കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിലെ ബീറ്റില്‍സ് മാനിയയ്ക്ക് 40

  • By Super
Google Oneindia Malayalam News

ബീറ്റില്‍സ് എന്ന യുവഗായകസംഘം യുഎസ് മണ്ണില്‍ ആദ്യമായി കാലുകുത്തിയ ചരിത്രസംഭവത്തിന് 40 വയസ്സ് തികഞ്ഞു. 1964 ഫിബ്രവരി ഏഴിനാണ് ബീറ്റില്‍സ് ആദ്യമായി ബ്രിട്ടനില്‍ നിന്ന് യുഎസിലേക്ക് റോക്ക് സംഗീതപരിപാടി അവതരിപ്പിയ്ക്കാന്‍ പോകുന്നത്. അമേരിക്കയെ ആകെ ഇളക്കിമറിയ്ക്കുന്ന സംഗീത പരിപാടിയായി അത് മാറുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ ബീറ്റില്‍സ് യുഎസിലെ യുവത്വത്തെ മുഴുവന്‍ ഭ്രാന്തുപിടിപ്പിയ്ക്കുകയായിരുന്നു. അത്രയ്ക്ക് ആവേശമായിരുന്നു ബീറ്റില്‍സ് ഷോ കാണാന്‍.

1964 ഫിബ്രവരി ഏഴിന് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറന്ന പാന്‍ ആം വിമാനം 101ലെ നാല് ചെറുപ്പക്കാര്‍ ഇത്രയും വലിയ വികാരം യുഎസില്‍ വിതയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ല. ജോണ്‍ ലെനന്‍, പോള്‍ മക്ാര്‍ട്നി, ജോര്‍ജ്ജ് ഹാരിസണ്‍, റിംഗോ സ്റാര്‍- ഈ നാല് ചെറുപ്പക്കാരും യുഎസിലേക്ക് പോയതുപോലെയല്ല മടങ്ങിവന്നത്. അവരുടെ താരമൂല്യം എത്രയോ മടങ്ങ് വര്‍ധിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ കാര്‍ണി ഹാള്‍ എഡ് സള്ളിവന്‍ എന്നയാള്‍ ബുക്ക് ചെയ്തത് ഒരു സാധാരണ ബാന്റിന്റെ സംഗീത പരിപാടി എന്ന നിലയിലായിരുന്നു. 1964 ഫിബ്രവരി ഒമ്പതിനായിരുന്നു കാര്‍ണി ഹാളിലെ പരിപാടി. അവിടുത്തെ 728 സീറ്റുകളും ചെറുപ്പക്കാരെ ക്കൊണ്ട് നിറഞ്ഞിരുന്നു. സീറ്റില്ലാതെ മറ്റ് ധാരാളം പേര്‍ നില്ക്കുന്നുമുണ്ടായിരുന്നു. കാര്‍ണി ഹാളില്‍ നിന്ന് യുഎസിലാകെ ബീറ്റില്‍സ് ലഹരി പടര്‍ന്നുപിടിയ്ക്കുകയായിരുന്നു. അന്ന് യുഎസ് ടെലിവിഷനില്‍ ഈ സംഗീതപരിപാടി സംപ്രേഷണം ചെയ്തിരുന്നു. ബീറ്റില്‍സിന്റെ സംഗീത പരിപാടി നടക്കുകയായിരുന്ന മണിക്കൂറുകളില്‍ ഒരൊറ്റ കുറ്റകൃത്യം പോലും യുഎസില്‍ നടന്നില്ലെന്നതാണ് ഒരു കണ്ടെത്തല്‍.

ബ്രിട്ടനില്‍ നിന്ന് ബീറ്റില്‍സ് സംഘം യുഎസിലേക്ക് പോകുമ്പോള്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി വെടിയേറ്റ് മരിച്ചിട്ട് 77 ദിവസം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ദു:ഖമൂകമായ യുഎസിന് എന്തെങ്കിലും ഒരു പ്രതീക്ഷ, ഒരു സന്തോഷം അത്യാവശ്യമായിരുന്നു. അതെ, ബീറ്റില്‍സ് അമേരിക്കയുടെ ആകെ പ്രതീക്ഷയും ആഹ്ലാദവും ആയി മാറുകയായിരുന്നു. പക്ഷെ കെന്നഡി കൊല്ലപ്പെട്ടിരുന്നില്ലെങ്കിലും ബീറ്റില്‍സ് അമേരിക്കയെ കീഴടക്കുമായിരുന്നുവെന്ന് ദ ബീറ്റില്‍സ് കം ടു അമേരിക്ക എന്ന പുസ്തകം എഴുതിയ മാര്‍ട്ടിന്‍ ഗോള്‍ഡ് സ്മിത്ത് പറയുന്നു.

അവിടുത്തെ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനം നേടിയശേഷം വേണം അമേരിക്കയിലേക്ക് പോകാനെന്ന് ജോണ്‍ ലെനന് നിര്‍ബന്ധമുണ്ടായിരുന്നു. ഐ വാണ്ട് ടു ഹോള്‍ഡ് യുവര്‍ ഹാന്റ് എന്ന ബീറ്റില്‍സ് ഗാനം യുഎസിലെ മ്യൂസിക് ചാര്‍ട്ടില്‍ ഒന്നാമതെത്തിയപ്പോഴായിരുന്നു യുഎസില്‍ ഇവരുടെ ഷോ സംഘടിപ്പിച്ചത്. ഇതും ബീറ്റില്‍സിനോട് താരാധന വളര്‍ത്തിയതിന് ഒരു കാരണമാണ്.

അന്ന് കാര്‍ണിഹാളില്‍ ലൈവ് പ്രോഗ്രാം റിക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് സദസ്സിലെ ബഹളം കാരണം വ്യക്തമായി റിക്കാര്‍ഡ് ചെയ്യാന്‍ പോലും കഴിഞ്ഞില്ലത്രേ. സംഗീതപരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കൂക്കിവിളികളും കയ്യടികളും കൊണ്ട് ഹാള്‍ മുഖരിതമായിരുന്നുവത്രേ.

ലെനനും മക്ാര്‍ട്നിയും അപാരകഴിവുള്ള ഗാനരചയിതാക്കളും സംഗീതസംവിധായകരും ആയിരുന്നു. അവരുടെ ഓരോ ഗാനങ്ങളും യുവത്വത്തെ ഇളക്കിമറിക്കുന്നതായിരുന്നു. ഐ വാണ്ട് ടു ഹോള്‍ഡ് യുവര്‍ ഹാന്റ് ഇതിന് ഉദാഹരണമാണ്. ഗാനത്തിലെ നാടകീയത മുഴുവന്‍ പ്രത്യേക ആലാപനശൈലിയിലൂടെ ആവാഹിയ്ക്കാന്‍ പോള്‍ മക്ാര്‍ട്നിയ്ക്ക് കഴിഞ്ഞു. ബീറ്റില്‍സിന്റെ യുഎസ് പര്യടനത്തെക്കുറിച്ച് മാത്രം പുസ്തകമെഴുതിയ മാര്‍ട്ടിന്‍ ഗോള്‍ഡ്സ്മിത്ത് പറയുന്നത് ഇതാണ്: അവരുടെ ഗാനങ്ങള്‍ അപാരമായിരുന്നു. അത് എന്നും അതുപോലെ തുടരും.

ഒരു പക്ഷെ പണവും മാധ്യമപ്രചാരണങ്ങളും ബീറ്റില്‍സിനെ സഹായിച്ചിട്ടുണ്ടായിരിക്കാം. ബീറ്റില്‍സിന്റെ യുഎസ് പര്യടനം പ്രൊമോട്ട് ചെയ്യാന്‍ 50,000 ഡോളര്‍ ആണ് ചെലഴിച്ചത്.

എന്തായാലും ബീറ്റില്‍സിന്റെ ഈ വരവ് പുതിയ ഒരു യുവത്വത്തിന്റെ യുഗത്തിന് വഴിതെളിയിച്ചു എന്നാണ് വിലയിരുത്തല്‍. അതുവരെ ചെറുപ്പത്തിന്റെ പോപ് സംഗീതത്തെ ആരും ഗൗരവമായി എടുത്തിരുന്നില്ല. ബീറ്റില്‍സിന്റെ വരവ് ഈ ധാരണകളെ മാറ്റിമറിച്ചു. ബീറ്റില്‍സിന് പിന്നാലെ സ്ത്രീവിമോചനം, ലൈംഗികതയുടെ രംഗത്തുള്ള വിപ്ലവം, വിയറ്റ്നാം യുദ്ധം തുടങ്ങി ഒട്ടേറെ മാറ്റങ്ങളുടെ കാറ്റ് പുതിയ തലമുറയ്ക്ക് മീതെ വന്നു വീണു. അതെ ബീറ്റില്‍സ് ഒരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു. ഒരു പക്ഷെ ബീറ്റില്‍സ് ലോകത്തിന് മേല്‍ സംഭവിയ്ക്കേണ്ടിയിരുന്ന ഒരു വലിയ വിധിയായിരുന്നിരിക്കാം!.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X