'വിമാനങ്ങള്‍ റദ്ദാക്കി, എയര്‍പോര്‍ട്ടിലേക്ക് ആരും വരേണ്ട'; സ്പിരിറ്റിന് പൂട്ട്, ഇറാന്‍ യുദ്ധത്തിന്റെ 'ഇര'
വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം ലോകം മൊത്തം ബാധിച്ചിരിക്കുകയാണ്. പാചക വാതകത്തിന്റെയും ക്രൂഡ് ഓയിലിന്റെയും വില വര്‍ധനവാണ് എല്ലാ രാജ്യങ്ങളെയും പിടിച്ചുലച്ചത്. ഇറാന്‍ അതിവേഗം കീഴടങ്ങുമെന്നും വെനസ്വേലയില്‍ പ്രയോഗിച്ച തന്ത്രം ഇറാനിലും ജയിക്കുമെന്നുമായിരുന്നു അമേരിക്ക കരുതിയത്. എന്നാല്‍ എല്ലാം താളംതെറ്റി.
ഹോര്‍മുസ് പാത അടച്ചതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാന്‍ തുടങ്ങി. ഇത് ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി. പ്രകൃതി വാതക ഉള്‍പ്പാദനം താളംതെറ്റിയതോടെ യൂറോപ്പും വെട്ടിലായി. റഷ്യയെ ഒഴിവാക്കി ഗള്‍ഫ് രാജ്യങ്ങളെ കൂട്ടുപിടിച്ചതായിരുന്നു യൂറോപ്പ്. അവര്‍ക്കും വലിയ തിരിച്ചടിയാണ് പുതിയ യുദ്ധം നല്‍കിയത്. ഇറാനെതിരായ അമേരിക്കന്‍ നീക്കത്തെ യൂറോപ്പ് പിന്തുണയ്ക്കുന്നില്ല.

ഇപ്പോഴിതാ അമേരിക്കയില്‍ ഒരു വിമാന കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നു. ചുരുങ്ങിയ ചെലവില്‍ യാത്ര വാഗ്ദാനം ചെയ്തിരുന്ന സ്പിരിറ്റ് എയര്‍ലൈന്‍ എന്ന കമ്പനിയാണ് സര്‍വീസ് നിര്‍ത്തിയത്. വിമാന ഇന്ധന വില കുത്തനെ കുതിച്ചതാണ് കമ്പനിക്ക് പ്രതിസന്ധി രൂക്ഷമാക്കിയത്. നേരത്തെ സാമ്പത്തിക വെല്ലുവിളികള്‍ കമ്പനി നേരിട്ടിരുന്നു.
സ്പിരിറ്റ് എയര്‍ലൈന് വേണ്ട സഹായം ചെയ്യണം എന്ന് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. 50 കോടി ഡോളറിന്റെ സഹായം നല്‍കാനായിരുന്നു ട്രംപിന്റെ നീക്കം. എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ എതിര്‍ത്തു. മാത്രമല്ല, റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ പല കോണ്‍ഗ്രസ് അംഗങ്ങളും പിന്തുണച്ചതുമില്ല. ഒരുകാലത്ത് അമേരിക്കന്‍ വിമാന സര്‍വീസുകളുടെ അഞ്ച് ശതമാനം നിയന്ത്രിച്ചിരുന്നത് സ്പിരിറ്റ് എയര്‍ലൈന്‍ ആയിരുന്നു. ഇപ്പോള്‍ കടംകയറി പൂട്ടി.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരേണ്ട
കമ്പനിയുടെ ബോര്‍ഡ് മീറ്റിങ് കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഒരു രക്ഷാ പദ്ധതിയും പ്രഖ്യാപിക്കാതെയാണ് യോഗം പിരിഞ്ഞത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും എണ്ണവിലയിലെ വര്‍ധനവും മറ്റു ചില സമ്മര്‍ദ്ദങ്ങളും സാമ്പത്തിക സ്ഥിതി മോശമാക്കിയെന്നും സ്പിരിറ്റ് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തേക്ക് പോകേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
4119 ആഭ്യന്തര വിമാന സര്‍വീസുകളാണ് ഈ മാസം ഒന്ന് മുതല്‍ 15 വരെ സ്പിരിറ്റ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എട്ട് ലക്ഷത്തോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന സര്‍വീസുകളാണിത്. എന്നാല്‍ ഇനി സര്‍വീസ് സാധ്യമല്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനെ കമ്പനി അറിയിച്ചു. കോവിഡിന് ശേഷം ചെലവ് കുറഞ്ഞ യാത്രയ്ക്ക് കൂടുതല്‍ അമേരിക്കക്കാര്‍ ആശ്രയിച്ചിരുന്ന വിമാന കമ്പനികളിലൊന്നാണ് സ്പിരിറ്റ്.
അതേസമയം, സ്പിരിറ്റിന്റെ അടച്ചുപൂട്ടല്‍ ജെറ്റ് ബ്ലൂ എയര്‍വേയ്‌സിനും ഫ്രണ്ടിയര്‍ എയര്‍ലൈന്‍സിനും പുതിയ അവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഈ രണ്ട് വിമാന കമ്പനികളും സ്പിരിറ്റിന്റെ ഒഴിവ് മുതലെടുക്കും. സ്പിരിറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ആയിരക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. അമേരിക്കയില്‍ ഇറാനെതിരായ യുദ്ധത്തിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.















Click it and Unblock the Notifications