
അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സൂര്യ ജെ മേനോന്‍. മലയാളത്തിലെ ആദ്യത്തെ ഡിജെകളില്‍ ഒരാളായ സൂര്യ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് ഷോ താരത്തിന്റെ കരിയറിലെ തന്നെ ഒരു ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു.
സീസണ്‍ 3 കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെങ്കിലും സൂര്യ ഇന്നും ടെലിവിഷന്‍ മേഖലയിലും അഭിമുഖങ്ങളിലും മറ്റും നിറഞ്ഞ് നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ അമൃത ടിവിയുടെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് തന്റെ കരിയറിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ പ്രേക്ഷകർക്ക് മുന്നില്‍ വീണ്ടും തുറന്ന് പറയുകയാണ് താരം.

കോളേജില്‍ പഠിക്കുന്ന കാലത്ത് മിസ് കേരള സൌന്ദര്യ മത്സരത്തിലൂടെയാണ് ഞാന്‍ കലാരംഗത്തേക്ക് എത്തുന്നത്. സത്യത്തില്‍ ക്ലാസ് കട്ട് ചെയ്യുന്നതിന് വേണ്ടിയാണ് മിസ് കേരള മത്സരത്തിലേക്ക് പോയത്. മുവാറ്റുപുഴ നിർമ്മല കോളേജിലായിരുന്നു പഠിച്ചത്. ആ സമയത്തൊക്കെ അത്യാവശ്യം ഡാന്‍സ് ചെയ്യുമായിരുന്നു. അങ്ങനെയിരിക്കേയാണ് എന്നെ മത്സരത്തിലേക്ക് വിടുന്നതെന്നും സൂര്യ പറയുന്നു.
ജ്യൂസില് മദ്യം ചേർത്തു: സ്പോണ്സർ അർധ രാത്രി റൂമില്, ട്രാപ്പില് നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യ

മത്സര വേദിയിലേക്ക് ചെന്ന് നോക്കിയപ്പോള്‍ വന്‍ ആളുകളാണ് എത്തിയിരിക്കുന്നത്. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നുമൊക്കെ വന്നവരാണ് മത്സരിക്കുന്നത്. എന്തായാലും ഞാന്‍ മത്സരിച്ചു. ആദ്യ ഘട്ടത്തില്‍ ഇരുപത് പേരില്‍ ഒരാളായി മാറി. പിന്നെ ഫൈനല്‍ മത്സരം വന്നപ്പോള്‍ നാലാം സ്ഥാനമാണ് എനിക്ക് ലഭിച്ചത്. എനിക്ക് തന്നെ വിശ്വാസം വന്നില്ല. അങ്ങനെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വരുന്നത്.

ആ നാലാം സ്ഥാനത്തോടെ എല്ലാവരും ശ്രദ്ധിച്ചു. ആ മത്സരത്തിനിടെ അത്യാവശ്യം ചർച്ചാ വിഷയമായ ഒരു ഉത്തരം ഞാന്‍ പറഞ്ഞിരുന്നു. പണമാണോ സ്നേഹമാണോ ജീവിതത്തില്‍ വലുതെന്ന ഒരു ചോദ്യം അവിടെയുണ്ടായിരുന്നു. എന്റെ അപ്പോഴത്തെ ജീവിതത്തില്‍ പണമായിരുന്നു എനിക്ക് വലുത്. ഒത്തിരി സാമ്പത്തികപരമായി ബുദ്ധിമുട്ടി വളർന്ന് വന്ന കുട്ടിയായിരുന്നു.

അതുകൊണ്ട് തന്നെ ആ ചോദ്യത്തിന് ഞാന്‍ പണമാണ് വലുതെന്ന ഉത്തരം പറഞ്ഞു. എനിക്ക് അരി വാങ്ങിക്കണമെങ്കില്‍ പലചരക്ക് കടക്കാരന്റെ മുമ്പില്‍ പോയി ചിരിച്ച് കാണിച്ചിട്ട് കാര്യമില്ലാലോ. പക്ഷെ ആ ഉത്തരം വലിയ വിവാദമായി. ഇപ്പോഴത്തെ തലമുറ പണത്തിന് പുറകിലേക്ക് പോകുന്നു എന്നൊക്കെ പറഞ്ഞായിരുന്നു വാർത്ത. അതുകൊണ്ട് എനിക്ക് ഗുണം മാത്രമാണ് ഉണ്ടായത്. വിവാദങ്ങള്‍ മനുഷ്യന്‍മാരെ വളർത്തും എന്നാണല്ലോയെന്നും സൂര്യ ചോദിക്കുന്നു.

ഒത്തിരി സിനിമകളും ഷോകളും ഒക്കെ ചെയ്തിരുന്നെങ്കിലും ആരും എന്നെ അങ്ങനെ തിരിച്ചറിയപ്പെട്ടിരുന്നില്ല. എവിടെയൊക്കെയോ കണ്ടിട്ടുല്ലല്ലോ എന്ന തോന്നല്‍ മാത്രാണ് ഉണ്ടായിരുന്നത്. ബിഗ് ബോസ് എന്ന ഷോയില്‍ വന്നതിന് ശേഷമാണ് റോഡില്‍ കൂടെ പോകുമ്പോള്‍ കുറച്ച് പേരെങ്കിലും വന്ന് സൂര്യയല്ലേ എന്ന് ചോദിക്കുന്നത്.

എല്ലാവരുടേയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്ന് പറയുന്നത് അമ്മയായിരിക്കും. എനിക്കും അങ്ങനെ തന്നെയാണ്. പക്ഷെ എനിക്ക് പല കാര്യങ്ങള്‍ നേടാന്‍ വേണ്ടി പോലും ഒരുപാട് സഹിച്ച വ്യക്തിയാണ് എന്റെ അമ്മ. കുട്ടിക്കാലത്ത് തന്നെ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. അരങ്ങേറ്റത്തിനും മറ്റ് പ്രോഗ്രാമുകള്‍ക്കുമൊക്കെ പോകുമ്പോള്‍ അമ്മയുടെ കയ്യില്‍ പൈസ ഉണ്ടാവുമായിരുന്നില്ല. അപ്പോള്‍ അമ്മ കയ്യിലെ ചെറിയ സ്വർണ്ണാഭരണങ്ങളൊക്കെ വിറ്റിട്ടാണ് പണം കണ്ടെത്തിയിരുന്നത്.

സിനിമയിലൊക്കെ കാണുന്നത് പോലെ തന്നെ അമ്മയുടെ പല ഇഷ്ടങ്ങളും വേണ്ട എന്ന് വെച്ചിട്ടാണ് എനിക്ക് പലതും നേടി തന്നത്. ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഏക കാരണം അച്ഛനും അമ്മയും ആയിരിക്കും. അവർ ഇരുവരും സമ്മതിക്കുന്ന ഒരു വിവാഹമായിരിക്കും ഞാന്‍ നടത്തുക. സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ ഒളിച്ചോടി പോകില്ല. ഞാന്‍ പറയുന്ന വ്യക്തിയെ തന്നെ അവർ സമ്മതിക്കുമെന്ന് ഉറപ്പുണ്ടെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.