മന്ത്ര- മലയാളത്തില്‍ ഒരു ഫ്യൂഷന്‍
ബാംഗ്ലൂര്‍: ഇഫ്തികാര്‍ അലി എന്ന 19കാരന്‍ സംഗീതരംഗത്ത് പുതിയ വഴികള്‍ തേടുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ ഈ മലയാളി യുവാവ് ഇപ്പോള്‍ മന്ത്ര എന്ന സംഗീത ആല്‍ബത്തിലൂടെ മലയാളത്തില്‍ ഒരു ഫ്യൂഷന്‍ സാധ്യത പരീക്ഷിയ്ക്കുകയാണ്.
അച്ഛനമ്മമാര്‍ ഇഫ്തികാര്‍ അലിയില്‍ ഒരു എഞ്ചിനീയറെയാണ് കാണുന്നതെങ്കിലും സംഗീതസംവിധായകനാകാനാണ് ഇഫ്തികാറിനിഷ്ടം. 10ാം വയസ്സുമുതലേ ഇഫ്തികാറിന് സംഗീതമെന്നാല്‍ ആവേശമാണ്. 10ാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ഇഫ്തികാര്‍ ദില്‍ ഹൈ ദിവാനാ എന്ന പേരില്‍ ഹിന്ദി-മലയാളം ഗാനങ്ങള്‍ അടങ്ങിയ ഒരു സംഗീത ആല്‍ബം ഇറക്കിയിട്ടുണ്ടെന്നറിയുക. വെറും രണ്ട് ജില്ലകളില്‍ മാത്രം വിതരണം ചെയ്ത ഈ ആല്‍ബം ഇഫ്തികാറിന്റെ സ്വപ്നങ്ങളിലേക്കുള്ള ചുവടുവയ്പായിരുന്നു.
മന്ത്രയിലെ ഗാനങ്ങളെല്ലാം പ്രണയത്തിന്റെ സ്പര്‍ശമുള്ളവയാണ്. ഇതിലെ ചില ഗാനങ്ങളുടെ വീഡിയോ നന്ദിഹില്‍സില്‍ വച്ച് പകര്‍ത്തിയിട്ടുണ്ട്. ഈ ഗാനങ്ങള്‍ അടുത്തുതന്നെ മലയാളം ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടും.
കര്‍ണ്ണാടകസംഗീതം, ഹിന്ദുസ്ഥാനി എന്നീ സംഗീത ശൈലികളും പാശ്ചാത്യതാളങ്ങളും ഇതില്‍ ഇഫ്തികാര്‍ ഉപയോഗിക്കുന്നു. എനിക്ക് ഉപയോഗിക്കാന്‍ കഴിയാവുന്നത്ര വ്യത്യസ്ത ശബ്ദങ്ങളും ശൈലിയിലും മന്ത്രയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇഫ്തികാര്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തില്‍ ഒരു ഫ്യൂഷന്‍ സംഗീതശൈലി രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇഫ്തികാര്‍ അലിയുടേത്. സംഗീതത്തില്‍ ഏതെങ്കിലും ഒരു ശൈലിയില്‍ മാത്രം ഒതുങ്ങാന്‍ ഇഫ്തികാറിനിഷ്ടമല്ല.
താന്‍ പഠിച്ച സ്കൂളിലെ പ്രാര്‍ത്ഥനാഗാനത്തിന് പുതിയ ഈണമിട്ടത് ഇഫ്തികാര്‍ ഇന്നലെയെന്നോണം ഓര്‍മ്മിയ്ക്കുന്നു. കുട്ടികള്‍ സാധാരണയായി പാടുന്ന ഈ പ്രാര്‍ത്ഥനയ്ക്ക് ഇഫ്തികാര്‍ വ്യത്യസ്തമായ ഈണം നല്കി. ഇപ്പോഴും ആ സ്കൂളില്‍ ഇഫ്തികാര്‍ സംഗീതം നല്കിയ പ്രാര്‍ത്ഥനയാണ് പാടുന്നത്.