കൈയിൽ ബിരുദം ഉണ്ടായിട്ടെന്താ? എഐ ജോലി കളയുമോ എന്ന് പേടി; 70 ശതമാനം യുവാക്കൾ പറയുന്നത് ഇങ്ങനെ
എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയെ കവച്ചു വയ്ക്കുമോ, അത് ഭാവിയിൽ ഭീഷണിയാവുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. പല മേഖലകളിലും എഐ സ്വാധീനം വർധിപ്പിച്ചു വരികയാണ്. കൂടുതൽ മേഖലകളിലേക്ക് നിർമ്മിത ബുദ്ധിയുടെ പ്രവർത്തനം വിപുലീകരിക്കുകയും ചെയ്യുന്ന വേളയിൽ ഇതിനെ കുറിച്ചുള്ള സംശയങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.
ആഗോള തലത്തിലെ പ്രമുഖ എൻജിഒ ആയ സിഎഫ്എ ഇൻസ്‌റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ ഒരു സാമ്പിൾ സർവേയിൽ, അതിൽ പങ്കെടുത്ത 70 ശതമാനത്തിലധികം ബിരുദധാരികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തങ്ങളുടെ ജോലികൾക്ക് ഭാവിയിൽ കനത്ത വെല്ലുവിളി ആവുമെന്നാണ് വിലയിരുത്തുന്നത്. ഇത് പുതിയ തലമുറയ്ക്ക് എഐയോടുള്ള ഭയത്തെയാണ് സൂചിപ്പിക്കുന്നത്.

എന്നാൽ അതേസമയം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ ഓട്ടോമേഷൻ ഉപകരണങ്ങളിൽ പ്രാവീണ്യം നേടുന്നത് തങ്ങളുടെ കരിയർ സാധ്യതകൾ വർധിപ്പിക്കുമെന്ന് സർവേയിൽ പങ്കെടുത്ത 92 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതായത് നാടോടുമ്പോൾ നടുവേ ഓടണമെന്ന പക്ഷക്കാരാണ് ഇത്രയും അധികം പേരെന്നതാണ് ശ്രദ്ധേയമായ കാര്യം.
നിക്ഷേപ പ്രൊഫഷണലുകളുടെ ആഗോള സംഘടനയായ സിഎഫ്എ ഇൻസ്‌റ്റിറ്റ്യൂട്ട് ഗ്ലോബൽ ഗ്രാജുവേറ്റ് ഔട്ട്‌ലുക്ക് സർവേ 2025 പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയിൽ നിന്നുള്ള 1250 പേർ ഉൾപ്പെടെ 9,000-ത്തിലധികം പുതിയ ബിരുദധാരികളിൽ നിന്നുള്ള കരിയർ ട്രെൻഡുകൾ, ആത്മവിശ്വാസ നിലവാരം, മേഖലാ മുൻഗണനകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് സർവേ ശേഖരിച്ചത്.
റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ബിരുദധാരികൾ ആഗോള ശരാശരിയേക്കാൾ കൂടുതൽ ചിന്തിക്കുന്നത് എഐ അല്ലെങ്കിൽ ഓട്ടോമേഷൻ ഉപകരണങ്ങൾ തങ്ങൾ ആഗ്രഹിക്കുന്ന ജോലികൾ ഉറപ്പാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നാണ്. അതായത് ലോകത്തിൽ തന്നെ എഐ സംവിധാനങ്ങളെ ഭയക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യൻ യുവാക്കളാണെന്ന് സാരം.
50 ശതമാനത്തിലധികം പേർക്ക് എഐ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ആത്മ വിശ്വാസമുണ്ടെങ്കിലും, 56 ശതമാനം പേർക്ക് എഐ കഴിവുകൾ ഉണ്ടായിരിക്കുന്നത് പ്രസക്തമായ സോഫ്റ്റ് സ്‌കില്ലുകൾ ഉണ്ടായിരിക്കുന്നതിനു പുറമേ തൊഴിൽ വിപണിയിൽ ഒരു മുൻതൂക്കം നൽകുന്ന കാര്യമാണെന്ന വിശ്വസവുമുണ്ട്.
ഇതിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ എഐ കരിയറുകളോടുള്ള താൽപര്യവും സ്ഥിരമായ വളർച്ച കൈവരിക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2024ലെ 59 ശതമാനത്തിൽ നിന്ന് ഈ വർഷം 63 ശതമാനമായി വളർന്നു. ഇതൊരു ചെറിയ ശതമാനം വർധനയെന്ന് ചിന്തിച്ചു തള്ളേണ്ട, കാരണം അത് വലിയൊരു വ്യത്യാസം തന്നെയാണ്.












Click it and Unblock the Notifications