മമ്മൂട്ടിയുടെ 70 നേക്കാള്‍ തിളക്കം മഞ്ജുവിന്റെ 43 ന്! ഇതൊരു അപൂര്‍വ്വ തിരിച്ചുവരവിന്റെ കഥ, കരളുറപ്പിന്റേയും
മമ്മൂട്ടി എഴുപതാം പിറന്നാളില്‍ എത്തിയപ്പോള്‍ അത്ഭുതം കൂറുകയായിരുന്നു മലയാള സിനമാലോകം. അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയും ചുറുചുറുക്കും അഭിനയമികവും സൗന്ദര്യവും എല്ലാം ഈ എഴുപതാം വയസ്സിലും ഒരുമാറ്റവുമില്ലാതെ തുടരുമ്പോള്‍ ആരായാലും അത്ഭുതം കൂറിപ്പോകും.
എന്നാല്‍ അതിലേറെ അത്ഭുതം കൂറേണ്ട ഒരു ജീവിതമാണ് മഞ്ജു വാര്യരുടേയത്. മലയാളികളുടെ ഒരേയൊരു ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ 43-ാം വയസ്സില്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയ്ക്കും സിനിമയില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്കത്തും പുറത്തും ഉള്ള ആണധികാര സമൂഹത്തോട് പൊരുതിയാണ് മഞ്ജു വാര്യര്‍ എന്ന താരശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

നായികാ പദവിയ്ക്ക് ചെറിയ 'ആയുസ്സ്' മാത്രമുള്ള ഒരു സിനിമ വ്യവസായം ആയിരുന്നു മലയാളം. നായകന്മാര്ക്ക് ഒരിക്കലും പ്രായമാകാതിരിക്കുകയും നായികമാര്‍ വളരെ പെട്ടെന്ന് അമ്മ വേഷങ്ങളിലേക്കോ സഹോദരി വേഷങ്ങളിലേക്കോ ഒക്കെ മാറിപ്പോകുന്ന ഒരു വിചിത്രമായ സ്ഥിതി വിശേഷം മലയാളത്തില്‍ ഏറെ കാലമായിട്ടുണ്ട്. അറുപതാം വയസ്സില്‍ പ്രേം നസീര്‍ ചിലപ്പോള്‍ കോളേജ് കുമാരനായി അഭിനയിക്കും. പക്ഷേ, മുപ്പത്തിയഞ്ചാം വയസ്സില്‍ സ്ത്രീകള്‍ക്ക് ചിലപ്പോള്‍ അമ്മവേഷങ്ങളിലേക്ക് കടക്കേണ്ടി വരും.

നായികമാരുടെ തിരിച്ചുവരവുകളും മേല്പറഞ്ഞതുപോലെ ചില വേഷങ്ങളില്‍ മാത്രമായിരുന്ന സമയത്താണ്, അതെല്ലാം കീഴ്മേല്‍ മറിച്ച് ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. മറ്റാരും അല്ല, മഞ്ജു വാര്യര്‍ തന്നെ. തിരിച്ചുവരവിന്റെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റ് ആക്കി മാറ്റുകയും ചെയ്തു. ഒരുപക്ഷേ, തെന്നിന്ത്യന്‍ സിനിമാ ലോകത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്ത ഒന്നുതന്നെ ആയിരുന്നു അത്.

സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവിനും ഉണ്ടായിരുന്നു ചില പ്രത്യേകതകള്‍. മഞ്ജുവിന് സിനിമയില്‍ അവസരം കൊടുക്കരുത് എന്ന് പലതരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞുനിന്ന സമയമായിരുന്നു അത്. ആദ്യ സിനിമയ്ക്ക് ശേഷം, മറ്റൊരു സിനിമ മഞ്ജുവിന് ലഭിക്കുമോ എന്ന് പോലും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. മഞ്ജു വാര്യര്‍ക്കൊപ്പം സഹകരിക്കുകയോ അഭിനയിക്കുകയോ ഇല്ലെന്ന് പല പ്രമുഖ നടന്മാര് വരെ പറഞ്ഞ കാലമായിരുന്നു അത് എന്ന് കൂടി ഓര്‍ക്കണം. എന്നാല്‍ പിന്നീട്, അവരും മഞ്ജുവിനൊപ്പം അഭിനയിക്കുന്നത് കാലം കാണിച്ചുതന്നു.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്; വിഷമത്തിലാണോ എന്ന് ആരാധകര്‍

നായകന്മാര്ക്ക് വേണ്ടി സിനിമകള്‍ സൃഷ്ടിക്കപ്പെടുക എന്നതായിരുന്നു അതുവരെയുള്ള കീഴ് വഴക്കം. എന്നാല്‍ മഞ്ജു വാര്യരുടെ വരവോടെ, അതിലും വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു. മഞ്ജുവാര്യരെ മുന്നില്‍ കണ്ടുകൊണ്ട് മാത്രം സിനിമകള്‍ ഒരുങ്ങി. അതില്‍ പലതും തീയേറ്ററുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച. ചിലത് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിച്ചില്ലെങ്കിലും നിരൂപക ശ്രദ്ധ നേടി. ചിലത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. എന്നിട്ടും മഞ്ജു വാര്യര്‍ക്ക് വേണ്ടി ഇപ്പോഴും സിനിമകള്‍ ഒരുങ്ങുന്നു എന്നത് അവരുടെ പോരാട്ടത്തിന്റെ വിജയമാണ്.

