Plus Two Result: പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി ഫലം ഇന്ന്, പരിശോധിക്കാന്‍ 8 വഴികള്‍
തിരുവനന്തപുരം: 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് അറിയാം. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഇത്തവണ 4,32,436 കുട്ടികളാണ് ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം കാത്തിരിക്കുന്നത്.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

അതേസമയം, സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ കെ എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.
മലബാർ മേഖലയില്‍ ഇത്തവണയും സീറ്റ് തികയുമോയെന്ന ആശങ്ക ശക്തമാണ്. എന്നാല്‍ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ട്. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കിയത്.
പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളത്. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications