ബിജെപി മതത്തെ ഉപകരണമാക്കി സ്ത്രീകളെയും വിഭജിക്കുന്നു: ബൃന്ദകാരാട്ട്
കണ്ണൂര്‍:ജെന്‍ഡര്‍ ബജറ്റടക്കമുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ത്രീപക്ഷ നിലപാടിന് സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മാനമുണ്ടെന്ന് സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സിപി എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വനിതാ അസംബ്ലി ഉദ്ഘാടനംചെയ്യുകയായിരുന്നു ബൃന്ദ.
കേന്ദ്രസര്‍ക്കാര്‍ മനുവാദത്തിലൂന്നി സ്ത്രീകളെ പിന്നോട്ടു നയിക്കുമ്പോളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപക്ഷ കേരളം ക്യാംപയിനിന് നേതൃത്വം നല്‍കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സ്വകാര്യമോ വ്യക്തിപരമോ ആയ മതവിശ്വാസത്തെ രാഷ്ട്രീയത്തില്‍ വലിയ ശക്തിയാകുന്നതിന് ബിജെപിയും ആര്‍എസ്എസും ദുരുപയോഗിക്കുകയാണ്. മതത്തെ ഉപകരണമാക്കി സ്ത്രീകളെയും ഇവര്‍ പലവിധത്തില്‍ വിഭജിക്കുന്നു. ഭരണഘടനയില്‍ വിശ്വസിക്കാത്ത സംഘപരിവാറുകള്‍ അതിനെ തകര്‍ക്കുന്നതിനുള്ള എല്ലാ അവസരങ്ങളെയും ഉപയോഗിക്കുകയാണ്.

സംഘപരിവാര്‍ എക്കാലത്തും സ്ത്രീകള്‍ക്കെതിരായ നിലപാടുകളാണ് സ്വീകരിക്കുന്നത്. കര്‍ണാടകത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായി നടന്ന നീക്കം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. സിഖ് മതവിശ്വാസികളായ കുട്ടികള്‍ തലപ്പാവ് ധരിക്കാറുണ്ട്. പഞ്ചാബില്‍ പെണ്‍കുട്ടികള്‍ ദുപ്പട്ടയും ധരിക്കാറുണ്ട്. ജനാധിപത്യപരമായ അവകാശമാണ് ഏത് വസ്ത്രം ധരിക്കണമെന്നത്. എന്നാല്‍ മുസ്ലിം കുട്ടികള്‍ തട്ടം ഉപയോഗിച്ച് തലമറയ്ക്കുന്നത് നിഷേധിക്കാനാണ് കര്‍ണാടകത്തില്‍ ബിജെപി മുതിര്‍ന്നത്. തലമറച്ച് കുട്ടികള്‍ സ്‌കൂളിലേക്കോ കോളേജിലേക്കോ വരേണ്ടെന്നാണ് കര്‍ണാടകത്തിലെ സര്‍ക്കാര്‍ ഉത്തരവ്. ഇന്ത്യയില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചതാണോ. സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള അവകാശംപോലും നിഷേധിക്കുന്നതാണിത്.
സി.പി. എം ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള പ്രചാരണങ്ങള്‍ക്കിടയില്‍ ഇതിലെ യഥാര്‍ഥ പ്രശ്നം ചര്‍ച്ചചെയ്യാതിരിക്കരുത്. ഭരണഘടന ഉറപ്പു വരുത്തുന്ന മൗലിക അവകാശങ്ങള്‍ ലംഘിക്കുന്ന നീക്കത്തിനെതിരെ സുപ്രീംകോടതി ശരിയായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ മുസ്ലിം മതമൗലിക സംഘടനകള്‍ നടത്തുന്ന മുതലെടുപ്പും കാണാതിരിക്കരുത്. സ്വന്തം മതത്തിനകത്തും സംഘടനകള്‍ക്കകത്തും ഇതേക്കാള്‍ അപകടകരമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നവരും സങ്കുചിത നേട്ടങ്ങള്‍ക്കായി രംഗത്തുവരികയാണെന്നും ബൃന്ദ പറഞ്ഞു.
പരിപാടിയില്‍ സി.പി.എംകേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി അധ്യക്ഷയായി. ജനാധിപത്യ മഹിളാ അസോ. നേതാക്കളായ കെ.കെ ശൈലജ എം. എല്‍. എ, സി. എസ് സുജാത, എന്‍.സുകന്യ, പി.കെ ശ്യാമള, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പി.പി ദിവ്യ, സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, എം. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications