മുംബൈ പൊലീസിലെ കഥാപാത്രത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
മുംബൈ പൊലീസ് സിനിമയിലെ സ്വവര്‍ഗാനുരാഗി എന്ന കഥാപാത്രത്തെ ഏറ്റെടുത്തതിന്റെ പേരില്‍ അന്ന് താന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു എന്ന് പൃഥ്വിരാജ്. ഗാലട്ട മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. എന്തിനാണ് ഇത്തരം ഒരു വേഷം ചെയ്തത് എന്നാണ് തന്നോട് സിനിമ ചെയ്തത് റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ പലരും ചോദിച്ചിരുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ചോദ്യം മാറി നിങ്ങള്‍ ഈ കഥാപാത്രം ചെയ്യാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു എന്ന് പറയാന്‍ തുടങ്ങി എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. തിരക്കഥ എഴുതിയ ബോബി സഞ്ജയ്യും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും സിനിമയുടെ അവസാന 20 മിനിറ്റിന് മുന്‍പ് സ്റ്റക്ക് ആയി നിന്നു. തിരക്കഥ ഇനി എങ്ങനെ കൊണ്ടുപോകണം എന്ന് അറിയാതെ അവര്‍ കുഴങ്ങി.

ഒരിക്കല്‍ റോഷന്‍ തന്നെ വിളിച്ച് സിനിമയുടെ മെറിറ്റിന് വേണ്ടി എന്തും ചെയ്യുമെന്ന് ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ എന്ന് വിളിച്ച് ചോദിക്കുകയായിരുന്നു എന്നും താന്‍ അതെ എന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ ഒരു ട്വിസ്റ്റ് വിശദീകരിക്കുകയായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് അവരുടെ ഐഡിയ വളരെ സൂക്ഷ്മതയോടെ തന്നോട് പറയുമ്പോള്‍ ആദ്യം തന്നെ കൈയടിക്കുകയായിരുന്നു താന്‍ ചെയ്തത് എന്ന് പൃഥ്വിരാജ് പറയുന്നു.
'ഇത് അസാധ്യ ട്വിസ്റ്റ് ആണ് നമുക്കിത് ചെയ്യാം എന്ന് ഞാന്‍ അവരോടു പറഞ്ഞു. ഒരു താരം ഇത്തരത്തില്‍ ഒരു ട്വിസ്റ്റില്‍ അഭിനയിക്കുന്നതിന്റെ അസ്വാഭാവികതയെ കുറിച്ചല്ല അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരിക്കും എന്നെനിക്ക് തോന്നി,' പൃഥ്വിരാജ് പറയുന്നു. എന്നാല്‍ ഇന്ന് ഇത്തരത്തിലൊരു ട്വിസ്റ്റ് വര്‍ക്ക് ചെയ്യില്ലെന്നും പൃഥ്വിരാജ് ഉറപ്പിച്ച് പറഞ്ഞു.
ആ ട്വിസ്റ്റിന് പ്രേക്ഷകരെ ഞെട്ടിക്കാന്‍ കഴിയുന്ന ഒരു മൂല്യം ഇന്നില്ല എന്നതിനാലാണ് അത് എന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് മുംബൈ പൊലീസെന്നും തന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അത് എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഇന്നും ആ സിനിമയെപ്പറ്റി സംസാരിക്കുന്നു എന്നതാണ് മുംബൈ പൊലീസിന്റെ വിജയം എന്നും പൃഥ്വിരാജ് പറഞ്ഞു.
2013 ല്‍ പുറത്തിറങ്ങിയ മുംബൈ പൊലീസില്‍ പൃഥ്വിരാജിനൊപ്പം ജയസൂര്യ, റഹ്‌മാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും സിനിമ സ്വന്തമാക്കിയിരുന്നു.












Click it and Unblock the Notifications