ഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിലിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി
കൊച്ചി: രണ്ടാം പിണറായി സർക്കാർ നടപ്പിലാക്കാന്‍ പോവുന്ന പ്രധാന വികസ പദ്ധതിയായ കെ-റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തില്‍ കെ റെയില്‍ പുതിയ നാഴികകല്ലായി മാറുമെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ പദ്ധതി കേരളത്തിന് ഒട്ടും പ്രായോഗികമല്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. പദ്ധതിക്കെതിരെ പ്രതിപക്ഷ കക്ഷികളായ യു ഡി എഫും ബി ജെ പിയും പ്രത്യക്ഷ സമരവുമായി തന്നെ രംഗത്തുണ്ട്.
ജമാഅത്തെ ഇസ്ലാമി പോലുള്ള സമുദായ സംഘടനകളും ഇവർക്കൊപ്പമുണ്ട്. എന്നാല്‍ എന്തൊക്കെ തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടാലും പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് തന്നെയാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ റയില്‍ വിഷയത്തില്‍ കേരളം ഇങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരിക്കുമ്പോഴും പദ്ധതി സംസ്ഥാനത്തിന് എങ്ങനെ ഗുണകരമാവുമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് നാടക പ്രവർത്തകനും സിനിമ നടനുമായ ഹരീഷ് പേരടി.
ജോസിനെതിരായ യുഡിഎഫ് നീക്കത്തെ പ്രതിരോധിക്കാനിയില്ല, വീഴ്ച: എന്നിട്ടും നടപടിയില്ലാതെ സിപിഎം

മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ടാണ് താരം കെ റെയിലിന്റെ പ്രസക്തി വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ പിന്നെ അടുക്കളയിൽ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക. അതിൽ വിട്ടുവിഴച്ചയില്ല. സർക്കാറും ആ ഉറപ്പ് നൽകുന്നുണ്ട്. വികസനത്തോടൊപ്പം. കെ റെയിലിൽ പിണറായി സർക്കാറിനോടൊപ്പമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഞാനിപ്പോൾ കാസർക്കോട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ഇരിക്കുകയാണ്. മറ്റന്നാൾ എനിക്ക് രാവിലെ എറണാകുളത്ത് എത്തണം. ഞാൻ അന്വേഷിച്ചപ്പോൾ ഇവിടെ നിന്ന് ഒരു മണിക്കൂർ ദൂരമുള്ള മംഗലാപുരം എയർപോട്ടിൽ നിന്ന് കൊച്ചിയിലേക്ക് നോണ്‍ സ്റ്റോപ്പ് വിമാനങ്ങളില്ല. എല്ലാം 6ഉം 9തും മണിക്കൂറുകൾ എടുക്കുന്ന യാത്രകൾ. റോഡ് മാർഗ്ഗം 10 ഉം 12ഉം മണിക്കൂറുകൾ.

പിന്നെ ഇവിടെ നിന്ന് 2.5 മണിക്കൂർ ദൂരമുള്ള കണ്ണൂർ എയർപോട്ടിൽ നിന്ന് 8.30ന് ഒരു വിമാനമുണ്ട്. അതിനുവേണ്ടി 10 മണിക്ക് ഷൂട്ടിംങ് കഴിഞ്ഞെത്തുന്ന ഞാൻ 3.30ന് എഴുന്നേറ്റ് 4.30ന് കാറിൽ കയ്റണം. ഞാൻ സ്വപ്നം കാണുന്ന കെ.റെയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്ക് നന്നായി ഉറങ്ങി എന്റെ സൗകര്യത്തിനന്നുസരിച്ചുള്ള ഒരു സിൽവർലൈൻ വണ്ടിയിൽ കയറിയാൽ വെറും രണ്ടുമണിക്കൂറുകൾകൊണ്ട് ഞാൻ എറണാകുളത്ത് എത്തും.

ഞാനും ഹാപ്പി എനിക്ക് ടിക്കെറ്റ്ടുത്ത് തരുന്ന പ്രൊഡ്യൂസറും ഹാപ്പി. ഇതാണ് കെ.റെയിലിന്റെ പ്രസക്തി. പിന്നെ അടുക്കളയിൽ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക. അതിൽ വിട്ടുവിഴച്ചയില്ല. സർക്കാറും ആ ഉറപ്പ് നൽകുന്നുണ്ട്. വികസനത്തോടൊപ്പം. കെ.റെയിലിൽ പിണറായി സർക്കാറിനോടൊപ്പം. എല്ലാം പറഞ്ഞ് കൊബ്രമൈസാക്കാം. ഒന്ന് സഹകരിക്ക്. കേരളം ഒന്ന് രക്ഷപെടട്ടെ മക്കളെ

അതേസമയം, കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ സ്ഥാപിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം സിൽവർ ലൈൻ പദ്ധതിക്കായി സർവ്വേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ തുടരാൻ അധികൃതർക്ക് സാധിക്കുമെന്നും കോടതി വിശദീകരിച്ചു