കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു, ഒരേയൊരു കാര്യം പറഞ്ഞു, അതാണ് സംഭവിച്ചതെന്ന് ദുല്‍ഖര്‍
മലയാള സിനിമയുടെ തലവര മാറ്റിയ റിലീസായി ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രം മാറിയിരിക്കുകയാണ്. ആദ്യ ദിനം മികച്ച കളക്ഷനും ചിത്രം നേടി. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് വഴിയൊരുക്കിയത് മമ്മൂട്ടിയാണെന്ന് നേരത്തെ ഫിയോക് പറഞ്ഞിരുന്നു. ദുല്‍ഖറും അത്തരത്തിലുള്ള സൂചനകള്‍ നല്‍കിയിരുന്നു. നേരത്തെ തന്നെ മമ്മൂട്ടി ചിത്രം കണ്ടുവെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ മലയാള സിനിമയെ ലോകത്തെല്ലായിടത്തും വലിയൊരു കുതിപ്പിലേക്ക് നയിച്ച തീരുമാനത്തെ കുറിച്ചും എന്തൊക്കെ പ്രതിസന്ധികള്‍ ചിത്രം നേരിട്ടുവെന്നും പറയുകയാണ് ദുല്‍ഖര്‍. മലയാള മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കുറുപ്പ് വാപ്പച്ചി കണ്ടിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. റിലീസ് ചെയ്യാനിരിക്കുന്ന തന്റെ സിനിമകള്‍ മുമ്പൊരിക്കലും അദ്ദേഹത്തോട് കാണാന്‍ ആവശ്യപ്പെട്ടിട്ടില്ല. റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും സിനിമ കാണാറുള്ളത്. കുറുപ്പ് താന്‍ നിര്‍ബന്ധിച്ച് കാണിക്കുകയായിരുന്നു. അതിന് കാരണമുണ്ട്. ചിത്രത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ വേണ്ടിയായിരുന്നു കാണാന്‍ പറഞ്ഞത്. അവരോടൊപ്പം ചിത്രം കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ സിനിമ കണ്ട് കഴിഞ്ഞ ഉടനെ വാപ്പച്ചി എന്നെ വിളിച്ചു. ഇത് വലിയ സ്‌ക്രീനില്‍ കാണിക്കാന്‍ നോക്ക് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ്സ് എനിക്ക് കാണാമായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

കുറുപ്പ് റിലീസാവുന്നതിന് മുമ്പ് എത്രയോ രാത്രി എനിക്ക് ഉറക്കം വരാതിരുന്നിട്ടുണ്ട്. കുറുപ്പ് എന്ന സിനിമ റിലീസ് ചെയ്യാതെ ആരും കാണാതെ എവിടെയോ പോയി ഇല്ലാതാകുമെന്ന് വരെ ദു:സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. കൊവിഡിന്റെ ലോക്ഡൗണ്‍ നീണ്ടപ്പോഴാണ് പിരിമുറുക്കമുണ്ടായത്. ചിത്രം ഇറങ്ങിയപ്പോള്‍ പ്രശ്‌നമെല്ലാം മാറി. ചിത്രം നല്ലതോ ചീത്തയോ എന്നത് കാണികള്‍ തീരുമാനിക്കേണ്ടതാണ്. അവരിലേക്ക് എത്തികുകയായിരുന്നു ഞങ്ങള്‍ ചെയ്യേണ്ടത്. റിലീസ് ചെയ്യുമെന്ന് ഉറപ്പായതിന് ശേഷം മൊബൈലിലെ സമയമൊന്നും നോക്കാതെ ഞാന്‍ ഉറങ്ങിയിട്ടുണ്ട്. എല്ലാം പഴയത് പോലെ തന്നെ വന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

കൊവിഡ് തുടക്കത്തിലൊക്കെ രസകരമായിരുന്നു.ലോക്ഡൗണ്‍ സമയത്ത് കുട്ടികളോടൊപ്പം കളിക്കാം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാം എന്നൊക്കെ കരുതും. പക്ഷേ ലോകത്താകെ രോഗവും മരണവും പടരുകയാണെന്നും, ഇന്ത്യയിലെ സാഹചര്യവും ഗുരുതരമാണെന്ന് അറിഞ്ഞതോടെ പേടിച്ച് പോയി. മൂന്ന് സിനിമകളുടെ പ്രൊഡക്ഷന്‍ പല ഘട്ടങ്ങളിലായി നില്‍ക്കുന്ന സമയമാണ്. സിനിമ ഇല്ലാതെ വരുമ്പോള്‍ മുന്നോട്ട് എങ്ങനെ പോകുമെന്ന് പേടിച്ചുപോയിട്ടുണ്ട്. വായ്പാ ഘടുക്കള്‍ അടയ്ക്കാനുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ ചിന്തിച്ചു. ഇതെല്ലാം ഇല്ലാതായാല്‍ എന്ത് ചെയ്യുമെന്ന പേടി വേറെയും വന്നു.

മറ്റുള്ളവരെ അപേക്ഷിച്ച് ഞാന്‍ സേഫായിരുന്നു. അങ്ങനെ പേടിക്കേണ്ടതില്ല എന്നതാണ് വാസ്തവം. ഞങ്ങള്‍ കുറച്ചെങ്കിലും സുരക്ഷിതരാണ്. അത്തരമൊരു ഉറപ്പില്ലാത്തവരുടെ ജീവിതത്തിലേക്ക് നോക്കുമ്പോഴാണ് നമ്മള്‍ എത്ര ഭാഗ്യം ചെയ്തവരാണെന്ന് മനസ്സിലാവുക. കുട്ടിക്കാലത്ത് പലരും കുറുപ്പിനെ കുറിച്ച് വീട്ടിലൊക്കെ പറഞ്ഞിട്ടുണ്ട്. ഇത് ഒമ്പത് വര്‍ഷം മുമ്പാണ് ശ്രീനാഥ് എന്നോട് പറയുന്നത്. അന്ന് ചെയ്യാന്‍ ധൈര്യമില്ലായിരുന്നു. പലപ്പോഴായി കഥ വലുതായി. സിനിമ തുടങ്ങിയ ശേഷം പലരും പുതിയ വിവരങ്ങളുമായി ഞങ്ങളെ വിളിച്ചിരുന്നു. ആ വിവരങ്ങളും അതില്‍ ചേര്‍ത്തു. ഷൂട്ട് തുടങ്ങിയ ശേഷം പല വിവരങ്ങളും ചേര്‍ത്താണ് സിനിമ ഇത്ര വലുതായത്.

ലൂസിഫര്‍ പോലുള്ള സിനിമകള്‍ കേരളത്തിനും ഇന്ത്യക്കും പുറത്ത് പുതിയ വാതിലുകള്‍ തുറന്നത് കുറുപ്പിനും ഗുണമായിട്ടുണ്ട്. ഓവര്‍സീസ് ബിസിനസ്സിലും ഒടിടിയിലുമെല്ലാം പുതിയ സാധ്യതകള്‍ ഉണ്ടായിട്ടുണ്ട്. ഇത് വലിയ സിനിമകള്‍ ആലോചിക്കാനുള്ള സാഹചര്യമൊരുക്കി. എന്റെ ഒരു സിനിമയും ഇത്രയും തവണ ഞാന്‍ കണ്ടിട്ടില്ല. ഓരോ സ്‌റ്റേജിലും ഈ ചിത്രം ഞാന്‍ കണ്ടു. ഭാര്യയും കൂടെയിരുന്നു കണ്ടു. അതൊന്നും മുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല. താന്‍ കൂടെ പിറപ്പിനെ പോലെ സ്‌നേഹിച്ചൊരു സിനിമയാണിതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ സിനിമ എങ്ങനെ റിലീസ് ചെയ്യുമെന്ന ആശങ്ക സംവിധായകനെ അടക്കം വേദനിപ്പിച്ചിട്ടുണ്ട്. നിമിഷ് രവി ക്യാമറ ചെയ്യാന്‍ പേടി തോന്നുന്നുവെന്ന് പറഞ്ഞു. ഇതിന് മുമ്പ് അദ്ദേഹം ഒരു സിനിമയായിരുന്നു ചെയ്തത്.

നിര്‍മാതാവ് അനീഷ് മോഹന്‍ പേടി പുറത്ത് കാണിച്ചില്ല. മനോജ് അറയ്ക്കല്‍ ആര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആ കഴിവ് സ്‌ക്രീനില്‍ കാണാനാവാതെ പോകുമോ എന്ന ഭയവും ഉണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. ചാക്കോയുടെ കുടുംബമൊരുസാധാരണ കുടുംബമാണ്. ഈ ചിത്രത്തില്‍ നിന്ന് ഒരു മുതലെടുപ്പും അവര്‍ ആഗ്രഹിച്ചിട്ടില്ല. അവരുടെ ചെറിയ ജീവിതത്തില്‍ അന്തസ്സോടെ ജീവിക്കുന്നു. അവരെ പരിചയപ്പെടാന്‍ സാധിച്ചത് തന്നെ സന്തോഷമാണ്. ഞങ്ങളെ സംരക്ഷിക്കാനായി അവര്‍ മാധ്യമങ്ങളോട് പോലും സംസാരിച്ചു. അവരോട് തുടക്കത്തിലേ കഥയുടെ രൂപം പറഞ്ഞിരുന്നു. ടീസര്‍ കണ്ടപ്പോഴാണ് അവര്‍ക്ക് വേദനിച്ചത്. അത് സിനിമ കണ്ടപ്പോള്‍ മാറിയെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.












Click it and Unblock the Notifications