സ്റ്റേജ് കിട്ടിയപ്പോള്‍ ആളാകാന്‍ വേണ്ടി പറഞ്ഞത്, പബ്ലിസിറ്റി സ്റ്റണ്ട്; അലന്‍സിയര്‍ക്കെതിരെ ധ്യാന്‍
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലെ നടന്‍ അലന്‍സിയറുടെ വിവാദ പ്രസംഗത്തിന് എതിരെ ധ്യാന്‍ ശ്രീനിവാസന്‍. ഭിന്നാഭിപ്രായമുണ്ടെങ്കില്‍ അത്തരം ചടങ്ങുകള്‍ ബഹിഷ്‌കരിക്കുകയാണ് വേണ്ടത് എന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങിനിടെയായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം.
അലന്‍സിയറുടേത് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്നും ഒരു സ്റ്റേജ് കിട്ടുമ്പോള്‍ പലര്‍ക്കും ഒന്ന് ആളാകാനും എന്തേലും പറഞ്ഞൊന്ന് ഷൈന്‍ ചെയ്യാനും തോന്നും എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. അതിനെതിരെ നടപടിയെടുക്കേണ്ടത് സിനിമാ സംഘടനകളല്ല എന്നും ഇവിടത്തെ ഭരണ സംവിധാനങ്ങളാണ് എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'അത്തരം അഭിപ്രായമുണ്ടെങ്കില്‍ നമ്മള്‍ ആ പരിപാടിക്ക് പോകാതിരിക്കണം. അത് ബഹിഷ്‌കരിക്കുക എന്നൊക്കെ പറയുന്നത് പോലെ. പോയിട്ട് അത് വാങ്ങിച്ചിട്ട് ഇത് പറയാന്‍ വേണ്ടി പറഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്. പിന്നെ ഒരു സ്റ്റേജ് കിട്ടുമ്പോള്‍ പലര്‍ക്കും ആളാകാനും ഷൈന്‍ ചെയ്യാനുമൊക്കെ തോന്നും.
എനിക്ക് അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തോന്നിയത്. അതിന് നടപടിയെടുക്കേണ്ടത് സിനിമാ സംഘടനകളല്ല. സ്റ്റേറ്റ് അവാര്‍ഡ് ഫംഗ്ഷന് പോയിട്ട് ഇവിടത്തെ സിസ്റ്റമല്ലേ അതിന് നടപടിയെടുക്കേണ്ടത്. അത് എടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല,' എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പെണ്‍പ്രതിമ നല്‍കി തങ്ങളെ പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണമെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞ ശില്‍പം വേണം എന്നും അവാര്‍ഡ് തുക 25000 രൂപയില്‍ കൂട്ടണമെന്ന് ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുകയാണ് എന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.
ഇതാണ് വിവാദമായത്. അലന്‍സിയറുടെ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് എന്നും ഖേദം പ്രകടിപ്പിക്കണമെന്നും നിരവധി കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന അലന്‍സിയറുടെ പ്രസംഗത്തില്‍ വേദിയില്‍ ആരും മറുപടി നല്‍കാത്തതും വിവാദമായിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. തന്നെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു. മലയാള സിനിമയിലെ ഏക പീഡകന്‍ താനല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications