വർഷങ്ങളോളമാണ് അനുഭവിച്ചത്; വിവാഹ മോചനം..വിഷാദരോഗം..തുറന്ന് പറഞ്ഞ് അർച്ചന കവി
കൊച്ചി; നീലത്താമരയെന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് അർച്ചന കവി. സിനിമയിൽ ഇപ്പോൾ സജീവമല്ലേങ്കിലും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിരന്തരം താരം സംവദിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ചും വിഷാദ രോഗത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകി അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

നിലവിൽ മാതാപിതാക്കൾക്കൊപ്പം ദില്ലിയിൽ കഴിയുകയാണ് അർച്ചന. താൻ ഏറെ ബുദ്ധിമുട്ടിയാണ് വിഷാദ രോഗത്തെ മറികടന്നതെന്ന് അർച്ചന പറയുന്നു. എല്ലാ മാസവും പതിനഞ്ച് ദിവസം എന്നെ സംബന്ധിച്ച് ഒരു പോരാട്ടമാണ്. ചില സമയത്ത് അഭിനയക്കുമ്പോൾ വല്ലാത്തൊരു നിർവികാരമായ അവസ്ഥയിലായിരിക്കും. ചിലപ്പോൾ അതിനെ മറികടക്കാൻ ഓവർ ആക്ട് ചെയ്യും. താൻ കരുതിയിരുന്നത് തനിക്ക് ബൈപോളാർ പ്രശ്നമെന്തെങ്കിലും ആണെന്നായിരു്നനു.

ഒരിക്കൽ പള്ളിയിൽ വെച്ച് കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് എനിക്ക് തോന്നി. ഒരു സീൻ ഒഴിവാക്കാൻ ഏറെ കഷ്ടപ്പെട്ടു. വീട്ടിലെത്തിയ ശേഷം നീണ്ട രണ്ട് ദിവസമാണ് താൻ കരഞ്ഞ് നിന്നത്. ഒടുവിൽ എനിക്ക് സഹായം കൂടിയേ തീരുവെന്ന് അമ്മയോട് തുറന്ന് പറയുകയായിരുന്നു. തന്റെ അവസ്ഥ എന്താണെന്ന് ഡോക്ടർമാർ കണ്ടെത്തുകയും മരുന്ന് നൽകുകയും ചെയ്തു. എന്നാൽ തുടക്കത്തിൽ തനിക്ക് വലിയ ദേഷ്യവും നിരാശയുമാണ് അനുഭവപ്പെട്ടത്. മാനസികാരോഗ്യം ഒരു സങ്കീർണ്ണമായ പ്രശ്നമാണ്, നടി പറയുന്നു.

അതേസമയം വിഷാദ രോഗമായിരുന്നില്ല തന്റെ ഡിവോഴ്സിന് കാരണമെന്നും താരം പറയുന്നു. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഞങ്ങൾ വിവാഹമോചനം നേടിയത്. അവൻ ക്രൂരമായി പെരുമാറുന്ന ആളല്ല, ഞാൻ ഇപ്പോഴും അവന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്, അർച്ചന പറഞ്ഞു. ഇന്ത്യയിൽ തന്നെ പ്രശസ്തനായ സ്റ്റാൻഡപ്പ് കൊമേഡിയനായ അബീഷ് മാത്യുവുമായി 2016 ലായിരുന്നു അർച്ചനയുടെ വിവാഹം.

അവൻ ഒരു സെൻസിറ്റീവ് മനുഷ്യനാണ്, കൂടാതെ തന്റെ മാനസിക പ്രശ്നങ്ങളെ കുറിച്ച് അവനും തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ വേർപിരിയലിനുശേഷമാണ് എന്റെ രോഗനിർണയം നടന്നത്. അതായിരുന്നില്ല വേർപിരിയാൻ കാരണവും, അർച്ചന വ്യക്തമാക്കി. അതേസമയം വിവാഹ മോചനം ചെയ്യാൻ തിരുമാനിച്ചപ്പോൾ താനായിരിക്കും അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകുന്ന ഏക വ്യക്തി എന്ന ചിന്തയായിരുന്നു മനസിൽ. ഞാൻ വിവാഹമോചിതയായി എന്ന് പറയാനും ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നു.

എന്നാൽ അങ്ങനെ അല്ല. ആ അവസ്ഥയിൽ ഉള്ള നിരവധി പേരുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം ഇപ്പോൾ പെട്ടെന്ന് ബോധ്യപ്പെടുന്നുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തിലും ഈ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അവർ പറയുന്നു. തന്റെ ബുദ്ധിമുട്ടുകൾ മാതാപിതാക്കളെ ഏറെ കഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ ഈ സാഹചര്യം തങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കി. സഹോദരനും സഹോദരന്റെ ഭാര്യയുമായുമുള്ള ബന്ധവും ശക്തിപ്പെടുത്തിയെന്നും അർച്ചന പറഞ്ഞു.
Recommended Video

സന്തോഷവതിയാണ്
സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് പോസ്റ്റുചെയ്യുമ്പോൾ ഇതൊക്കെ ഇങ്ങനെ പുറത്ത് പറയേണ്ടതുണ്ടോയെന്നായിരുന്നു അമ്മ ചോദിച്ചത്. എന്നാൽ തനിക്ക് കിട്ടിയ മറുപടികൾ ഊഷ്മളമായിരുന്നു. ആരും പിന്തുണയ്ക്കാനില്ലാത്ത ആരും കേൾക്കാനില്ലാത്ത സ്ത്രീകളെ കുറിച്ചോർത്ത് ശരിക്കും എന്റെ ഹൃദയം തകർന്ന് പോയി. എന്റെ കഥ ഒരാളെ സഹായിക്കുമെങ്കിൽ അതിൽ താൻ ഏറെ സന്തോഷവതിയാണ് , അർച്ചന പറഞ്ഞു.












Click it and Unblock the Notifications