'വുഷുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ചോ? എപ്പോള്‍?; മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്
ബിഗ് ബോസില്‍ ജീവിതകഥ തുറന്നപറഞ്ഞ റൗണ്ടില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. താന്‍ വുഷു ചാമ്പ്യനാണെന്നാണ് അനിയന്‍ മിഥുന്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മിഥുന്റെ അവകാശവാദം തെറ്റാണെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ശക്തമായി. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ബിഗ് ബോസ് തന്നെ മിഥുനോട് വിശദീകരണം തേടുന്ന ഏറ്റവും പുതിയ പ്രമോ വീഡിയോ വൈറലാകുകയാണ്.
ബിഗ് ബോസ് മിഥുനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് മിഥുനോട് നിജസ്ഥിതി ചോദിച്ചറിയുന്നത്. 'മിഥുന്‍ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വലിയ ചര്‍ച്ച വിഷയമായിരിക്കുകയാണ്. വുഷു എന്ന കായികവിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത്'- ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍വച്ച് ചോദിച്ചു. എന്നാല്‍ ഇതിന് മറുപടിയായി, താന്‍ സ്‌കൂള്‍ കാലം തൊട്ടാണ് ആരംഭിച്ചതെന്നായിരുന്നു മിഥുന്റെ മറുപടി.

രാജ്യത്തെ പ്രതിനിധീകരിച്ച് നിങ്ങള്‍ പങ്കെടുത്തത് ഏതൊക്കെ മത്സരങ്ങളിലാണെന്നും ആരായിരുന്നു സംഘടിപ്പിച്ചതെന്നും ബിഗ് ബോസ് ചോദിച്ചു. പേര് എനിക്ക്..എന്ന് മിഥുന്‍ പറയുന്നത് വരെയാണ് പ്രമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിഥുന്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായിട്ടാണ് ബിഗ് ബോസ് പരിശോധിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ഇതോടൊപ്പം ഒരു പ്രണയകഥയും മിഥുന്‍ പറഞ്ഞിരുന്നു. പാര കമാന്റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നെന്നും അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താന്‍ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ ആണ് മിഥുന്‍ ടാസ്‌കില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ അവതാരകന്‍ മോഹന്‍ലാല്‍ തന്നെ വിശദീകരണം തേടിയിരുന്നു.
താന്‍ ഒരു ലെഫ്‌നെന്റ് കേണലാണെന്നും പാര കമാന്‍ഡോയില്‍ ഒരു ലേഡി ഇല്ലെന്നും മോഹന്‍ലാല്‍ തീര്‍ത്തു പറഞ്ഞു. '1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്ററി എന്നിവയില്‍ ഒന്നും അല്ല.'- മോഹന്‍ലാല്‍ പറഞ്ഞു. എവിടെയായിരുന്നു ആര്‍മിക്കൊപ്പം എന്ന് ചോദിച്ചപ്പോള്‍. അനിയന്‍ ജമ്മുവിലായിരുന്നു എന്നാണ് പറഞ്ഞത്.
പിന്നാലെ തന്നെ തനിക്ക് ബിഗ് ബോസില്‍ തുടരാനാകില്ലെന്ന് അറിയിച്ച് അനിയന്‍ മിഥുന്‍ രംഗത്തെത്തിയിരുന്നു. 'മുന്നോട്ട് പോകണം ഇവിടെ നില്‍ക്കണം എന്ന ആഗ്രഹം തന്നെ ആയിരുന്നു. പക്ഷേ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും രീതിയില്‍ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം. ഞാനത് ന്യായീകരിക്കുക അല്ല. എനിക്ക് ഇവിടെ നിന്ന് ഇറങ്ങണം'- മിഥുന്‍ പറഞ്ഞു.












Click it and Unblock the Notifications