മരയ്ക്കാര്‍ റിലീസില്‍ ട്വിസ്റ്റ്, ഇടപെട്ട് സര്‍ക്കാര്‍, വീണ്ടും ചര്‍ച്ച, ഇതുവരെയില്ലാത്ത നീക്കം
കൊച്ചി: മോഹന്‍ലാലിന്റെ മെഗാ ബജറ്റ് ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസില്‍ വീണ്ടും ട്വിസ്റ്റ്. ചിത്രം ഒടിടിയില്‍ റിലീസാവുമെന്ന് കഴിഞ്ഞ ദിവസം ഉറപ്പായിരുന്നു. എന്നാല്‍ ഈ തര്‍ക്ക വിഷയത്തില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരുമായി വീണ്ടുമൊരു ചര്‍ച്ചയ്ക്ക് തയ്യാറാവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സിനിമാ സംബന്ധമായ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. നേരത്തെ ചിത്രത്തിനായി 50 കോടി അഡ്വാന്‍സാണ് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നത്. പിന്നീട് ഇത് 25 കോടിയായി കുറച്ചിരുന്നു.

ആന്റണി ചോദിക്കുന്ന തുക ഒരു കാരണവശാലും നല്‍കാനാവില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ അറിയിക്കുകയായിരുന്നു. പരമാവധി നല്‍കാനാവുന്ന തുക 15 കോടിയാണ്. അത് തന്നെ കടമെടുക്കുന്നതിന്റെ പരമാവധി കഴിഞ്ഞാണ്. അതില്‍ നിന്ന് ഒരു രൂപ പോലും കൂടുതലായി നല്‍കാനാവില്ലെന്നായിരുന്നു വിജയകുമാര്‍ പറഞ്ഞത്. അതേസമയം ഫിയോക് ഈ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കിയിരുന്നു. മരയ്ക്കാര്‍ എന്ന ചിത്രം ഇനി തിയേറ്ററുകള്‍ വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആന്റണി തിയേറ്റര്‍ ഉടമകളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഒടിടിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു.
100 കോടി മുതല്‍ മുടക്കിലാണ് മരയ്ക്കാര്‍ ഒരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ഒടിടിയില്‍ റിലീസ് ചെയ്താല്‍ പടം കാര്യമായി ശ്രദ്ധിക്കപ്പെടില്ലെന്ന് ഉറപ്പാണ്. ചിത്രത്തിന് ലാഭം കിട്ടാന്‍ ആന്റണിക്ക് ചിലപ്പോള്‍ അത് സഹായകരമായേക്കും. എന്നാല്‍ ജനങ്ങളിലേക്ക് എത്തുന്നത് കുറവായിരിക്കും. അതേസമയം ആന്റണിയുടെ ചിത്രങ്ങള്‍ ഇനി തിയേറ്റര്‍ റിലീസ് ചെയ്യണോ എന്ന കാര്യത്തില്‍ അടക്കം നിലപാട് പരിശോധിച്ച് വരികയാണ് ഫിയോക്. ബ്രോ ഡാഡി, ആറാട്ട്, ട്വല്‍ത്ത് മാന്‍ എന്നിവയാണ് മോഹന്‍ലാലിന്റേതായി തിയേറ്ററില്‍ ഇറങ്ങാനുള്ള ചിത്രങ്ങള്‍. ഇതില്‍ രണ്ട് പടങ്ങള്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.
അതേസമയം ഇങ്ങനെ പ്രശ്‌നങ്ങള്‍ രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിഷയത്തില്‍ തന്നെ ഇടപെട്ടിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മരയ്ക്കാര്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ ഇടപെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച സിനിമാ സംഘടനകളുമായി മന്ത്രി ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മാതാവും തിയേറ്റര്‍ ഉടമകളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് മന്ത്രിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ തിയേറ്റര്‍ റിലീസാകുന്ന രണ്ടാമത്തെ ചിത്രമാണ് മരയ്ക്കാറെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ പറയുന്നു. കടത്തനാടന്‍ അമ്പാടി എന്ന ചിത്രമാണ് സര്‍ക്കാര്‍ ഇടപെടലിലൂടെ ആദ്യം തിയേറ്ററില്‍ എത്തിച്ച ചിത്രമെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു.
കടത്തനാടന്‍ അമ്പാടി പ്രതിസന്ധിയിലായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് നവോദ അപ്പച്ചനെ ഏല്‍പ്പിച്ചാണ് ചിത്രം റിലീസ് ചെയ്തത്. മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ്. താന്‍ പ്രതീക്ഷ കൈവിടുന്നില്ല. അവസാന തീരുമാനത്തില്‍ എത്താന്‍ അഞ്ചാം തിയതി നടക്കുന്ന ചര്‍ച്ച അവസാനിക്കണം. രണ്ട് പേരും ഇതില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടതുണ്ട്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തില്ലെങ്കില്‍ വലിയ വരുമാന നഷ്ടം സര്‍ക്കാരിനുണ്ടാവുമെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. നികുതി ഇനത്തില്‍ ലഭിക്കുന്ന വലിയ തുകയിലാണ് സര്‍ക്കാരിന്റെ നോട്ടം. മരയ്ക്കാര്‍ വലിയ വിജയം നേടാന്‍ സാധ്യതയുള്ള ചിത്രമാണ്. നേരത്തെ മന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.












Click it and Unblock the Notifications