സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി പുരുഷന്മാരെക്കാള്‍ സ്ത്രീകളിലെന്ന് പഠനം
പ്യോങ്ഗ്യാങ്: ദൈനം ദിന ജീവിതത്തിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ കടന്നുവരവ് പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കുമിടയാക്കിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് അടിമകളായിട്ടുള്ളതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ പ്രതിദിനം നാല് മണിക്കൂര്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
ദക്ഷിണ കൊറിയയില്‍ നടത്തിയിട്ടുള്ള പഠനത്തിന്റെ ഫലങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സര്‍വ്വേയില്‍ പങ്കെടുത്ത 52 ശതമാനം സ്ത്രീകളും പ്രതിദിനം നാല് മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പുരുഷന്മാര്‍ക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ തോത് 29.4 ശതമാനമാണ്. സ്ത്രീകള്‍ക്കിടയില്‍ 22.9 ശതമാനം പേര്‍ പ്രതിദിനം ആറ് മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കുന്നവരും പുരുഷന്മാര്‍ക്കിടയില്‍ 10.8 ശതമാനം പേര്‍ ആറ് മണിക്കൂര്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുമാണ്.

ദക്ഷിണ കൊറിയയിലെ അജൗ സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ ചാങ് ജേ-യോണ്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ആറ് കോളേജില്‍ നിന്നായി 1.236 വിദ്യാര്‍ത്ഥികളെയാണ് സര്‍വ്വേയില്‍ പങ്കെടുപ്പിച്ചത്. കൗമാര പ്രായക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലും സമാനഫലം തന്നെയാണ് ലഭിച്ചത്. സമയാസമയങ്ങളില്‍ തങ്ങള്‍ക്കരികില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മാറ്റി വെയ്ക്കാനാണ് ഗവേഷക നല്‍കുന്ന നിര്‍ദ്ദേശം.
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രവേശിക്കാനാണ് സ്ത്രീകള്‍ ഏറെ സമയവും സ്മാര്‍ട്ട്‌ഫോണുകളുപയോഗിക്കുന്നത്. ഇതിന് പുറമേ ഫോണ്‍ വിളിക്കാനും ഗെയികള്‍ കളിക്കുന്നതിനും സെര്‍ച്ച് ചെയ്യുന്നതിനുമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്. ഫോണിന്റെ സ്‌ക്രീനില്‍ നോക്കിക്കൊണ്ട് മറ്റുള്ളവരോട് സംസാരിക്കുന്ന സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്കിടയില്‍ ഇടവേളകളിലാണ് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാതിക്കുമ്പോള്‍ തങ്ങള്‍ക്ക അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നതായി 20.1 ശതമാനം സ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നു. 8.9 ശതമാനം പുരുഷന്മാരും ഇതേ പ്രശ്‌നം അനുഭവിക്കുന്നവരാണ്. ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അടിമപ്പെട്ടിട്ടുള്ളവര്‍ക്ക് മറ്റെന്തെങ്കിലും ഹോബികളിലേക്ക് തിരിയുന്നതോടുകൂടി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കഴിയുമെന്നും ഗവേഷക മുന്നറിയിപ്പെന്നോണം ചൂണ്ടിക്കാണിക്കുന്നു. പരസ്പരം ആശയവിനിമയം നടത്താനും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സമയം ചെലവിടാനുമുള്ള പ്രവണത പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണുള്ളത്, ഇത് സ്ത്രീകളെ ഇവയ്ക്ക് പിന്നില്‍ ആശ്രയത്വം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.












Click it and Unblock the Notifications