notifications