വസ്ത്രത്തെ എന്തിനാണ് അന്തസുമായി കൂട്ടിക്കെട്ടുന്നത്? വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ഷബ്ല ഫറ
കൊച്ചി; തന്റെ നിലപാടുകൾ കൊണ്ട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫറ ഷബ്ല. തടി കൂടിയതിന്റെ പേരിൽ വലിയ വിമർശനങ്ങളും സൈബർ ബുള്ളിയിംഗുകളും നേരിടേണ്ടി വന്ന ഷബ്ല പക്ഷേ ഇത്തരം വിമർശനങ്ങൾക്ക് തന്റെ വ്യത്യസ്ത മേക്ക് ഓവർ ചിത്രങ്ങളിലൂടെ മറുപടി നൽകാറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ഫറ പങ്കുവെച്ചിരുന്നു. സ്വന്തം ശരീരത്തെ സ്നേഹിക്കുന്നത് വലിയ വിപ്ലവമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് സ്വിം സ്യൂട്ടിലുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്. ഇതിനെതിരേയും നിരവധി പേർ നെഗറ്റീവ് കമന്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അന്നത്തെ ഫോട്ടോ ഷൂട്ടിനെ കുറിച്ചും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുമെല്ലാം മറുപടി പറയുകയാണ് താരം.

ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞ നിറത്തിലുള്ള സ്വിം സ്യൂട്ടിലുള്ള ചിത്രമായിരുന്നു ഫറ ഷബ്ല പങ്കുവെച്ചത്. സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം!!നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്, എന്ന കുറിപ്പോടെയാണ് ഷബ്ല ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

പക്ഷേ പത്ത് ശതമാനം പേരെങ്കിലും ഈ ഫോട്ടോ ഷൂട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുമെന്നും ഇതൊക്കെ ആർക്കും ധരിക്കാവുന്ന വസ്ത്രമാണെന്നുമൊക്കെയുള്ള തോന്നൽ ഉണ്ടാകുമെന്നും അതിനാലാണ് ഞാൻ കോൺസൺട്രേറ്റ് ചെയ്യേണ്ടതെന്നുമായിരുന്നു പറഞ്ഞത്. അതുകൊണ്ട് അത്തരത്തിൽ തന്നെ ഞാൻ മനസിനെ പാകപ്പെടുത്തി വെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രത്തിന് വന്ന കമന്റുകൾക്കൊക്കേയും ഞാൻ മറുപടി നൽകിയിട്ടുണ്ട്, ഫറ ഷബ്ല പറഞ്ഞു.

നമ്മൾ എങ്ങനെ വേഷം ധരിക്കണം, തട്ടം ഇടണോ ഇടേണ്ടയോ സാരിയോ സൽവാറോ ഷോട്സോ ധരിക്കണോ എന്നതൊക്കെ നമ്മുടെ താത്പര്യങ്ങളാണ്. ചിലപ്പോൾ നമ്മുടെ ഏറ്റവും അടുത്ത ആളുകൾ ഒരുപക്ഷേ ഭർത്താവോ അമ്മയോ അച്ഛനോ ആരെങ്കിലുമൊക്കെ, അവർ പലപ്പോഴും വസ്ത്രത്തെ അന്തസുമായി ചേർത്തൊക്കെ പറയാറുണ്ട്. അതെന്തുകൊണ്ടാണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ല. വസ്ത്രത്ത എന്തിനാണ് അന്തസുമായി ചേർത്ത് പറയുന്നതെന്ന് അറിയില്ല.

ചിലർ പറയുന്നത് കേട്ടിട്ടുണ്ട് സാരിയുടുക്കുന്നതാണ് അന്തസെന്ന്. എന്നാൽ ഏറ്റവും മോശമായ രീതിയിൽ പോലും നമ്മുക്ക് സാരി ഉടുക്കാൻ പറ്റും. വളരെ സെക്സിയായിട്ട് വേണമെങ്കിൽ പോലും സാരി ധരിക്കാം. അപ്പോൾ അതിലൊന്നുമല്ല കാര്യം. എനിക്ക് തോന്നുന്നത് വസ്ത്രമല്ല, ഒരാളുടെ പെരുമാറ്റ രീതിയാണ് അന്തസിനോട് ചേർത്ത് വെച്ച് വായിക്കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്.

നമ്മളോട് എത്ര അടുപ്പം പുലർത്തുന്ന ആളായാലും നമ്മുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇടപെടുന്നുണ്ടെങ്കിൽ ഇവർക്ക് മറുപടി നൽകണം.അത് എത്ര അടുപ്പം ഉള്ളവരോടാണെങ്കിലും അക്കാര്യം ഞാൻ നോക്കും എന്ന് പറയണം. ഇല്ലേങ്കിൽ ദിവസം കഴിയുന്തോറും അവരുടെ ഇടപെടൽ കൂടിക്കൊണ്ടേയിരിക്കും. വലിയ വലിയ ആവശ്യങ്ങളായിരിക്കും അവർ പറയുക. അതും നമ്മൾ കേൾക്കേണ്ടി വരും.
നമ്മുടെ ശരീരം നമ്മുടേത് മാത്രമാണ്. അതിനാൽ എന്ത് ധരിക്കണം എങ്ങനെ നടക്കണം, എന്ത് ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം എന്നതൊക്കെ നമ്മുടേത് മാത്രമായ കാര്യമാണ്, ഫറ ഷബ്ല പറഞ്ഞു.