പതിനേഴാം വയസ്സില്‍ സാക്ഷ്യം എന്ന സിനിമയിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ അരങ്ങേറ്റം. നയികയായി ആദ്യമെത്തിയ സിനിമ സല്ലാപം ആയിരുന്നു. ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ച സിനിമയായിരുന്നു അത്. 1996 ല്‍ ആയിരുന്നു സല്ലാപം പുറത്തിറങ്ങുന്നത്. 1999 ല്‍ മഞ്ജു വാര്യര്‍ ദിലീപിനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ആകെ അഭിനയിച്ചത് ഇരുപതോളം സിനിമളില്‍ ആയിരുന്നു. വെറും ഇരുപതോളം സിനിമകള്‍ എന്ന് പറഞ്ഞാല്‍ പോര, എണ്ണംപറഞ്ഞ ഇരുപതോളം സിനിമകള്‍. അതില്‍ പലതും സൂപ്പര്‍ മെഗാ ഹിറ്റുകളും ആയി.

സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് രണ്ട് തവണ സംസ്ഥാന യുവജനോത്സവത്തില്‍ കലാപ്രതിഭയായിരുന്ന മഞ്ജു വാര്യര്‍, വിവാഹത്തിന് ശേഷം നൃത്ത വേദികളില്‍ പോലും മുഖം കാണിച്ചിരുന്നില്ല. ഒടുവില്‍ 2012 ല്‍, നീണ്ട 13 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം അവര്‍ ആദ്യമായി ചിലങ്കയണിഞ്ഞു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മഞ്ജു വാര്യര്‍ കുച്ചിപ്പുടിയാടിയപ്പോള്, അതിനെ പരിഹസിക്കാന്‍ സിനിമയിലേയും സമൂഹത്തിലേയും ചില ആണ്കോയ്മക്കാര് മുന്നിലുണ്ടായിരുന്നു. ഇതിന് പിറകെയാണ് കല്യണ്‍ ജ്വല്ലേഴ്സിന്റെ പരസ്യ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. അതിനെതിരേയും പലതരത്തിലും പ്രചാരണവേലകള്‍ ആയിരുന്നു അരങ്ങേറിയത്.

ദിലീപുമായുള്ള വിവാഹ ബന്ധത്തിലെ വിള്ളലുകള്‍ ആയിരുന്നു സിനിമ മേഖലയിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവിന് വഴിവച്ചത്. ഇത് തന്നെ ആയിരുന്നു സിനിമയില്‍ മഞ്ജുവിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചത്. ഒടുവില്‍ റോഷന് ആന്‍ഡ്ര്യൂസിന്റെ 'ഹൗ ഓള്‍ഡ് ആര് യു' വിലൂടെ തിരിച്ചുവരുമ്പോള്‍, നീണ്ട 15 വര്‍ഷത്തെ ഇടവേളയായിരുന്നു മഞ്ജുവും മലയാള സിനിമയും തമ്മില്‍ ഉണ്ടായിരുന്നത്. ഒരു ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ജനനം കൂടിയായിരുന്നു ആ സിനിമ.

തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച് പുറത്തിറങ്ങിയത് 18 സിനിമകള്‍ ആണ്. അതില്‍ പതിനൊന്നെണ്ണവും മഞ്ജു വാര്യര്‍ക്ക് വേണ്ടി എഴുതപ്പെട്ട സിനിമകള്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. മറ്റ് സിനിമകളില്‍ എല്ലാം നായകന് തുല്യ പ്രാധാന്യമുള്ള റോളുകള്‍ ആയിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. മറ്റേതെങ്കിലും ഒരു നായികയ്ക്ക് വേണ്ടി ഇന്ത്യന്‍ സിനിമയില്‍ ഇത്രയധികം കഥകള്‍ എഴുതപ്പെട്ടിട്ടുണ്ടാകുമോ എന്ന് പോലും സംശയമാണ്. അതും അവരുടെ നാല്പതുകള്ക്ക് വേണ്ടി.

നിലപാടുകളുടെ പേരിലും മഞ്ജു വാര്യര്‍ ഈ തിരിച്ചുവരവില്‍ ഒരു പ്രതീകമായി മാറി. നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍, അതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് മഞ്ജു വാര്യര്‍ ആയിരുന്നു. പിന്നീട് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സ്ത്രീകളുടെ സിനിമ കൂട്ടായ്മയുടെ രൂപീകരണത്തിലും നിര്‍ണായക പങ്കുവഹിച്ചത് മഞ്ജു വാര്യര്‍ തന്നെ. അന്നെടുത്ത നിലപാടുകളിലും ഡബ്ല്യുസിസിയിലും മഞ്ജു വാര്യര്‍ ഉറച്ചുനിന്നോ എന്ന ചോദ്യം ഇന്നും പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഡബ്ല്യുസിസി ഇപ്പോഴും മഞ്ജു വാര്യരെ തള്ളിപ്പറഞ്ഞിട്ടില്ല. ആക്രമിക്കപ്പെട്ട നടിയും അങ്ങനെ തന്നെ.

സമീപകാല ചരിത്രത്തില്‍ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത വിവാഹവും വിവാഹ മോചനവും ഒരുപക്ഷേ മഞ്ജു വാര്യരുടേയും ദിലീപിന്റേയും ആയിരിക്കും. 1999 ല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരുടേയും വിവാഹം. 2015 ല്‍ ഇരുവരുടേയും നിയമപരമായ വിവാഹ മോചനവും മലയാളികള്‍ക്ക് വലിയ ഷോക്ക് ആയിരുന്നു. വിവാഹ മോചനത്തില്‍ പോലും മഞ്ജു വാര്യര്‍ സ്വീകരിച്ച നിലപാടുകള്‍ അത്രയേറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications