ബംഗാൾ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് സുവേന്ദു അധികാരി; സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്ത് ബിജെപി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിർണായക പ്രഖ്യാപനം നടത്തിയത്. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ബംഗാളിൽ ബിജെപിക്ക് ഇത് ചരിത്രപരമായ മുന്നേറ്റമാണ്. 294 അംഗ സഭയിൽ 207 സീറ്റുകൾ നേടി ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെയാണ് ഒറ്റക്കെട്ടായി സുവേന്ദുവിനെ തിരഞ്ഞെടുത്തത്.
മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയായിരുന്നു സുവേന്ദു അധികാരി. ബംഗാളിന്റെ ഭാഷാ-സാംസ്‌കാരിക തനിമയുള്ള മണ്ണിന്റെ മകൻ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി പ്രചാരണത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. മമത ബാനർജിയുടെ ശക്തി കേന്ദ്രമായ ഭവാനിപൂർ മണ്ഡലത്തിൽ അവരെ പരാജയപ്പെടുത്തിയാണ് സുവേന്ദു അധികാരി വിജയം നേടിയത്. നന്ദിഗ്രാം സീറ്റിലും അദ്ദേഹം വിജയിച്ചിരുന്നു.

നേടിയ രണ്ട് സീറ്റുകളിൽ ഒന്ന് പത്ത് ദിവസത്തിനുള്ളിൽ ഒഴിയുമെന്ന് സുവേന്ദു അധികാരി നന്ദിഗ്രാമിൽ പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ തീരുമാനമാണെങ്കിലും, ഭവാനിപൂരിലെയും നന്ദിഗ്രാമിലെയും ജനങ്ങളോടുള്ള ഉത്തരവാദിത്തം ഞാൻ മറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ കോട്ടയായ നന്ദിഗ്രാം വിടരുതെന്ന് അനുഭാവികൾ അഭ്യർത്ഥിച്ചു.
സുവേന്ദു അധികാരിയുടെ വളർച്ച ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ ഒരേടാണ്. ഒരുകാലത്ത് മമതയുടെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം, 2011-ൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണം അവസാനിപ്പിച്ച നന്ദിഗ്രാം പ്രക്ഷോഭത്തിൽ പ്രധാന പങ്ക് വഹിച്ചു. എന്നാൽ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിലേക്ക് മാറിയത് ബംഗാൾ രാഷ്ട്രീയത്തിൽ വഴിത്തിരിവായി.
ബിജെപി വിജയത്തിനുശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത സുവേന്ദു അധികാരി ഈ നിമിഷത്തെ ബംഗാൾ രാഷ്ട്രീയത്തിലെ യഥാർത്ഥ മാറ്റം എന്നാണ് വിശേഷിപ്പിച്ചത്. 'ഞാൻ 2011-ലെ മാറ്റത്തിന്റെ ഭാഗമായിരുന്നു, ഇപ്പോൾ യഥാർത്ഥ മാറ്റത്തിന്റെ ഭാഗമാണ്' എന്നാണ് സുവേന്ദു അധികാരി പറഞ്ഞത്. ബംഗാളിലെ ബിജെപി സർക്കാർ 100 വർഷം നിലനിൽക്കുമെന്നും സുവേന്ദു അധികാരി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
സുവേന്ദു അധികാരിയുടെ രാഷ്ട്രീയ യാത്ര
നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കലിനെതിരായ പ്രക്ഷോഭത്തിലൂടെയാണ് അധികാരിക്ക് സംസ്ഥാന വ്യാപകമായി ആദ്യമായി ശ്രദ്ധ ലഭിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം ഇടതുപക്ഷ സർക്കാരിനെതിരെ ഗ്രാമീണരെ അണിനിരത്തി. 2009-ൽ തംലൂക്ക് ലോക്‌സഭാ സീറ്റിൽ സിപിഐ(എം) നേതാവ് ലക്ഷ്‌മൺ സേത്തിനെ 1.73 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തി അദ്ദേഹം വിജയം നേടി.
തൃണമൂൽ കോൺഗ്രസിനുള്ളിൽ, ഗ്രാമീണ മേഖലകളിലെ പാർട്ടിയുടെ പ്രധാന സംഘാടകനായി അധികാരി അറിയപ്പെട്ടു. കിഴക്കൻ മേദിനിപൂരിലും സമീപ പ്രദേശങ്ങളിലും അദ്ദേഹം ശക്തമായ സ്വാധീനം ഉറപ്പിച്ചു. ഗ്രാമീണ ബംഗാളി ഉച്ചാരണത്തിൽ സംസാരിക്കുന്ന, പഞ്ചായത്ത് തലത്തിലെ പ്രവർത്തകരുമായി നേരിട്ട് ബന്ധമുള്ള ഒരു ജനകീയ നേതാവായാണ് അനുയായികൾ അദ്ദേഹത്തെ കണ്ടത്. തൃണമൂലിൽ ആയിരുന്ന കാലത്ത് മമതാ ബാനർജി സർക്കാരിൽ അദ്ദേഹം ക്യാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു.
പിന്നീടാണ് അദ്ദേഹം ബിജെപിയിലേക്ക് കൂടുമാറിയത്. സുവേന്ദു അധികാരിയുടെ ഈ ചുവടുമാറ്റം അദ്ദേഹത്തെ ബിജെപിയുടെ പ്രധാന ബംഗാളി മുഖമാക്കി മാറ്റി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതാ ബാനർജിക്കെതിരെ മത്സരിച്ച് വിജയിച്ചത് പാർട്ടിയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉയർത്തി. പിന്നീട് പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഒടുവിൽ ഇപ്പോൾ മുഖ്യമന്ത്രിയും.












Click it and Unblock the Notifications