വനിതകളുടെ സുഹൃത്തും വഴികാട്ടിയും, ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം; 'വനിത'യ്‌ക്കെതിരെ രോഷം
മലയാളത്തില്‍ ഏറ്റവും പ്രചാരണത്തിലുള്ള വനിത മാസികകളില്‍ ഒന്നാണ് 'വനിത'. മലയാള മനോരമ തറവാട്ടില്‍ നിന്നും പുറത്തിറങ്ങുന്ന വനിതയ്ക്ക് ഒട്ടേറെ വായനക്കാരാണ് സെലിബ്രിറ്റികളുടെ വിശേഷങ്ങളും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതുമായ മികച്ച പക്തികളാണ് മാസികയില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോള്‍, വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ലേബലില്‍ പുറത്തിറങ്ങുന്ന മാസികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലെ കവര്‍ പേജാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ കുടുംബസമേതമുള്ള ഫോട്ടോ കവര്‍പേജായി നല്‍കിയതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്കിനെ കുറിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഡിസംബര്‍ 25 നാണ് റിപ്പോര്‍ട്ടര്‍ ടി.വിയിലൂടെ സംവിധായകനായ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഈ അവസരത്തില്‍ തന്നെ വനിത ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

ട്വിറ്ററിലും ഫേസ്ബുക്കിലും അടക്കം വനിതയ്‌ക്കെതിരെ പോസ്റ്റുകളുമായി പ്രമുഖരാണ് രംഗത്തെത്തുന്നത്. ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. 2017ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വനിത മാസികയെ ഒര്‍ത്ത് ലജ്ജിക്കുന്നു- സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.

വനിതയുടെ കവര്‍ പേജ് ചിത്രത്തിനെതിരെ വിമര്‍ശനവുമായി അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ കുമാറും പ്രതികരിച്ചിട്ടുണ്ട്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ലേബലിനെ പരിഹസിച്ചുകൊണ്ടാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് ഇങ്ങനെ, 'വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ...! ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം- അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക മനില സി മോഹനും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് മനിലയുടെ പ്രതികരണം. കുറിപ്പ് ഇങ്ങനെ, ആ ദിലീപിന്റെ സിനിമ കാണാതിരിക്കല്‍ പോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് അയാളുടെ കവര്‍ പടവുമായി, സ്ത്രീകള്‍ക്കു വേണ്ടിയെന്ന ലേബലില്‍ പുറത്തിറങ്ങുന്ന മലയാളത്തിലെ നല്ലോണം പ്രചാരമുള്ള ആ മാഗസിന്റെ കവറിന് പ്രചാരം നല്‍കാതിരിക്കുക എന്നതും.

നമ്മള്‍ കരുതും ആ കുടുംബചിത്രകവര്‍ ചേര്‍ത്ത് അതിനെതിരെ എഴുതുമ്പോള്‍ കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാവും എന്ന്. അങ്ങനല്ല. അത് കൂടുതല്‍ പ്രചരിപ്പിക്കപ്പെടുകയാണ് ചെയ്യുക. ഡിമാന്റ് കൂടുകയാണ് ചെയ്യുക. കാരണം ടിയാനെ ആരാധിക്കുന്ന, ടിയാന്റെ കുടുംബവിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്ന ആള്‍ക്കാര്‍ ഭൂരിപക്ഷമാണിവിടെ.

ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നവരും ചിരിക്കാന്‍ പരിശീലിപ്പിക്കപ്പെട്ടവരുമാണാക്കൂട്ടം. അയാളങ്ങനെയൊക്കെ ചെയ്യുമോ എന്ന് കരുതുന്ന നിഷ്‌കളങ്കര്‍ മാത്രമല്ല, ചെയ്തത് നന്നായി എന്ന് കരുതുന്ന ഭക്തരുമുണ്ടാക്കൂട്ടത്തില്‍. വിവാദം കത്തി നിന്ന കാലത്ത് നമ്മള്‍ തമാശ പറഞ്ഞതോര്‍മയുണ്ടോ? വനിതാ മാസികകളുടെ കവറായി, 'കടന്നു വന്ന കനല്‍വഴി ' കളെക്കുറിച്ച്, കുടുംബചിത്രം സഹിതം അയാളുടെ ഫീച്ചറുകള്‍ വരുമെന്ന്. അതാണിത്. അത് പ്രചരിക്കപ്പെടുമ്പോള്‍ അയാളും മാഗസിനും ചിരിക്കുന്നുണ്ടാവും- മനില സി മോഹന്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പോസ്റ്റുകളാണ് വനിതയ്‌ക്കെതിരെ ഉയരുന്നത്. ദിലീപിന്റെ കവര്‍ചിത്രം വനിത പോലൊരു മാസികയ്ക്ക് നല്‍കിയത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നാണ് മിക്ക പോസ്റ്റുകളുടെയും ഉള്ളടക്കം. കൂടാതെ ട്രോളുകളും വനിതയ്‌ക്കെതിരെ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചില പോസ്റ്റുകള്‍ ഇങ്ങനെയാണ്, ഒരു നല്ല എഡിറ്ററെ അളക്കുന്നത് അദ്ദേഹം കൊടുക്കാത്ത വാര്‍ത്ത ഏതെന്ന് അറിയുന്നതിലൂടെ ആണ്. വനിതയുടെ എഡിറ്റര്‍ അമ്പേ പരാജയം ആണെന്ന് കരുതാന്‍ ഈ ഒരു കവര്‍ മതി. 21 വര്‍ഷം മുന്‍പ് 6 മാസം ജോലി ചെയ്തിരുന്ന സ്ഥാപനമാണ്. അതുകൊണ്ട് തന്നെ ഈ കവര്‍ കണ്ടപ്പോള്‍ ചങ്ക് പിളരുന്ന വേദന തോന്നിയ ഒരാളാണ് ഞാന്‍. ധന്യയുടെ വാദം പൂര്‍ണമായും ശരിയാണ്. ലൈംഗിക കുറ്റാരോപിതനെ വെള്ള പൂശി ജീവിക്കാന്‍ മാത്രം ദാരിദ്ര്യമുള്ള സ്ഥാപനമല്ല വനിത- മാധ്യമപ്രവര്‍ത്തകന്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം വനിത മാസികയില്‍ നല്‍കിയത് കൊണ്ട് എന്താണ് തെറ്റെന്ന് ചോദിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തി. കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലെയെന്ന് ഹരീഷ് പേരടി ചോദിച്ചു. ഹരീഷ് പേരടിയുടെ പോസ്റ്റ് ഇങ്ങനെ,

കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാള്‍ക്ക് അമേരിക്കയില്‍ ചികല്‍സക്കുവേണ്ടി പോകാന്‍ പാടില്ലെ?..കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലെ?..സത്യത്തില്‍ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്?- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications