• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജീവിതം തിരിച്ചു പിടിക്കാന്‍ നാടകം വീണ്ടെടുക്കണം

  • By Ravi Nath

അടൂര്‍ ഗോപാലകൃഷ്‌ണന്‍ സിനിമയുടെ വക്താവെങ്കിലും അദ്ദേഹം നാടകത്തെ കുറിച്ചു പറഞ്ഞ കാര്യം വളരെ ശരിയായ നിരീക്ഷണമാണ്‌. സിനിമയും ടിവിയും കാഴ്‌ചയുടെ അതോറിറ്റിയായി മാറിയതോടെ ഏറ്റവും തീക്ഷണമായ കാഴ്‌ച അനുഭവം സമ്മാനിക്കുന്ന നാടകം തകര്‍ച്ചയുടെ വഴിയിലായി.

ഒരു കാലത്ത്‌ ജനസമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ക്ക്‌ പൂര്‍ണ്ണതയേറ്റിയ നാടകങ്ങള്‍ അവ അനുവര്‍ത്തിച്ച സ്വാതന്ത്ര്യമാര്‍ന്ന കാഴ്‌ച അവസരങ്ങള്‍ കൊണ്ട്‌ കൂടിയാണ്‌ തകര്‍ച്ചയെ നേരിട്ടത്‌. നാടകം പൊതുമൈതാനിയില്‍, അമ്പലപറമ്പില്‍, പാര്‍ട്ടി പരിപാടികളില്‍, മത്സരവേദികളില്‍ എല്ലാം തന്നെ സൗജന്യമായി കാണാനുള്ള അവസരങ്ങള്‍ ഒരുക്കി പ്രേക്ഷകരുമായ്‌ വലിയ ആത്മബന്ധം സൂക്ഷിച്ചുപോന്നു. ഇത്‌ നാടകത്തിനെ വിലയില്ലാതാക്കി എന്നാണ്‌ അടൂര്‍ പ്രസ്‌താവിച്ചത്‌.

ഇത്‌ സത്യവുമാണ്‌. അമച്വര്‍ നാടകങ്ങള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും ഇന്ന്‌ ദുനരനുഭവങ്ങള്‍ മാത്രമേ പങ്കുവെക്കാനുള്ളൂ. നഷ്ടങ്ങളുടേയും കഷ്ടപ്പാടുകളുടേയും കഥകളെ പറയാനുള്ളൂ. പറമ്പില്‍ പണിക്കു പോകുന്നവന്റെ പ്രതിഫലം പോലും ലഭിക്കുന്നില്ല ഒരു നാടകനടന്‌, നാടക കലാകാരന്‌. നാടകത്തോടുള്ള ഒടുങ്ങാത്ത ഇഷ്ടം കൊണ്ട്‌ മാത്രമാണ്‌ പലരും ഇന്നും ഈ രംഗത്ത്‌ തുടരുന്നത്‌.

സംഗീത നാടക അക്കാദമി നാടകത്തെ ഫലപ്രദമായ്‌ പരിപോഷിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നില്ല. ആദ്യകാലം മുതലേ ഒരു തിയറ്റര്‍ അനുഭവമാക്കി നാടകം മാറ്റിയിരുന്നെങ്കില്‍ ഇന്ന്‌ കേരളത്തില്‍ സ്ഥിരം തിയറ്ററുകള്‍ ഉണ്ടാകുമായിരുന്നു. കാര്യങ്ങള്‍ ഇത്രമേല്‍ ഗുരുതരമായിട്ടും നാടകത്തെ സംരക്ഷിക്കാന്‍ ഇനിയും സ്ഥിരം തിയറ്റര്‍ സംരംഭങ്ങള്‍ ഉണ്ടായിട്ടില്ല എന്നത്‌ ഖേദകരമാണ്‌.

ലണ്ടന്‍ പോലുള്ള ലോകത്തിലെ വന്‍നഗരങ്ങളില്‍ സിനിമയേക്കാള്‍ നാടക തിയേറ്ററുകളിലാണ്‌ ജനം ഇരമ്പിയെത്തുന്നത്‌. ലോകത്തിലെ വ്യത്യസ്‌ത ഭാഗത്തു നിന്നുള്ള നാടകങ്ങള്‍ അവിടെ നിത്യവും അരങ്ങേറുന്നു. മാസങ്ങള്‍ക്കു മുമ്പേ ടിക്കറ്റുകള്‍ റിസര്‍വ്വ്‌ ചെയ്‌ത്‌ ആളുകള്‍ കാത്തിരിക്കുന്നു.

കാഴ്‌ചയുടെ ഏറ്റവും സത്യസന്ധമായ അനുഭവ സാക്ഷ്യത്തെ, അത്യന്തം പരീക്ഷണങ്ങള്‍ സാധ്യമാക്കുന്ന വേദിയെ, ഇന്ന്‌ വെല്ലുവിളിക്കുന്നത്‌ വഷളാക്കപ്പെട്ട സിനിമയും ടെലിവിഷന്‍ കാഴ്‌ചകളുമാണ്‌. ഓരോ നാടകവും ഓരോ അനുഭവമായി മാറുമ്പോള്‍ വര്‍ഷത്തില്‍ എണ്‍പതു സിനിമകളില്‍ പത്തെണ്ണം പോലും മികച്ച കാഴ്‌ച അനുഭവം പങ്കുവെക്കുന്നില്ല.

സീരിയല്‍ എന്ന മഹാദുരന്തം ഓരോ എപ്പിസോഡിലൂടെയും വിളംബരം ചെയ്യുന്ന ഗുരുതരമായ കുടുംബ ഛിദ്രങ്ങളുടെ അപഹാസ്യതയ്‌ക്ക്‌ കണ്ണും കാതും സമര്‍പ്പിക്കുന്നവര്‍ എന്നാണ്‌ മുക്തി നേടുക എന്നറിയില്ല. കുടുംബത്തിനകത്ത്‌ ടിവിക്ക്‌ അനുവദിച്ച സ്വാതന്ത്ര്യം അത്‌ പരമാവധി മുതലെടുത്തു കുടുംബങ്ങള്‍ ശിഥിലമാക്കി കൊണ്ടേയിരിക്കുന്നു.

കച്ചവടത്തിനപ്പുറം കാര്യമാത്ര പ്രസക്തമായ ഒന്നും മുന്നോട്ട്‌ വെക്കാന്‍ ചാനലുകള്‍ തയ്യാറാവുന്നില്ല. നാടകം തിരിച്ച്‌ പിടിക്കുക എന്നാല്‍ ജീവിതം തിരിച്ചു പിടിക്കുകയാണ്‌. മലയാളി അതിന്‌ തയ്യാറാവേണ്ടിയിരിക്കുന്നു.

English summary
When more people got attracted to cinemas, tele serials and other tv programmes the number of viewers of drama gradually decreased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more