കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവയ്ക്കു പിന്നാലെ പയ്യന്‍ ട്രൂപ്പും ....

  • By Staff
Google Oneindia Malayalam News

ദില്ലി : വിവ അങ്ങനെ വന്‍വിജയമായി. ഇനി പയ്യന്‍മാരുടെ ഊഴമാണ്. സ്റാര്‍ മേധാവികള്‍ ഒരുക്കങ്ങള്‍ തുടങ്ങി. ചാനല്‍ വിയില്‍ 2003 മുതല്‍ പയ്യന്‍സിന്റെ പ്രകടനങ്ങള്‍ കാണാം.

അഞ്ചു പെണ്‍കുട്ടികള്‍ അടങ്ങിയ മ്യൂസിക് ട്രൂപ്പാണ് വിവ. അഞ്ചു പേരെ കണ്ടെത്തിയത് ചാനല്‍ വി നടത്തിയ കടുത്ത മത്സരങ്ങളില്‍ നിന്ന്. രാജ്യമാകെ നിന്നും അപേക്ഷകര്‍ ധാരാളമുണ്ടായിരുന്നു. അവരില്‍ നിന്നും പലഘട്ടങ്ങളിലെ മത്സരങ്ങള്‍ കഴിഞ്ഞ് ഏറ്റവും കഴിവുറ്റവരെ കണ്ടെത്തി ഉണ്ടാക്കിയ മ്യൂസിക് ട്രൂപ്പാണ് വിവ. മത്സരിച്ചത് പെണ്‍കുട്ടികള്‍ മാത്രം.

മത്സരങ്ങളും തിരഞ്ഞെടുപ്പും മറ്റും പൂര്‍ണമായി ചിത്രീകരിച്ച് 13 ഭാഗങ്ങളുളള ഒരു പരിപാടിയായി ചാനല്‍ വി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ രാജ്യത്തെ വന്‍നഗരങ്ങളില്‍ സ്റേജ് ഷോ അവതരിപ്പിക്കുന്ന തിരക്കിലാണ് വിവ.

വിവയുടേതായി പുറത്തു വന്ന മ്യൂസിക് ആല്‍ബം സൂപ്പര്‍ഹിറ്റുകളുടെ പട്ടികയിലാണ്. ഇത്തരത്തില്‍ ഒരു പരിപാടി ഇന്ത്യയിലെ ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമാണ്.

ലേഡീസ് ഒണ്‍ലി മ്യൂസിക് ട്രൂപ്പിന്റെ വിജയം ബോയ്സ് ഒണ്‍ലി ട്രൂപ്പെന്ന ആശയത്തിന് വഴിവെച്ചു. ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും പ്രയോഗിച്ച് വന്‍വിജയമെന്ന് തെളിയിച്ചതാണ് ഈ തന്ത്രം. റിയാലിറ്റി ടെലിവിഷന്റെ മറ്റൊരു പതിപ്പ്.

രാജ്യത്താകെ ഓളങ്ങളുണ്ടാക്കി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന്റെ ചെലവിനെക്കുറിച്ച് സ്റാര്‍ വൃത്തങ്ങള്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ വിവയുടെ സൃഷ്ടിയ്ക്ക് സ്റാര്‍ വാരിയെറിഞ്ഞത് അഞ്ചുകോടിയാണെന്ന് വിപണി കണക്കുകൂട്ടി പറയുന്നു.

കണക്ക് ശരിയാണോ തെറ്റാണോ എന്നൊന്നും സ്റാര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സമീര്‍ നായര്‍ പറയുന്നില്ല. മുടക്കിയ പണം തിരിച്ചു കിട്ടിയെന്നു മാത്രമാണ് അദ്ദേഹത്തിന്റെ സാക്ഷ്യപത്രം. ആദ്യപരീക്ഷണം മുടക്കുമുതലും ലാഭവും തരാതെ അത്തരത്തില്‍ രണ്ടാമതൊന്നിന്റെ സൃഷ്ടി ഉണ്ടാവില്ലല്ലോ.

ചാനല്‍ വിയുടെ പ്രേക്ഷകപ്രീതി കൂടാന്‍ വിവാ സംപ്രേക്ഷണം സഹായമായിട്ടുണ്ട്. പ്രശസ്തിയുളള വിനോദ ചാനലുകളിലാണ് സാധാരണ ഇത്തരം ഷോകള്‍ സംപ്രേക്ഷണം ചെയ്യുന്നത്. എന്നാല്‍ ഇത് വിയില്‍ സംപ്രേക്ഷണം ചെയ്യാന്‍ മനപ്പൂര്‍വം തീരുമാനിക്കുകയായിരുന്നെന്ന് സമീര്‍ നായര്‍ പറഞ്ഞു.

വിവയുടെ ഉല്‍പത്തി സംപ്രേക്ഷണം ചെയ്യതിലൂടെ പ്രേക്ഷകമനസില്‍ ചാനലിന് സ്ഥാനവും ഓളവും കിട്ടി. 2003 മാര്‍ച്ചില്‍ പയ്യന്‍സ് മ്യൂസിക് ട്രൂപ്പിന്റെ ഉല്‍പത്തി ചരിത്രം കൂടിയാകുമ്പോള്‍ വി ചാനല്‍ ഇന്ത്യന്‍ നഗരങ്ങളിലെ പ്രിയപ്പെട്ട ചാനലാകുമെന്ന കണക്കുകൂട്ടലിലാണ് സ്റാര്‍ മേധാവികള്‍.

അമിതാ ബച്ചന്‍ അവതരിപ്പിയ്ക്കുന്ന മറ്റൊരു ക്വസ് ഷൊ സ്റാര്‍ പ്ലസില്‍ 2002 ഒക്ടോബര്‍ മുതല്‍ വീണ്ടും തുടങ്ങുകയാണ്. ദൃശ്യമാധ്യമ ചരിത്രം തിരുത്തിയെഴുതിയ അമിതാഭ് ബച്ചന്റെ കോടിപതി പരിപാടി ഇതോടെ അവസാനിച്ചതായി കരുതാം. മാധുരി ദീക്ഷിത് അവതാരകയുടെ വേഷമണിയുന്ന ശുഭ് വിവാഹുമായി സോണി ടിവിയും ഈ വര്‍ഷം അവസാനത്തോടെ എത്തും.

കോടികള്‍ വാരിയെറിഞ്ഞുളള ചാനലുകളുടെ ഗെയിംഷോ യുദ്ധത്തിന് വീണ്ടും മിനിസ്ക്രീന്‍ വേദിയാകുന്നു. ആരൊക്കെ വിജയിക്കും? കാത്തിരിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X